TopTop
Begin typing your search above and press return to search.

കോവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ല; അടിയന്തിര ഘട്ടങ്ങളില്‍ ബാക്കപ്പ് വാക്‌സിനായി പരിഗണിക്കുമെന്ന് എയിംസ് മേധാവി

കോവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ല; അടിയന്തിര ഘട്ടങ്ങളില്‍ ബാക്കപ്പ് വാക്‌സിനായി പരിഗണിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ കോവിഡ് വാക്‌സിന്‍ കോവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനായിരിക്കും പ്രഥമ പരിഗണന. അടിയന്തിര ഘട്ടങ്ങളില്‍ കോവാക്‌സിന്‍ ബാക്കപ്പ് വാക്‌സിനായി പരിഗണിക്കുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലേറിയ വ്യക്തമാക്കി. പരീക്ഷണ ഘട്ടങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാതെ കോവാക്‌സിന് ഡിസിജിഐ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ പ്രതികരണം.

ആദ്യനാളുകളില്‍ കോവിഷീല്‍ഡ് ഉപയോഗിക്കും. വിതരണത്തിനായി അഞ്ച് കോടി ഡോസുകള്‍ തയ്യാറായിട്ടുണ്ട്. അവയുടെ വിതരണം പൂര്‍ത്തിയാകുമ്പോഴേക്കും കോവാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണവും പൂര്‍ത്തിയാകും. വാക്‌സിന്റെ ഡോസേജ്, ഫലപ്രാപ്തി, സുരക്ഷിതത്വം ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാകും വിതരണം ആരംഭിക്കുകയെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, അടിയന്തര ഉപയോഗത്തിന് കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുംവരെ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണം. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കണം. അതിനിടെ, രാജ്യത്ത് ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗിക്കാനാകുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അതേസമയം, വിദഗ്ധ പരിശോധനകള്‍ക്കുശേഷമാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് ഡിസിജിഐ മേധാവി ഡോ. വി.എസ് സോമാനി അറിയിച്ചത്. വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Next Story

Related Stories