TopTop

മോദിയെ വിമര്‍ശിച്ച സ്‌കൂള്‍ നാടകത്തിന്റെ പേരില്‍ കര്‍ണാടകയില്‍ ജയിലിലടച്ച സ്ത്രീകള്‍ക്ക് ജാമ്യം

മോദിയെ വിമര്‍ശിച്ച സ്‌കൂള്‍ നാടകത്തിന്റെ പേരില്‍ കര്‍ണാടകയില്‍ ജയിലിലടച്ച സ്ത്രീകള്‍ക്ക് ജാമ്യം

പൗരത്വ ഭേദഗതി നിയമത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ചുള്ള സ്‌കൂള്‍ നാടകത്തിന്റെ പേരില്‍ കര്‍ണാടകയിലെ ബിദാറില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ട് സ്ത്രീകള്‍ക്ക് ജാമ്യം. സ്‌കൂള്‍ നാടകത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ അമ്മയ്ക്കും സ്‌കൂള്‍ ഹെഡ്മിസ്ട്രസിനുമാണ് ബിദാര്‍ ജില്ലാ കോടതി ജാമ്യം നല്‍കിയത്. പൗരത്വ നിയമത്തേയും ദേശീയ പൗരത്വ പട്ടികയേയും രൂക്ഷമായി വിമര്‍ശിച്ച നാടകത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടച്ചത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ജനുവരി 21ന് ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ നടന്ന നാടകത്തിന്റെ പേരിലാണ്, ഹെഡ്മിസ്ട്രസ് ഫരീദ ബീഗത്തേയും (50) വിദ്യാര്‍ത്ഥിനിയുടെ അമ്മയായ നസ്ബുന്നീസയേയും (36) ജനുവരി 30ന് അറസ്റ്റ് ചെയ്തത്. നീലേഷ് രക്ഷ്യാല്‍ എന്നയാളുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് നാടകമെന്ന് പൊലീസ് ആരോപിച്ചിരുന്നു. നാടകത്തിന് സ്‌ക്രിപ്റ്റ് തയ്യാറാക്കിക്കൊടുത്തത് നസ്ബുന്നീസയാണ് എന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് നടത്തിയത്.

എബിവിപി പ്രവര്‍ത്തകര്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയെ സമീപിക്കുകയും ചെയ്തിരുന്നു. 4,5,6 ക്ലാസുകളിലെ കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. നാടകത്തില്‍ പങ്കെടുത്ത കുട്ടികളേയും അവരുടെ സഹപാഠികളേയും അഞ്ച് ദിവസം പൊലീസ് ചോദ്യം ചെയ്തത് വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു.


Next Story

Related Stories