TopTop

'അദ്വാനിയും ജോഷിയും പ്രതികളായ ബാബറി മസ്ജിദ് പൊളിച്ച കേസ് ഇനിയും ബാക്കിയാണ്'

അദ്വാനിയും ജോഷിയും പ്രതികളായ ബാബറി മസ്ജിദ് പൊളിച്ച കേസ് ഇനിയും ബാക്കിയാണ്

അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രധാന വിധി ഇന്ന് വന്നിരിക്കുകയാണ്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാനും മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ ഭൂമി കണ്ടെത്താനുമാണ് അഞ്ചംഗ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി. തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റ് രൂപീകരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്കസ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി നിര്‍മ്മിക്കാന്‍ നല്‍കണമെന്നതാണ് കോടതിയുടെ മറ്റൊരു നിര്‍ദ്ദേശം.

ബാബറി മസ്ജിദ് പണിതത് മറ്റൊരു കെട്ടിടത്തിന്റെ അവശിഷ്ടത്തിന് പുറത്താണെന്നാണ് സുപ്രിംകോടതി വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കാനാകില്ലെന്നും കോടതി പറയുന്നു. രാമജന്മഭൂമിയാണ് അയോധ്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും കോടതി പറഞ്ഞു. വിശ്വാസവും ആചാരവും കോടതിയുടെ പരിശോധനയ്ക്ക് അപ്പുറത്തുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി. ബാബ്‌റി മസ്ജിദില്‍ 1949 ഡിംസബര്‍ 22ന് വിഗ്രഹം കൊണ്ടുവച്ചതും ബാബറി പള്ളി തകര്‍ത്തതും നിയമവിരുദ്ധമാണ് തുടങ്ങിയ ഒട്ടനവധി വിലയിരുത്തലുകളാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഈപ്പറഞ്ഞവയില്‍ ഏറ്റവും ഒടുവിലത്തെ വിലയിരുത്തല്‍ ബിജെപി നേതാക്കളുടെ ഉറക്കം കെടുത്തന്നതാണ്. കാരണം, ബാബറി പള്ളി പൊളിച്ചതിന്റെ കേസ് ഇപ്പോഴും ലക്‌നൗ പ്രത്യേക സിബിഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയുമാണ് ലക്‌നൗ കോടതിയുടെ പരിഗണനയിലുള്ള കേസ്. 27 വര്‍ഷം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം കോടതി നടപടികള്‍ അന്തിമഘട്ടത്തിലാണ്. ആരോപണ വിധേയരായവരില്‍ 49 പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. മറ്റ് ചിലരാകട്ടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന പദവിയില്‍ തുടരുന്നവരും. മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള പ്രമുഖരാണ് കേസിലെ പ്രതിസ്ഥാനത്തുള്ളത്.

പള്ളി പൊളിച്ച ദിവസം വൈകിട്ട് 5.15ന് തന്നെ ആദ്യത്തെ എഫ്‌ഐആര്‍ (നം.197/92) രജിസ്റ്റര്‍ ചെയ്തു. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെയായിരുന്നു കേസ്. ഐപിസി 395, 397, 332, 337, 338, 295, 297, 153എ, ക്രിമിനല്‍ ഭേദഗതി നിയമത്തിലെ സെഷന്‍ 7 എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്. പത്ത് മിനിറ്റിന് ശേഷം എല്‍കെ അദ്വാനി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍ വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നിവര്‍ക്കെതിരെ രണ്ടാമത്തെ എഫ്‌ഐആറും(നം. 198/92) രജിസ്റ്റര്‍ ചെയ്തു. ഐപിസിയുടെ 153എ, 153ബി, 505 വകുപ്പുകളാണ് ചുമത്തിയത്. വിദ്വേഷം ജനിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസംഗം നടത്തിയതായിരുന്നു ഇവര്‍ക്കെതിരായ കേസ്.

ഇത് രണ്ടും കൂടാതെ 47 മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കെതാരായ ആക്രമണം, ക്യാമറകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഈ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എല്ലാ എഫ്‌ഐആറുകളും അയോധ്യയിലെ താന രാമജന്മഭൂമിയില്‍ രജിസ്റ്റര്‍ ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്കകം 197-ാം നമ്പര്‍ കേസ് സിബിഐ അന്വേഷണത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ചുമത്തിയ 198-ാം നമ്പര്‍ കേസ് ഉത്തര്‍പ്രദേശ് പോലീസിന്റെ തന്നെ സിബി-സിഐഡി വിഭാഗത്തിനും സര്‍ക്കാര്‍ കൈമാറി. എന്നാല്‍ 1993 ഓഗസ്റ്റ് 27ന് 198-ാം നമ്പര്‍ കേസ് ഉള്‍പ്പെടെ 48 കേസുകളും സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 1993 ഒക്ടോബര്‍ അഞ്ചിന് സിബിഐ ലക്‌നൗവിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 49 കേസുകളിലായി 40 പേര്‍ പ്രതികളായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 1996 ജനുവരി 11ന് സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ 9 പ്രമുഖര്‍ കൂടി പ്രതികളായി. ഇതോടെ കേസില്‍ ആകെ 49 പ്രതികളായി.

പള്ളി പൊളിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നായിരുന്നു സിബിഐയുടെ കുറ്റപത്രം പറഞ്ഞത്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. അതോടെ രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളും ബിജെപിയിലെയും ആര്‍എസ്എസിലെയും വന്‍ തോക്കുകളും ഇതില്‍ പ്രതിയായി. ഇത് പ്രാഥമിക എഫ്‌ഐആറുകള്‍ക്ക് വിരുദ്ധമായിരുന്നു. 120(ബി) പ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുന്‍നിര നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസിന്റെ വിചാരണയ്ക്ക് കളമൊരുങ്ങി. എന്നാല്‍ നിയമത്തിന്റെ നൂലാമാലകളില്‍ ഇത് കുരുങ്ങി. 1997 സെപ്തംബര്‍ 9ന് കുറ്റാരോപിതര്‍ക്കെതിരെ സെക്ഷന്‍ 120(ബി) പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്ന ഉത്തരവ് ജഡ്ജി പാസാക്കി. ഇത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും അടുത്തവാദം കേള്‍ക്കലിന് എത്തുമ്പോള്‍ ഔദ്യോഗികമായി കുറ്റങ്ങള്‍ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. കുറ്റം ചുമത്താനുള്ള കീഴിക്കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചു.

പ്രതികളുടെ ഹർജിയിൽ എല്ലാ എഫ്ഐആറുകളും ചേർത്ത് ഒറ്റ കുറ്റപത്രം സമർപ്പിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് ജഗദീഷ് ഭല്ല ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ എൽകെ അദ്വാനിക്കും മറ്റുള്ളവര്‍ക്കും എതിരായ വിചാരണ തടയുകയും ചെയ്തു. ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു 2001 ഫെബ്രുവരി 12 ലെ ഉത്തരവ്. പിന്നാലെ 2001 മെയ് 4 ന് കല്യാണ്‍സിംഗ് ഉള്‍പ്പൈടെ മറ്റ് 13 പേര്‍ക്കെതിരായ വിചാരണ നടപടികളും മുൻ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോടതി തടഞ്ഞു. ഇതിനിടെ, തെറ്റുതിരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉത്തർപ്രദേശ് സർക്കാരിന് കത്തെഴുതി. എന്നാൽ പുതിയ വിജ്ഞാപനം ഇറക്കേണ്ട എന്ന നിലപാടായിരുന്നു അന്നത്തെ യുപി മുഖ്യമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊണ്ടത്.

ലഖ്നൗവിലെയും റായ്ബറേലിയിലെയും കോടതികളിൽ വ്യത്യസ്ഥ വിചാരണകളായിട്ടായിരുന്നു കേസ് പുരോഗമിച്ചത്. വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ അദ്വാനി അടക്കമുള്ളവർക്കെതിരെ നിയമനടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ റായ്ബറേലി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ‌ 2003 സെപ്റ്റംബർ 19 ഇറക്കിയ ഉത്തരവിലൂടെ റായ്ബറേലി സ്പെഷ്യൽ മജിസ്ട്രേറ്റ് അന്ന് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ കുറ്റവിമുക്തനാക്കി, മറ്റുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ടു.

ഉത്തരവിനെതിരം വീണ്ടും നിയമ പോരാട്ടം തുടങ്ങി. അദ്വാനിയെ കുറ്റവിമുക്തനാക്കാനുള്ള റായ്ബറേലി കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി 2005 ജൂലൈ 6 ന് അദ്ദേഹത്തിനും മറ്റ് എല്ലാ പ്രതികൾക്കുമെതിരെ കുറ്റങ്ങൾ ചുമത്താൻ ഉത്തരവിട്ടു. ഇതേ തുടർന്ന് റായ്ബറേലി കോടതി എല്ലാ പ്രതികൾക്കെതിരെയും കുറ്റം ചുമത്തി.

അലഹാബാദ് ഹൈക്കോടതിയിൽ നിന്നും പിന്നാലെ കേസ് സുപ്രീം കോടതിയുടെ മുന്നിലേക്ക് നീങ്ങി. 2011 ലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. രണ്ടാം യു‌പി‌എ സർക്കാരിന്റെ കാലത്ത് 2012 മാർച്ചിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകി. 49 കേസുകളുടെയും പൊതുവായ വിചാരണ വേണമെന്നായിരുന്നു സിബിഐ വാദം.

അഞ്ച് വർഷത്തിന് ശേഷം എൽ‌കെ അദ്വാനി ഉൾപ്പെടെയുള്ള 20 പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. ഗൂഢാലോചന കുറ്റം ഒഴിവാക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിരുന്നു നടപടി. 2017 ഏപ്രിൽ 19 ലെ വിധിയിൽ എല്ലാ കേസുകളുടെയും വിചാരണ ലഖ്‌നൗ കോടതിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

പിന്നാലെ, സംയുക്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ ആരംഭിച്ചു. . ഇതിനിടെ, കല്യാൺ സിംഗ് രാജസ്ഥാൻ ഗവർണറായി. ഭരണഘടനാ പദവി ലഭിച്ചതോടെ അദ്ദേഹത്തിനെതിരായ വിചാരണ നിർത്തിവച്ചു. പിന്നീട് സ്ഥാനം ഒഴിഞ്ഞതോടെ വീണ്ടും വിചാരണ ആരംഭിക്കുകയും ചെയ്തു. സ്പെഷ്യൽ ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ കാലാവധി നീട്ടിനൽകുകയും ചെയ്തു.

നീണ്ട നിയമ പോരാട്ടങ്ങൾ‌ക്ക് ഒടുവിൽ കേസ് നടപടികൾ‌ 27 വർഷം പൂർത്തിയാവുകയാണ്, ഇതിനിടെ ബാൽ താക്കറെ, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ തുടങ്ങി പ്രതികളായിരുന്ന നിരവധി പേർ മരിച്ചു. കേസിൽ ഇതുവരെ 300 ഓളം സാക്ഷികളെ വിസ്തരിച്ചു. ഇവരിൽ 50 ഓളം പേരും മരണമടഞ്ഞു. എന്നാൽ ലോകത്തിന് മുന്നിൽ രാജ്യത്തിന് കളങ്കം സൃഷ്ടിച്ച ഒരു കേസിൽ വലിയ പാളിച്ച പറ്റിയെന്നാണ് നിയമ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കുറ്റകൃത്യത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുന്നതിനേക്കാൾ രാഷ്ട്രീയ വേട്ടക്കായാണ് കേസ് ഉപയോഗപ്പെടുത്തിയതെന്നതാണ് ഇതിൽ പ്രധാനം. എന്നിരുന്നാലും കേസിൽ വിചാരണ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷയിലാണ് രാജ്യവും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും.


Next Story

Related Stories