TopTop
Begin typing your search above and press return to search.

അസമിലും പശ്ചിമ ബംഗാളിലും ആദ്യഘട്ട പോളിങ്​ ആരംഭിച്ചു; ബംഗാളില്‍ ഉദ്യോഗസ്ഥരെത്തിയ ബസ് കത്തിച്ചു

അസമിലും പശ്ചിമ ബംഗാളിലും ആദ്യഘട്ട പോളിങ്​ ആരംഭിച്ചു; ബംഗാളില്‍ ഉദ്യോഗസ്ഥരെത്തിയ ബസ് കത്തിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കുള്ള ആദ്യഘട്ട പോളിങ് ആരംഭിച്ചു. 126 അംഗ അസം നിയമസഭയിലെ 47ഉം 294 സീറ്റുള്ള ബംഗാളില്‍ 30 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. ആകെ 1.54 കോടി വോട്ടര്‍മാരാണ് ശനിയാഴ്ച സമ്മതിദാനവകാശം വിനിയോഗിക്കുക.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച തേടുമ്പോള്‍ അട്ടിമറി ജയം നേടാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ്-ഇടതുമുന്നണിയും സജീവമായി രംഗത്തുണ്ട്. ബംഗാളില്‍ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക. സുരക്ഷയ്ക്കായി 684 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തില്‍പരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. പ്രചാരണത്തിനിടെ പരിക്കേറ്റ കാലുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങിയത്. ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പുറമെ, ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യവും മല്‍സരരംഗത്തുണ്ട്.

അതേസമയം വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അക്രമം നടന്നതോടെ ബംഗാളില്‍ സുരക്ഷ ശക്തമാക്കി. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിക്കുകയായിരുന്നു. ജംഗള്‍മഹല്‍ മേഖലയില്‍പ്പെടുന്ന പുരുളിയയിലെ തുള്‍സിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്. ഒരുകാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്നു ഇവിടം.

അസമില്‍ ഭരണകക്ഷിയായ ബി.ജെ.പി-അസം ഗണപരിഷദ് സഖ്യവും മുഖ്യപത്രിപക്ഷമായ കോണ്‍ഗ്രസ്-എ.യു.ഡി.എഫ് സഖ്യവും തമ്മിലെ പോരാട്ടമാണ് മിക്കയിടങ്ങളിലും. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മജൂലിയില്‍ നിന്ന് ജനവിധി തേടുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപ്പുന്‍ ബോറ, നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. 126 സീറ്റുള്ള അസാമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്.


Next Story

Related Stories