Top

മസ്ജിദ് ഭൂമി ക്ഷേത്രത്തിന്റെ അ‍ഞ്ചേക്കറിനു പുറത്തായിരിക്കണം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വൈദ്യ

മസ്ജിദ് ഭൂമി ക്ഷേത്രത്തിന്റെ അ‍ഞ്ചേക്കറിനു പുറത്തായിരിക്കണം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വൈദ്യ

ബാബരി കേസിലെ സുപ്രീംകോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംജി വൈദ്യ. മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ കൊടുക്കുന്ന ഇടം ബാബരി മസ്ജിദ് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തു നിന്നും അഞ്ച് ഏക്കര്‍ പരിധിക്ക് അപ്പുറമായിരിക്കണമെന്ന് വൈദ്യ പറഞ്ഞു. ഇതോടെ ഈ കേസില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സംഘപരിവാര്‍ സംഘടനകള്‍ ഇനിയും ശ്രമിക്കുമെന്നത് ഉറപ്പായി.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് വലിയൊരു രാമക്ഷേത്രം പണിയാനൊരുങ്ങുകയാണ് തങ്ങളെന്ന് വൈദ്യ വ്യക്തമാക്കി. മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി അയോധ്യയില്‍ നല്‍കുന്നതിനെതിരെ ആരും വരാന്‍ പാടില്ല. "എന്റെ ഒരേയൊരാഗ്രഹം ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയില്‍ നിന്നും അഞ്ചേക്കര്‍ പുറത്തായിരിക്കണം മുസ്ലിം പള്ളി പണിയാന്‍ കൊടുക്കുന്ന ഭൂമി," ആദ്ദേഹം വിശദീകരിച്ചു.

ഹെഡ്ഗേവര്‍ തൊട്ട് മോഹന്‍ ഭാഗവത് വരെയുള്ള ആര്‍എസ്എസ് സര്‍സംഘ്ചാലകുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് 96കാരനായ വൈദ്യ.

അതെസമയം ഒവൈസിയും വിധിയിലെ തന്റെ പ്രതികരണം അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ കവര്‍ച്ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ആള്‍ ഇന്ത്യ മജിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി ബാബരി കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരണമറിയിച്ചത്. Supreme But Not Infallible: Essays in Honour of the Supreme Court of India എന്ന പുസ്തകത്തിന്റെ കവറാണിത്. "പരമോന്നതം, പക്ഷെ അപ്രമാദിയല്ല: സുപ്രീംകോടതിയോട് ആദരമറിയിക്കുന്ന ലേഖനങ്ങള്‍" എന്ന ഈ പുസ്തകം ബിഎന്‍ കിര്‍പാല്‍, അശോക് എച്ച് ദേശായ്, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത പുസ്തകമാണിത്.

ഈ ട്വീറ്റിനു മുമ്പായി ഒവൈസ് ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു. "ഈ വിധി ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെതിരാണ്. ഞങ്ങളുടെ നിലപാടുകള്‍ തെളിയിക്കാന്‍ ഉറച്ച തെളിവുകള്‍ ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഞങ്ങള്‍ നിയമസമിതി ഈ വിധിയെ അവലോകനം ചെയ്യും. തകര്‍ക്കപ്പെട്ടത് പുനസ്ഥാപിക്കുകയെന്ന ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു.," ട്വീറ്റ് പറഞ്ഞു.


Next Story

Related Stories