Top

ബാബരി പള്ളി വിധി: പുനപ്പരിശോധന ആവശ്യപ്പെട്ടുള്ള ആദ്യ ഹരജി സുപ്രീംകോടതിയിൽ

ബാബരി പള്ളി വിധി: പുനപ്പരിശോധന ആവശ്യപ്പെട്ടുള്ള ആദ്യ ഹരജി സുപ്രീംകോടതിയിൽ

ബാബരി മസ്ജിദ് കേസിലെ വിധിയിനിമേല്‍ ആദ്യത്തെ പുനപ്പരിശോധനാ ഹരജി സമർപ്പിക്കപ്പെട്ടു. തർക്കഭൂമിയിൽ പള്ളി നിന്നിരുന്നിടത്ത് രാമക്ഷേത്രം പണിയണമെന്നതാണ് സുപ്രീംകോടതിയുടെ വിധി. ഇത് പുനപ്പരിശോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ജാമിയത്ത് ഇ ഹിന്ദ് ആണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

വിധിയിൽ നിരവധി അബദ്ധങ്ങളുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 137 പ്രകാരം പുനപ്പരിശോധന ആവശ്യമാണെന്നും ജാമിയത്ത് ഉലമ ഹരജിയിൽ പറഞ്ഞു. വിധിയെ തങ്ങൾ സമ്പൂർണമായി എതിർക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്. ജാമിയത്ത് ഉലമ ഈ വിഷയത്തിൽ നവംബർ 14ന് ഒരു സമിതി രൂപീകരിച്ച് എല്ലാ നിയമവശങ്ങളും പഠിച്ചിരുന്നു. മതപണ്ഡിതരും നിയമജ്ഞരും അടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. ഇതിൽ നിന്നുള്ള അഭിപ്രായങ്ങൾ പ്രകാരമാണ് സുപ്രീംകോടതി നവംബർ 9ന് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കപ്പെടേണ്ടതാണെന്ന നിലപാടിലെത്തിയത്.

തങ്ങളുടെ ഹരജിയിൽ തീർപ്പുണ്ടാകുന്നതു വരെ നിലവിലെ വിധി സ്റ്റേ ചെയ്യണമെന്നും ഹരജി ആവശ്യപ്പെടുന്നുണ്ട്. കേസിലെ പഴയ കക്ഷിയായ അയോധ്യ സ്വദേശി എം സിദ്ധിഖിന്റെ പിന്തുടർച്ചാവകാശിയായ സയ്യിദ് അസദ് റാഷിദിയും ഹരജി നൽകിയിട്ടുണ്ട്.

തെളിവുകളല്ല, വാമൊഴികളാണ് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതിനായി ആധാരമാക്കിയതെന്ന് ഹരജിക്കാർ ആരോപിക്കുന്നു. അഞ്ചേക്കർ ഭൂമി തങ്ങൾക്ക് നൽകാൻ ഉത്തരവിട്ടതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

അതെസമയം മറ്റു പല കക്ഷികളും പുനപ്പരിശോധനാ ഹരജി നൽകേണ്ടതില്ലെന്ന നിലപാടിലാണുള്ളത്. ഈ വിഷയത്തിൽ രണ്ടഭിപ്രായം ഉയർന്നു വന്നിരുന്നു. അതെസമയം കേസിൽ പുനപ്പരിശോധന ആഗ്രഹിക്കുന്നുണ്ട് ഇന്ത്യയിലെ 99 ശതമാനം മുസ്ലിങ്ങളുമെന്ന് അഖിലേന്ത്യാ വ്യക്തിനിയമ ബോർഡ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. മുസ്ലങ്ങൾ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പുനപ്പരിശോധനാ ഹരജി നൽകാൻ തയ്യാറെടുക്കുന്നതെന്നും മുസ്‌‌ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞിരുന്നു.


Next Story

Related Stories