TopTop

കൊവിഡ് 19 - ഈ നില തുടർന്നാൽ ജൂണ്‍ ആകുമ്പോളേക്കും ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ തികയാതെ വരും, ഇന്ത്യ ഗുരുതര ആരോഗ്യപ്രതിസന്ധിയിലേയ്ക്ക്

കൊവിഡ് 19 - ഈ നില തുടർന്നാൽ ജൂണ്‍ ആകുമ്പോളേക്കും ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ തികയാതെ വരും, ഇന്ത്യ ഗുരുതര ആരോഗ്യപ്രതിസന്ധിയിലേയ്ക്ക്

40 ദിവസം കൊണ്ടാണ് ഇന്ത്യ 50 കൊറോണ പോസിറ്റീവ് കേസുകളിലേയ്‌ക്കെത്തിയത്. ഇത് വെറും അഞ്ച് ദിവസത്തിന് ശേഷം 100 ആയി. മൂന്ന് ദിവസം കൊണ്ട് 150 ആയി. പിന്നെ രണ്ട് ദിവസം കൊണ്ട് 200 ആയി. അഞ്ച് ദിവസം കൂടുമ്പോള്‍, അല്ല അത്ര ദിവസം പോലുമെടുക്കാതെ കേസുകള്‍ ഇരട്ടിക്കുന്നു. ഇപ്പോളും സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ മാത്രമേ അറിയുന്നുള്ളൂ. ഇതുവരെ തുടര്‍ന്നുപോരുന്ന തരത്തിലുള്ള ടെസ്റ്റുകള്‍ പ്രതിരോധത്തിന് മതിയാകില്ല എന്ന് ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ ഡാറ്റ ജേണലിസ്റ്റ് എസ് രുക്മിണി അഭിപ്രായപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിലവിലെ കൊറോണ വളര്‍ച്ചാനിരക്ക് നോക്കുകയാണെങ്കില്‍, മേയ് അവസാനമാകുമ്പോളേക്കും 10 ലക്ഷത്തിലധികം കേസുകളും 30,000ത്തിലധികം മരണവും രാജ്യത്തുണ്ടായേക്കാം എന്ന് ലേഖനം പറയുന്നു. ജൂണ്‍ ആകുമ്പോളേക്കും രാജ്യത്ത് മതിയായ ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ ഇല്ലാത്ത നില വരുമെന്നാണ് വിലയിരുത്തല്‍. 1000 പേര്‍ക്ക് 0.5 ബെഡ് എന്നതാണ് 2017ലെ കണക്കനുസരിച്ച് ഇന്ത്യയുടെ നില.

മതിയായ എണ്ണം ക്രിട്ടിക്കല്‍ കെയര്‍ ബെഡ്ഡുകളും വെന്റിലേറ്ററുകളും രാജ്യത്തെ ആശുപത്രികളിലില്ല. രാജ്യത്താകെ 70,000ത്തോളം ഐസിയു ബെഡ്ഡുകളുണ്ടെന്ന് കണക്കാക്കുന്നു. ആര്‍ക്കൊക്കെ വെന്റിലേറ്റര്‍ നല്‍കാമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ഇറ്റാലിയന്‍ അധികൃതര്‍ വലഞ്ഞിരുന്നു. ഇന്ത്യയില്‍ ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം 4000ത്തിനടുത്താണ് എന്നാണ് അനൗദ്യോഗിക കണക്ക്. ആവശ്യത്തിന് വെന്റിലേറ്റര്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നേരിടുന്ന അതീവഗുരുതര സാഹചര്യത്തെപ്പറ്റി മോദി സര്‍ക്കാരിന് ബോധമില്ല എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഏപ്രിലില്‍ തന്നെ ഇന്ത്യയില്‍ ആശുപത്രിക്കിടക്കകള്‍ തികയാതെ വരുമെന്നാണ് മൈക്രോബയോളജിസ്റ്റ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് എ എം ദേശ്മുഖ് പറഞ്ഞത്.

ഒരു ലക്ഷം പേര്‍ക്ക് ഒരു ഗവ.ഹോസ്പിറ്റല്‍ ബെഡ് എന്ന അതീവ ഗൗരവമായ അവസ്ഥയിലാണ് ബിഹാര്‍. ഫസ്റ്റ് റെഫറല്‍ യൂണിറ്റുകളില്‍ 15 ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. ഗോവയില്‍ 20 ബെഡ് എന്നതാണ് അനുപാതം. 1280ല്‍ ഒരാള്‍ക്ക് ഇന്‍ഫെക്ഷന്‍ എന്ന നിലയാണ് ഇപ്പോളുള്ളത്. ചത്തീസ്ഗഡില്‍ ജില്ലാ ആശുപത്രികളില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ 71 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. ഒഡീഷയടക്കമുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യസംവിധാനം സിയറ ലിയോണ്‍ പോലുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സമാനമായ വിധത്തില്‍ പരിതാപകരമാണ് എന്നാണ് 2019 ജൂണിലെ നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നത്.


Next Story

Related Stories