TopTop
Begin typing your search above and press return to search.

അഞ്ച് മണിക്കൂര്‍ ചര്‍ച്ച, പ്രതിപക്ഷത്തിന്റെ പിന്തുണ; കാര്‍ഷിക നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി പഞ്ചാബ് നിയമസഭ

അഞ്ച് മണിക്കൂര്‍ ചര്‍ച്ച, പ്രതിപക്ഷത്തിന്റെ പിന്തുണ; കാര്‍ഷിക നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി പഞ്ചാബ് നിയമസഭ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ നാല് ബില്ലുകള്‍ പാസാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് ബില്ലുകള്‍ പാസാക്കിയത്. സഭാ നടപടികളില്‍നിന്ന് ബിജെപി വിട്ടുനിന്നപ്പോള്‍ എസ്എഡി, ആം ആദ്മി പാര്‍ട്ടി, ലോക് ഇന്‍സാഫ് പാര്‍ട്ടി എംഎല്‍എമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങളാണ് നിയമനിര്‍മ്മാണത്തെ പിന്തുണച്ചത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ബില്ലുകള്‍ കൊണ്ടുവരാന്‍ മാത്രമാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ഫെസിലിറ്റേഷന്‍ ആക്ട്, ഫാര്‍മേഴ്സ് എഗ്രിമെന്റ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്, സിവില്‍ പ്രൊസീജ്യര്‍ കോഡ് എന്നിവ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ലുകള്‍. കാര്‍ഷിക കരാര്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ താങ്ങുവിലയില്‍ താഴെ വിലയില്‍ ഗോതമ്പോ അരിയോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമപ്രകാരം മൂന്ന് വര്‍ത്തില്‍ കുറയാത്ത തടവും പിഴയും ചുമത്തും. 2.5 ഏക്കര്‍ വരെയുള്ള ഭൂമിയുടെ വ്യവഹാരത്തില്‍നിന്ന് കര്‍ഷകരെ ഒഴിവാക്കുന്നതിനൊപ്പം കാര്‍ഷിക ഉല്‍പന്നങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ലുകള്‍.

പ്രമേയത്തിന്റെ പകര്‍പ്പുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി കൈമാറിയതായി നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനൊപ്പം കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്തിനും കാര്‍ഷിക മേഖലയ്ക്കും വരുത്തുന്ന നാശനഷ്ടങ്ങള്‍ തടയുകയുമാണ് നാല് ബില്ലുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ നിയമമായി മാറിയെങ്കിലും സംസ്ഥാന നിയമസഭ അതിനെ ഏകകണ്ഠമായി നിരസിച്ചു. പ്രമേയങ്ങള്‍ ആദ്യം ഗവര്‍ണറിലേക്കും പിന്നീട് രാഷ്ട്രപത്രിയിലേക്കുംഎത്തും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ നിയമപരമായ വഴികളുണ്ട്. ഏകകണ്ഠ തീരുമാനമായതിനാല്‍ പ്രമേയം ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭയും രാജ്യസഭയും പാസാക്കിയതിനു കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. എപിഎംസികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി) പുറമെ എവിടെ വേണമെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യാനും കരാര്‍ കൃഷിക്ക് വ്യവസ്ഥ ചെയ്യുന്നതുമായ നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുള്ളത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമം ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടന ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളും കര്‍ഷക സംഘടനകളും വ്യക്തികളും സുപ്രീം കോടതിയെ സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories