TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് അറിയുമോ ജാബിദ ബീഗത്തിന്റെ ജീവിതം, 'കാത്തിരിക്കുന്നത് തടങ്കൽപാളയം'

പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് അറിയുമോ ജാബിദ ബീഗത്തിന്റെ ജീവിതം, കാത്തിരിക്കുന്നത് തടങ്കൽപാളയം

കഴിഞ്ഞ ദിവസം ഗുവാഹതി ഹൈക്കോടതി വിധി വരുന്നത് വരെ ജാബിദ ബീഗത്തിന് ചെറിയ പ്രതിക്ഷ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഇവിടെ ജീവിച്ച ജീവിതത്തെ അധികൃതര്‍ കണക്കിലെടുക്കുമെന്ന്. തന്റെ പിതാവിന്റെ മകള്‍ തന്നെയാണ് താനെന്ന് അധികാരികള്‍ അംഗീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇനി ആ പ്രതീക്ഷയില്ല. കൂലിവേല ചെയ്തു കിട്ടിയ പണത്തിന്റെ വലിയൊരു ഭാഗവും നീക്കിവെച്ച് നടത്തിയ പോരാട്ടത്തിനൊടുവില്‍ കോടതി വിധിച്ചിരിക്കുന്നു ജാബിദ ബീഗം വിദേശിയാണ്, ഇനി ഇവരെ കാത്തിരിക്കുന്നത് തടങ്കല്‍ പാളയങ്ങളിലെ തടവു ജീവിതം. അല്ലെങ്കില്‍ സുപ്രീം കോടതി കനിയണം. സര്‍ക്കാരിന് അലിവ് തോന്നണം.

പുതിയ പൗരത്വ നിയമം അനുവദിച്ച സൗജന്യവും ഇവര്‍ക്ക് തുണയാകില്ല. കാരണം ഇവര്‍ ഇസ്ലാം മതത്തില്‍പ്പെട്ട സ്ത്രീയാണ് അതുകൊണ്ട് പട്ടികയില്‍നിന്ന് പുറത്തായാലും പൗരത്വമെന്നത് ജാബിദയ്ക്ക് ലഭിക്കുന്ന ആനുകൂല്യമല്ല. അസാമിലെ പൗരത്വ റജിസ്റ്ററില്‍നിന്ന് പുറത്തായ ലക്ഷകണക്കിന് ആളുകളുടെ പ്രതിനിധിയാണ് ജാബിദ ബീഗം 50 വയസ്സായ ജാബിദ അസമിലെ ബാക്‌സ ജില്ലയിലാണ് താമസം. ഗുവഹതിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കേണ്ടവള്‍. ഭര്‍ത്താവ് രജക് അലി അസുഖ ബാധിതനാണ്. മൂന്ന് കുട്ടികളുണ്ടായിരുന്നു. ഒരാള്‍ മരിച്ച. മറ്റൊരാളെ കാണാതായി. ഇപ്പോള്‍ കൂടെയുള്ളത് അഞ്ചാം ക്ലാസുകാരി അസ്മിന. പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ അതില്‍നിന്ന് പുറത്തായ 19 ലക്ഷത്തിലൊരുവളാണ് ജാബിദ. ഇതേ തുടര്‍ന്ന് ഫോറിന്‍ ട്രൈബ്യൂണലിനെ സമീപിച്ചു തന്റെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. പാന്‍ കാര്‍ഡും ഭൂനികുതി അടച്ച രശീതിയും നല്‍കി. 1971 മുമ്പ് അച്ഛന്‍ വോട്ടറായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ നല്‍കി. സഹോദരന്റെ വോട്ടര്‍പട്ടികയിലുണ്ടെന്ന് സ്ഥാപിച്ചു. എന്നാല്‍ ഫോറിന്‍ ട്രൈബ്യുണല്‍ അംഗീകരിച്ചില്ല. കാരണം ആ അച്ഛന്റെ മകളാണ് താനെന്ന് തെളിയിക്കാന്‍ ജാബിദ ബീഗത്തിന് കഴിഞ്ഞില്ല. ഫോറിന്‍ ട്രൈബ്യുണലിനെതിരെ ഗുവാഹതി ഹൈക്കോടതിയില്‍ പോയി. ഹാജാരാക്കിയ രേഖകള്‍ പൗരത്വത്തെ സംശായാതീതമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതിയും പറഞ്ഞു. ദിവസവും ജോലി ചെയ്തു കിട്ടുന്ന കൂലിയില്‍നിന്നാണ് കോടതി ചെലവിനുള്ള പണം കണ്ടെത്തിയത്. പലപ്പോഴും അഞ്ചാം ക്ലാസുകാരി മകള്‍ക്ക് പട്ടിണി കിടക്കേണ്ടിവന്നു. രോഗിയായ ഭര്‍ത്താവിന് മരുന്നു കിട്ടാതെയായി. എല്ലാറ്റിനും ഉപരിയായിരുന്നു പൗരത്വ രേഖ. അത് കിട്ടില്ലെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. ഇനി എന്തു ചെയ്യുമെന്ന് അറിയാതെ ഉഴലുകയാണ് ജാബിദ. ' എന്റെ പക്കലുണ്ടായിരുന്നതെല്ലാം ഞാന്‍ ചെലവഴിച്ചു. ഇനി ഒരു നിയമ പോരാട്ടത്തിനും ശേഷിയില്ല. ഇനി ഒരു പ്രതീക്ഷയുമില്ല. മരണം അടുത്തെത്തിയിരിക്കുന്നു' അവര്‍ എന്‍ ഡി ടി വിയോട് പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജാബിദയ്ക്ക് വേണ്ടി സാക്ഷി പറയാന്‍ പഞ്ചായത്ത് തലവന്‍ ഗോലക് കാലിത ഹാജരായി. അവര്‍ ഇന്നാട്ടിലെ പൗരയാണെന്ന് മൊഴി പറഞ്ഞു. ഇവരുടെ സ്ഥിര താമസത്തിന് തെളിവായി സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് നല്‍കിയെന്ന് ഗോലക് കാലിത പറഞ്ഞു. നിയമസംവിധാനങ്ങള്‍ക്ക് അത് മതിയായിരുന്നില്ല. പൗരത്വം ബോധ്യപ്പെടാന്‍. പൗരത്വ പട്ടികയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ജാബിദയ്ക്കും ഭര്‍ത്താവിനും ഇപ്പോള്‍ വോട്ടവകാശമില്ല. പൗരത്വം സ്ഥാാപിച്ചെടുക്കാനുള്ള നിയമ പോരാട്ടത്തിന് ഇതിനകം തന്നെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ കുറെ വില്‍ക്കേണ്ടിവന്നിട്ടുണ്ട് ജാബിദയ്ക്ക്. ദിവസവും 150 രൂപയ്ക്ക് കൃഷി പണിയെടുത്താണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. അസമില്‍ ജാബിദമാര്‍ നിരവധിയാണ്. പൗരത്വത്തിന് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍. ഹാജാരാക്കിയ രേഖകള്‍ പോരെന്ന് പറയുന്ന അധികാരികള്‍. പട്ടികയില്‍നിന്ന് പുറത്തായാലും മതത്തിന്റെ ആനുകൂല്യം കിട്ടി പൗരത്വം തിരിച്ചുപിടിക്കാനാകാത്തവര്‍. തങ്ങളെ കാത്തിരിക്കുന്നത് തടങ്കല്‍പാളയമാണെന്ന തിരിച്ചറിവില്‍ ദുരിത ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവര്‍.


Next Story

Related Stories