ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന 243 അംഗ നിയമസഭയിലേക്കുള്ള 94 സീറ്റുകളിലേക്കാണ് ചൊവാഴ്ച പോളിങ് നടക്കുന്നത്. ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ് എന്നിവരുള്‍പ്പെടെ 1,463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
നരേന്ദ്ര മോദി തരംഗം നിലനിന്നിരുന്ന 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ബിജെപിക്ക് എതിരെ മുന്നേറ്റം നടത്തിയപ്പോഴും പാര്‍ട്ടിക്കൊപ്പം നിലനിന്ന നോര്‍ത്ത് ബീഹാറിലെ മിക്കമണ്ഡലങ്ങളും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 94 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. നോര്‍ത്ത് ബീഹാറിലെ 43 സീറ്റുകളില്‍ പകുതിയും ബിജെപിയാണ് കഴിഞ്ഞ തവണ നേടിയത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളില്‍ എന്‍ഡിഎയുടെ ഭാഗമായി ബിജെപി 46 സീറ്റിലും ജെഡിയു 43 സീറ്റിലും മത്സരിക്കുന്നു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂര്‍ മണ്ഡലമാണ് പ്രധാനം. ബിജെപിയുടെ സതീഷ് കുമാറാണ് എതിരാളി. തേജസ്വി യാദവിന്റെ മാതാവ് റാബ്രി ദേവിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ച ബിജെപി നേതാവാണ് സതീഷ് കുമാര്‍. തേജസ്വിയുടെ സഹോദരന് തേജ് പ്രതാപ് യാദവ് ഹസന്പൂര് മണ്ഡലത്തിലാണ് ജനവിധി തേടുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു എന്‍ഡിഎ പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ട് പോയത്. നിരവധി റാലികളിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. രാഷ്ട്രീയ ജനതാദള്‍, ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെട്ട മഹാസഖ്യത്തെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രധാനമന്ത്രി കടന്നാക്രമിച്ചത്. എന്നാല്‍, തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും, പോരാട്ടം തുടരുമെന്നാണ് തേജസ്വി യാദവ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ പ്രചാരണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുണ്ടോ എന്ന ചോദ്യത്തിനായിരുന്നു തേജസ്വി നിലപാട് വ്യക്തമാക്കിയത്. കഠിനമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പ്രതികരിച്ചു.
അതേസമയം, മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ സീമാഞ്ചല്‍ മേഖലയിലും രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നുണ്ട്. പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പം നില്ക്കുന്ന മേഖലയില്‍ ഇത്തവണ പക്ഷേ അല്പം ആശങ്കയുണ്ടാക്കുന്നുണ്ട്. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം നടത്തിയ അപ്രതീക്ഷിത കടന്നുവരവ് മുന്നണികളുടെ എല്ലാ കണക്കു കൂട്ടലുകകളെ ബാധിച്ചിട്ടുണ്ട്.
ബീഹാറിന് പുറമെ 10 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ രാജിവച്ച സീറ്റുകള്‍ ഉള്‍പ്പെടെ 28 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഗുജറാത്തില്‍ എട്ട്, ഉത്തര്‍പ്രദേശില്‍ ഏഴ്, ഒഡീഷ, നാഗാലാന്‍ഡ്, കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് വീതം സീറ്റുകളിലേക്കും. ഛത്തീസ്ഗഢ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഒരോ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.