TopTop
Begin typing your search above and press return to search.

ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി സെപ്റ്റംബർ 30ന് - അദ്വാനി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകണം

ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി സെപ്റ്റംബർ 30ന് - അദ്വാനി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകണം

ബാബറി മസ്ജിദ് പൊളിച്ച കേസിൽ സെപ്റ്റംബർ 30ന് വിചാരണ കോടതി വിധി പറയും. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. മുതിര്‍ന്ന ബിജെപി - സംഘപരിവാര്‍ നേതാക്കളായ നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹർ ജോഷി,ഉമ ഭാരതി, കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങിയവര്‍ പ്രതികളായ കേസാണിത്. 1992 ഡിസംബര്‍ ആറിന് വിഎച്ച്പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരാണ് അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്. അദ്വാനിയും ജോഷിയും ഉമ ഭാരതിയുമടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റമാണ് നിലവിലുള്ളത്. പ്രത്യേക സിബിഐ ജഡ്ജി എസ് കെ യാദവ് ആണ് വിധി പ്രസ്താവിക്കുക. അദ്വാനി അടക്കമുള്ള എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി ഉത്തരവിട്ടു.

86കാരനായ മുൻ കേന്ദ്ര മന്ത്രി മുരളീ മനോഹർ ജോഷി ജൂലായ് 23നും 92 കാരനായ മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി ജൂലായ് 24നും വീഡിയോ കോൺഫറൻസിംഗ് വഴി സിബിഐ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു. വിധി എന്തായാലും പ്രശ്നമില്ലെന്നും തൂക്കിക്കൊല്ലാൻ വിധിച്ചാലും അനുഗ്രഹിക്കപ്പെട്ടതായി കരുതി സന്തോഷിക്കുമെന്നും മുൻ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമ ഭാരതി പറഞ്ഞിരുന്നു. പള്ളി പൊളിച്ചതിൽ തനിക്കൊരു പങ്കുമില്ല എന്നാണ് അദ്വാനിയേയും ജോഷിയേയും പോലെ പള്ളി പൊളിക്കുന്ന സമയത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിംഗ് സിബിഐ കോടതിയിൽ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് കല്യാൺ സിംഗിന്റെ ബിജെപി സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടിരുന്നു. 2017 ഏപ്രിലില്‍ വിചാരണ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രതിദിന വാദം സംഘടിപ്പിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വിധി പ്രസ്താവിക്കാനാണ്. കുറ്റവിമുക്തരാക്കണമെന്ന അദ്വാനി അടക്കമുള്ള പ്രതികളുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. പല തവണ സമയം നിട്ടീയ ശേഷമാണ് സെപ്റ്റംബർ 30ന് 28 വർഷത്തിന് ശേഷം ബാബറി മസ്ജിദ് കേസിൽ വിധി പ്രസ്താവിക്കുന്നത്.

1949ൽ ബാബറി മസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം 1980കളുടെ ആദ്യ പകുതിയിൽ വിശ്വഹിന്ദു പരിഷദിന്റെ നേതൃത്വത്തിൽ തുടങ്ങിയ രാമജന്മഭൂമി ശിലാന്യാസ് പ്രസ്ഥാനവും 1990ൽ രാജ്യത്തുടനീളം വർഗീയ സംഘർഷങ്ങളഴിച്ചുവിട്ട പ്രചാരണവുമായി നടത്തിയ എൽ കെ അദ്വാനിയുടെ രഥയാത്രയുമാണ് സംഘപരിവാർ പ്രവർത്തകർ ബാബറി മസ്ജിദ് തകർക്കുന്നതിലേയ്ക്ക് നയിച്ചത്. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ബോംബെയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. 1985ൽ രാജീവ് ഗാന്ധി സർക്കാർ ബാബറി പള്ളിയിൽ ഹിന്ദുസംഘടനകൾക്ക് തുറന്നുകൊടുത്തത് പള്ളി പൊളിച്ച ഹിന്ദുത്വ തീവ്രവാദികൾക്ക് പിന്തുണ നൽകിയിരുന്നു. 1989ലാണ് കർസേവകർ ശിലാന്യാസ് നടത്തിയത്. ബിജെപിയെ കേന്ദ്രത്തിൽ അധികാര ശക്തിയാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് അയോധ്യ രാമജന്മഭൂമി പ്രസ്ഥാനവും ബാബറി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടാക്കിയ വർഗീയ ധ്രുവീകരണവുമായിരുന്നു.

1992 ഡിസംബർ 6 വരെ പതിനഞ്ചാം നൂറ്റാണ്ടിലെ ബാബറി പള്ളി നിലനിന്നിരുന്ന അയോധ്യയിലെ ഭൂമിയിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ 2019 നവംബറിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2020 ഓഗസ്റ്റ് 20ന് രാമക്ഷേത്രത്തിന്റെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ബാബറി കേസിലെ പ്രതികളിലൊരാളായ വിഎച്ച്പി നേതാവ് മഹന്ത് നൃത്യഗോപാൽ ദാസ് ആണ് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റിന്റെ തലവൻ. ബാബറി പള്ളി പൊളിച്ച കേസിലെ പ്രതികളായ സംഘപരിവാർ നേതാക്കളെ രാമക്ഷേത്ര ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നത് എന്നാണ് പ്രധാനമന്ത്രി മോദി ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചത്.

ക്രിമിനൽ പ്രവൃത്തി എന്ന് ബാബറി മസ്ജിദ് ധ്വംസനത്തെ വിശേഷിപ്പിച്ച സുപ്രീം കോടതി, ഇതേ വിധിന്യായത്തിൽ തന്നെ ബാബറി പള്ളി നിലനിന്നിരുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയത് വിവാദമാവുകയും വലിയ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ മോദി സർക്കാർ രാജ്യസഭാംഗമാക്കി. ബാബറി പള്ളി നിന്നിരുന്നതടക്കമുള്ള 2.77 ഏക്കർ ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുനൽകാനും മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അയോധ്യയിൽ അഞ്ചേക്കർ സ്ഥലം അനുവദിക്കാനുമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

Next Story

Related Stories