TopTop
Begin typing your search above and press return to search.

'ബിഹാറില്‍ അവര്‍ക്ക് 70 സീറ്റ് നല്‍കാതിരുന്നെങ്കില്‍ ഫലം മറിച്ചായേനെ'; സഖ്യകക്ഷികള്‍ക്കും ബാധ്യതയാവുന്ന കോണ്‍ഗ്രസ്

ബിഹാറില്‍ അവര്‍ക്ക് 70 സീറ്റ് നല്‍കാതിരുന്നെങ്കില്‍ ഫലം മറിച്ചായേനെ; സഖ്യകക്ഷികള്‍ക്കും  ബാധ്യതയാവുന്ന കോണ്‍ഗ്രസ്

"ഇടതുപക്ഷത്തിന് കുറഞ്ഞത് 50 സീറ്റുകളും കോണ്‍ഗ്രസിന് 50 സീറ്റുകളും മഹാസഖ്യത്തില്‍ ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാവണമായിരുന്നു. അത് ചിലപ്പോള്‍ ഫലം തന്നെ മറ്റൊന്നാക്കിയേനെ", ഇങ്ങനെയായിരുന്നു ബീഹാറിലെ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ പ്രകടനത്തെ കുറിച്ച് സിപിഐ-എംഎല്‍ (ലിബറേഷന്‍) ദേശീയ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയുടെ പ്രതികരണം. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ഉണ്ടാക്കിയ ക്ഷീണത്തെ കുറിച്ച് പരോക്ഷമായെങ്കിലും കുറ്റപ്പെടുത്തുന്നതാണ് ഈ നിലപാട്.

ഒരോ നിമിഷത്തലും സസ്‌പെന്‍സ് നിറച്ചായിരുന്നു ബീഹാര്‍ തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിച്ചത്. മഹാസഖ്യം എന്ന പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ 31-കാരന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി സംസ്ഥാനത്തെ വലിയ ഒറ്റ കക്ഷിയായി. ഇടതുപക്ഷവും പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം കരുത്ത് തെളിയിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുന്നതിനിടെയായിരുന്നു ഈ ചെറുത്ത് നില്‍പ്.

144 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി 75 സീറ്റുകളില്‍ വിജയം കണ്ടു. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പക്ഷം 16 എണ്ണവും തങ്ങള്‍ക്കൊപ്പം നിര്‍ത്തി. 70 സീറ്റുകള്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 19 സീറ്റുകളില്‍ മാത്രമാണ്. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നടത്തിയ ദയനീയമായ പ്രകടനം മുന്നണിക്ക് പോലും ദോഷമായെന്ന വിലയിരുത്തല്‍ ശക്തമാവുന്നതും ഇവിടെയാണ്.

2015ല്‍ 41 സീറ്റില്‍ മത്സരിച്ചപ്പോള്‍ 27 സീറ്റില്‍ ജയിച്ചയിടത്തുനിന്നാണ് കോണ്‍ഗ്രസിന്റെ പതനം. പക്ഷേ 2005-ലെ ഒമ്പതില്‍ നിന്നും 2010-ലെ 10-ല്‍ നിന്നുമായിരുന്നു 2015 ലെ വളര്‍ച്ച. ഈ മുന്നേറ്റത്തിനിടയിലെ ആത്മവിശ്വാസത്തിലായിരുന്നു മഹാസഖ്യത്തില്‍ 70 സീറ്റുകള്‍ എന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചത്. പിടിച്ചെടുത്തു എന്നും പറയാം.

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ സജീവമായിക്കൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ബീഹാറിലെ പ്രചാരണ പരിപാടികള്‍ നടന്നത്. എന്നാല്‍ മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

തേജസ്വി യാദവിന്റെ പ്രചരണ മികവില്‍ ജയിച്ചു കയറാം എന്ന പ്രതീക്ഷകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ കൈമുതല്‍. എന്‍ഡിഎ സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം, നിതീഷ് കുമാര്‍ സര്‍ക്കാറിനോടുള്ള യുവാക്കള്‍ക്കുള്ള അതൃപ്തി, ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ബിജെപിയോടുള്ള അകല്‍ച്ച, ഭൂമിഹാര്‍ വിഭാഗം തങ്ങളില്‍നിന്നകന്നിട്ടുണ്ട് എന്ന ജെഡി(യു)വിന്റെ വിലയിരുത്തല്‍ എന്നിവയായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ വച്ച് പുലര്‍ത്തിയ മറ്റു ഘടകങ്ങള്‍. എന്നാല്‍ ഇവയെല്ലാം മഹാസഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് സഹായം ചെയ്‌തെങ്കിലും കോണ്‍ഗ്രസിന് മാത്രം അന്യം നിന്നു എന്ന് വേണം വിലയിരുത്താന്‍. ചമ്പാരനിലെ 22 സീറ്റില്‍ മാത്രം കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് 11 സീറ്റുകളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വലിയ തിരിച്ചടി നേരിടുമ്പോഴും കോണ്‍ഗ്രസ് ഇപ്പോഴും പഴിക്കുന്നത് വോട്ടിങ്ങ് യന്ത്രത്തെയും മറ്റ് പാര്‍ട്ടികളുടെ കടന്നുവരവിനെയുമാണ്. അഞ്ച് സീറ്റുകള്‍ നേടിയ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വോട്ടുകള്‍ ഭിന്നിപ്പിച്ചെന്നാണ് ഇതില്‍ പ്രധാനം. എന്നാല്‍ അടിത്തട്ടില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നില്ലെന്ന് മറ്റു പാര്‍ട്ടി നേതാക്കളും തെരഞ്ഞെടുപ്പ് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍.

എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് ബിഹാറില്‍ വിജയം പ്രവചിച്ചതോടെ ജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങളായിരുന്ന കോണ്‍ഗ്രസ് നടത്തിയത്. ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സിങ് സുര്‍ജേവാലയെയും അവിനാഷ് പാണ്ഡെയേയും ഇതിനായി പാര്‍ട്ടി കേന്ദ്രനേതൃത്വം ബിഹാറിലേക്കയയ്ക്കുകയും ചെയ്തു. തങ്ങള്‍ മത്സരിപ്പിച്ചവരെ പാര്‍ട്ടിക്ക് പോലും വിശ്വാസമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ നീക്കം.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കോണ്‍ഗ്രസ് തോല്‍വികളുടെ കാരണമായി ഉയര്‍ത്തിക്കാട്ടുന്ന രീതി അവസാനിപ്പിക്കണം എന്ന് പാര്‍ട്ടി നേതാക്കളില്‍ നിന്നു തന്നെ ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. ബിഹാര്‍ ഫലപ്രഖ്യാപനത്തിന് ശേഷം മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ആയിരുന്നു ഈ പ്രതികരണം നടത്തിയത്.

ഇതിന് പുറമെയാണ് കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ മഹാസഖ്യത്തിന് ഉള്ളില്‍ നിന്നും അതൃപ്തി. ഇടതുപാര്‍ട്ടികളുടെ പ്രകടത്തെ കുറിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരുടെ പ്രതികരണങ്ങള്‍ തന്നെ ഇതിന് ഉദാഹരണമാണ്.

ഇടതുപാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നതായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ വിജയം ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കുന്നതിന് പകരം ഞങ്ങള്‍ക്ക് 50 സീറ്റുകള്‍ തന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്ന് ആയേനെ എന്നായിരുന്നു ദീപാങ്കര്‍ ഭട്ടാചാര്യ അഭിപ്രായപ്പെട്ടത്. നേരത്തെ ഒരു സഖ്യം രൂപീകരിക്കാനും സീറ്റ് വിഭജനം കൂടുതല്‍ യുക്തിസഹമായിരിക്കാനും കഴിയുമായിരുന്നുവെങ്കില്‍ ഫലം കൂടുതല്‍ മികവുറ്റതാകുമായിരുന്നു. ഇടതുപക്ഷത്തിന് കുറഞ്ഞത് 50 സീറ്റുകളും കോണ്‍ഗ്രസിന് 50 സീറ്റുകളും ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാവണമായിരുന്നു. അത് ന്യായമായ വിതരണമാവുമായിരുന്നെന്നും ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തന്നെ കോണ്‍ഗ്രസ് ബാധ്യതയായി മാറിയെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ അജോയ് ബോസ് കഴിഞ്ഞ ദിവസം തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷത്തിന് ബാധ്യതയായിരിക്കുന്നത് ഇടതുപാര്‍ട്ടികളല്ലെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. ജനാധിപത്യപാതയിലേയ്ക്ക് വന്ന മുന്‍ നക്സല്‍ പാര്‍ട്ടിയാണ് സിപിഐഎംഎല്‍. ഇവരെ മുന്നണിയുടെ ഭാഗമാക്കുന്നതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അജോയ് ബോസിന്റെ പ്രതികരണം.

ബിഹാറിനു പുറമേ 11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന 58 സീറ്റുകളിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത്തിനൊപ്പം പോയ 28 സീറ്റുകളില്‍ 19 എണ്ണത്തിലും വിജയിച്ചത് ബിജെപിയാണ്. ഒമ്പത് എണ്ണത്തിലാണ് കോണ്‍ഗ്രസ് ഇവിടെ ജയിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുന്നില്‍ നിന്ന് നയിച്ച ഉത്തര്‍ പ്രദേശിലാകട്ടെ തെരഞ്ഞെടുപ്പ് നടന്ന ഏഴു സീറ്റില്‍ ആറെണ്ണത്തില്‍ വിജയിച്ചത് ബിജെപിയും ഒരെണ്ണം എസ് പിയുമാണ്‌. ഗുജറാത്തിലെ എട്ടു സീറ്റിലും ബിജെപി വിജയിച്ചു. 2017 ഉത്തര്‍ പ്രദേശ്‌ നിയമസഭ തെരഞ്ഞെടുപ്പിള്‍ എസ്‌.പി-ബിഎസ്പി സഖ്യം ഒരുമിച്ച് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടാത്തതിന് കാരണമായി പറഞ്ഞത് ഉള്ള വോട്ടുകള്‍ കൂടി നഷ്ടപ്പെടും എന്നായിരുന്നു. 'അര്‍ഹിക്കുന്നതി'നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വിലപേശി വാങ്ങുകയും എന്നാല്‍ ദുര്‍ബലമായ സംഘടനാ സംവിധാനവും നേതൃത്വമില്ലായ്മയും മൂലം സഖ്യകക്ഷികള്‍ക്ക് കൂടി ബാധ്യതയാവുകയും ചെയ്യുന്നു എന്നതാണ് കോണ്‍ഗ്രസിനെ കുറിച്ച് ഇപ്പോഴുള്ള വിലയിരുത്തല്‍.


Next Story

Related Stories