TopTop
Begin typing your search above and press return to search.

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായത് ഒവൈസിയുടെ സാന്നിധ്യമാണോ അതോ കോണ്‍ഗ്രസിന്റെ പ്രകടനമോ? കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായത് ഒവൈസിയുടെ സാന്നിധ്യമാണോ അതോ കോണ്‍ഗ്രസിന്റെ പ്രകടനമോ? കണക്കുകള്‍ പറയുന്നത് ഇങ്ങനെ

വാശിയേറിയ മല്‍സരത്തിനൊടുവില്‍ ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തി. പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി 75 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനം തിരിച്ചടിയായപ്പോള്‍, ജെഡി(യു)വിന്റെ തകര്‍ച്ച വലിയ വിജയത്തില്‍നിന്ന് എന്‍ഡിഎയെ തടഞ്ഞു. ഇടതുപക്ഷത്തിന്റെ മികച്ച നേട്ടവും മല്‍സരിച്ച 20 സീറ്റില്‍ അഞ്ചിടത്ത് വിജയിച്ച അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പ്രകടനവുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സവിശേഷത. ഒവൈസിയുടെ പാര്‍ട്ടി മായാവതിയുടെ ബി എസ് പി, ഉപേന്ദ്ര കുഷ്വാഹയുടെ ആര്‍എസ്എല്‍പി തുടങ്ങിയ ബീഹാറിലെ ചെറുകക്ഷികളെ ചേര്‍ത്ത് മുന്നണിയായി മത്സരിച്ചതും വിജയിച്ചതും മഹാസഖ്യത്തിന്റെ സാധ്യതകളെ തളച്ചുവെന്ന വിലയിരുത്തലുകളും വന്നു തുടങ്ങി.

യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ പ്രകടനം ബീഹാറില്‍ പ്രതിഫലിച്ചത്? ബിഹാറില്‍ എന്‍ഡിഎ വിരുദ്ധരായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ചായിരുന്നില്ല മല്‍സരിച്ചത്. 2015 ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇടതുപാര്‍ട്ടികള്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മത്സരിച്ചുവെന്നത് മാത്രമാണ് ഇതിലുണ്ടായ വ്യത്യാസം. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടിയും ബിഎസ്പിയുമെല്ലാം മഹാസഖ്യത്തില്‍നിന്ന് വിട്ടുനിന്നാണ് മല്‍സരിച്ചത്. ഏകീകൃത പ്രതിപക്ഷത്തിന്റെ അഭാവം എന്‍ഡിഎയ്ക്ക് സഹായകരമായിട്ടുണ്ടാകാം. എന്നാല്‍ അതിനപ്പുറം എഐഎംഐഎമ്മിന്റെ സാന്നിധ്യം മഹാസഖ്യത്തെ എങ്ങനെയൊക്കെയാണ് ദോഷകരാമായി ബാധിച്ചത്? ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചത് 20 സീറ്റുകളിലാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ സീമാചഞ്ചല്‍ മേഖലയിലാണ് ഇവര്‍ക്ക് അഞ്ച് സീറ്റുകളില്‍ വിജയം നേടാനായത്. ബാക്കി 15 ഇടത്ത് എന്താണ് സംഭവിച്ചത്. അവരുടെ സാന്നിധ്യം ആരെയാണ് വിജയത്തില്‍നിന്ന് തടഞ്ഞത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിരിക്കെ കണക്കുകള്‍ എന്താണ് പറയുന്നത് എന്ന് നോക്കാം.

എഐഎംഐഎം മത്സരിച്ച ആറിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികൾ വിജയിച്ചത്. സാഹേബ് ഗഞ്ച്, നര്‍പത്ഗഞ്ച്, ചാറ്റപൂര്‍, റാണിഗഞ്ച്, പ്രാന്‍പൂര്‍, ബറാറി എന്നിവിടങ്ങളിലാണ് എഐഎംഐഎം മല്‍സരിക്കുകയും എന്‍ഡിഎ വിജയിക്കുകയും ചെയ്ത മണ്ഡലങ്ങള്‍.

എഐഎംഐഎം മല്‍സരിച്ച 15 സീറ്റില്‍ കിഷന്‍ഗഞ്ച് എന്ന മണ്ഡലത്തിലൊഴികെ മറ്റ് സ്ഥലങ്ങളില്‍ കാര്യമായ പ്രകടനം അവര്‍ക്ക് കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒടുവിലത്തെ വോട്ട് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കിഷന്‍ഗഞ്ചില്‍ 41, 904 വോട്ടുകള്‍ എഐഎംഐഎം പിടിച്ചതിന് ശേഷവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 1381 വോട്ടുകള്‍ക്ക് വിജയിക്കുകയാണ് ഉണ്ടായത്.

എന്നാല്‍ എഐഎംഐഎമ്മിന്റെ സാന്നിധ്യം മഹാ സഖ്യത്തിന്റെ സാധ്യത ഇല്ലാതാക്കിയത് എന്ന് പറയാവുന്നത് ഒരു മണ്ഡലത്തിലാണ്; റാണിഗഞ്ചില്‍. അവിടെ ഒവൈസിയുടെ എഐഎംഐഎം നേടിയത് 2412 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിച്ചതാകട്ടെ 2304 വോട്ടുകള്‍ക്കും. എഐഎംഐഎ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഈ സീറ്റ് എന്‍ഡിഎയ്ക്ക് കിട്ടില്ലായിരുന്നു എന്നത് ഉറപ്പാണ്. മറ്റൊരു മണ്ഡലം ബാറാറിയാണ്. ഇവിടെ 10,438 വോട്ടുകള്‍ക്കാണ് എന്‍ഡിഎയിലെ ജെഡി(യു) സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഈ മണ്ഡലത്തില്‍ എഐഎംഐഎമ്മിന് കിട്ടിയതാകട്ടെ 6598 വോട്ടുകളും. ആ വോട്ടുകള്‍ കിട്ടിയതു കൊണ്ട് മാത്രം ആര്‍ജെഡി സ്ഥാനാര്‍ത്ഥിക്ക് സാങ്കേതികമായി വിജയിക്കാനാകില്ലെങ്കിലും ഏക പ്രതിപക്ഷമായിരുന്നെങ്കില്‍ അതിന്റെ ആനുകൂല്യം മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമായിരുന്നു എന്ന് കരുതാം. എന്‍ഡിഎ ജയിച്ച മറ്റ് മണ്ഡലങ്ങളില്‍ കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ എഐഎംഐഎമ്മിന് കഴിഞ്ഞിട്ടില്ല. 508 മുതല്‍ 6598 വരെയാണ് ഈ മണ്ഡലങ്ങളില്‍ എഐഎംഐഎമ്മിന് ലഭിച്ച വോട്ടുകള്‍.

എഐഎംഐഎം ഇപ്പോള്‍ വിജയിച്ച അഞ്ച് സീറ്റുകളില്‍ നാലും മഹാസഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച മണ്ഡലങ്ങളാണ് എന്നാല്‍ അവിടുത്തെ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. ബെയ്‌സി മണ്ഡലം 2015 ല്‍ ആര്‍ജെഡി വിജയിച്ചതാണ്. ഇവിടെ ഇത്തവണ എഐഎംഐഎം വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എന്നാല്‍ ഇത്തവണ ബിജെപിയാണ്. മഹാസഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16,132 വോട്ടുകള്‍ക്കാണ് എഐഎംഐഎം ഇവിടെ വിജയിച്ചത്. എഐഎംഐഎം ഇത്തവണ വിജയിച്ചതില്‍ കൊച്ചാധമന്‍ മണ്ഡലം മാത്രമാണ് എൻഡിഎയിൽനിന്ന് (ജെഡിയുവില്‍ നിന്ന്) പിടിച്ചെടുത്തത്.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമായിരുന്നു ബഹാദുര്‍ഗഞ്ച്. ഇത്തവണ ഇവിടെ ജയിച്ചത് എഐഎംഐഎം. 45,000 ത്തിലധികം വോട്ടുകള്‍ക്കായിരുന്നു ജയം. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. ആകെ കിട്ടിയത് 30,204 വോട്ടും.

ജോകിഹട്ട് കഴിഞ്ഞ തവണ ആര്‍ജെഡി ജയിച്ച മണ്ഡലമായിരുന്നു. ഇത്തവണ എഐഎംഐഎം 7545 വോട്ടുകള്‍ക്ക് ജയിച്ചു. ഇവിടെ തോട്ടടുത്ത് തന്നെയായി ബിജെപി സ്ഥാനാര്‍ത്ഥിയുമുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണ് അമൗര്‍. ഇവിടെ ഇത്തവണ എഐഎംഐഎം. ഭൂരിപക്ഷം 52,000 ത്തിലധികം. കഴിഞ്ഞതവണ ജയിച്ച കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമായി.

മഹാസഖ്യത്തിന് വലിയ തോതില്‍ സീറ്റുകള്‍ കുറയാന്‍ എഐഎംഐഎം മല്‍സരിച്ചത് കാരണമായി എന്ന് കണക്കുകളില്‍ തെളിയുന്നില്ല. ഒരു സീറ്റില്‍ മാത്രമാണ് അത്തരത്തിലൊരു സാധ്യത നിലനിന്നത്. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച സ്ഥലത്തടക്കം മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസിന്റെ പ്രകടനം മഹാസഖ്യത്തിന് ബാധ്യതയാവുകയും ചെയ്തു. ആകെ മത്സരിച്ച 70 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് അവര്‍ വിജയിച്ചത്.


Next Story

Related Stories