പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനും പ്രതിപക്ഷം ഉറ്റു നോക്കുന്ന ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിനും ഏറെ നിര്‍ണായകമായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തു വരും. എക്സിറ്റ് പോള്‍ ഫലങ്ങളനുസരിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്റെ മഹാഗഡ്ബന്ധന് അഥവാ മഹാസഖ്യം ബിഹാര്‍ പിടിക്കുമെന്നാണ് സൂചനയെങ്കിലും ഇരു മുന്നണികളും പ്രതീക്ഷകള്‍ കൈവിടുന്നില്ല. എന്നാല്‍ മഹാസഖ്യത്തെ അതിലേറെ പേടിപ്പിക്കുന്നത് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചാലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി അനുവദിക്കുമോ എന്നതാണ്. അതുകൊണ്ടു തന്നെ ഏതു സാഹചര്യത്തേയും നേരിടാനുള്ള ഒരുക്കത്തിലാണ് ആര്‍ജെഡിയും കോണ്‍ഗ്രസും.
എക്സിറ്റ് പോള്‍ ഫലങ്ങളനുസരിച്ച് ജെഡി(യു)-ബിജെപിയെക്കാള്‍ ഏതാനും സീറ്റുകളെങ്കിലും മഹാസഖ്യത്തിന് വിജയിക്കും എന്നതാണ്. എന്‍ഡിഎ സഖ്യം 115 സീറ്റുകള്‍ വരെ നേടുമ്പോള്‍ മഹാസഖ്യം 120 സീറ്റുകളിലെങ്കിലും വിജയിക്കാമെന്നും ഇത് 160 വരെ പോകാമെന്നും പ്രവചനങ്ങള്‍ പറയുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മഹാസഖ്യത്തിനാണ് നേരിയ ലീഡ് പ്രവചിച്ചിരിക്കുന്നത്. ഒപ്പം, പിതാവ് രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ചിരാഗ് പാസ്വാന്റെ എല്‍ജെപി നാലോ അഞ്ചോ സീറ്റുകളുമായി തകര്‍ന്നടിയുമെന്നും സൂചനകളുണ്ട്. അതേ സമയം, മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായ നിതീഷ് കുമാറായിരുന്നു ചിരാഗ് പാസ്വാന്റെ ഉന്നം. ബിജെപിക്ക് വേണ്ടിയാണ് ഇതെന്ന് തുടക്കത്തില്‍ ആരോപണം ഉയരുകയും ചെയ്തു. എന്നാല്‍ കളം കൈവിടുന്നു എന്ന് മനസിലായതോടെ പാസ്വാനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വവും രംഗത്തെത്തി. ഫലത്തില്‍ മോദിയെ മുന്നില്‍ നിര്‍ത്തി ജെഡി(യു)വും എല്‍ജെപിയും വെവ്വേറെ വോട്ട് പിടിക്കുന്ന സാഹചര്യമായിരുന്നു ബിഹാറില്‍ ഉണ്ടായിരുന്നത്. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത് പക്ഷേ, ആര്‍ജെഡിക്ക് ഗുണകരമാവുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ നിതീഷ് കുമാറിനെ പിന്തള്ളി 44 ശതമാനം പേര് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് തേജസ്വി യാദവിനെയാണ്.
ശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു നിതീഷ് കുമാര്‍ നേരിട്ട പ്രശ്നം. ബിജെപിയുമായി തുല്യനിലയില്‍ സീറ്റുകള്‍ പങ്കിട്ടെങ്കിലും ഒരുവേള മോദിയുടെ പേരില്‍ പോലും അദ്ദേഹത്തിന് വോട്ട് ചോദിക്കേണ്ടി വന്നു. നിതീഷിന്റെ പ്രചരണ പരിപാടികളില്‍ ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന് അനുകൂലമായി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതും അദ്ദേഹത്തിന് നേരെ ഉള്ളി, കല്ലേറ് ഉണ്ടായതുമൊക്കെ ഇത്രകാലത്തെ നിതീഷ് കുമാറിനെ്റ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. നിതീഷിനെ പിന്തള്ളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് സാധ്യതയെന്നും നിതീഷിനെ്റ കാലം കഴിയുന്നതോടെ പിന്തുടര്ച്ചക്കാരില്ലാതെ ജെഡി(യു) അവസാനിക്കും എന്നതിനാണ് നിലവിലെ സാധ്യതകള്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചിരാഗ് പാസ്വാനെ നിതീഷിനെതിരെ രംഗത്തിറക്കാന്‍ ബിജെപി നേതൃത്വം തുടക്കത്തില്‍ ചരട് വലിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേ സമയം, അപ്രതീക്ഷിതമായി ലഭിച്ച സാധ്യതകളുടെ ആഹ്ളാദത്തിലാണ് മഹാസഖ്യം. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ ബിജെപി-ജെഡി(യു) സഖ്യം സംസ്ഥാനം പിടിക്കുമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകളത്രയും. എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ഇന്നും ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാവാണ് മോദിയെന്നതും ഒപ്പം ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും നിതീഷ് കുമാറിന്റെ പ്രതിച്ഛായയുടേയും പുറത്ത് എന്‍ഡിഎ അധികാരത്തില്‍ വരുമെന്നു തന്നെയായിരുന്നു പ്രചരണം. അതേ സമയം, തകര്‍ന്ന കപ്പലായിരുന്നു ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം. ആര്‍ജെഡിക്ക് മികച്ച അടിത്തറയുണ്ടെങ്കിലും കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളും അധികാര തര്‍ക്കങ്ങളും പാര്‍ട്ടിയെ അലട്ടിയിരുന്നു. ഒപ്പം, കോണ്‍ഗ്രസിനാകട്ടെ, ഇതുവരെ കളം പിടിക്കാനും സാധിച്ചിട്ടുണ്ടായിരുന്നില്ല. അതേ സമയം തന്നെ ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതുസഖ്യം രൂപകരിക്കാന് സാധിച്ചത് അപ്രതീക്ഷിതമായാണ്. എല്ലാക്കാലത്തും എതിര്‍ചേരിയില്‍ നില്ക്കുന്ന രണ്ടു പാര്‍ട്ടികളാണ് ആര്‍ജെഡിയും ബിഹാറിലെ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സിപിഐ (എംഎല്)-ഉം. എം.എല്‍ നേതാക്കളെ ഏറ്റവും കൂടുതല്‍ കൊന്നു തള്ളിയിട്ടുള്ളതും ആ പാര്‍ട്ടിയെ തകര്‍ക്കാനും മുന്നില്‍ നിന്നത് ആര്‍ജെഡിയിലെ 'ഗുണ്ടാ' നേതാക്കളാണ്. എന്നാല്‍ ഇത്തവണ ആര്‍ജെഡിയും സി.പി.ഐ(എം.എല്‍)-ഉം കൈകോര്ത്തതിനാണ് ബിഹാര്‍ സാക്ഷ്യം വഹിച്ചത്. സിപിഎമ്മും സിപിഐയും ഇവിടെ ദുര്‍ബലവുമാണ്. എം.എല്‍ ഇത്തവണ 15 സീറ്റുകള്‍ വരെ പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
പ്രചരണം മുറുകി വന്നതോടെ കാര്യങ്ങള്‍ മാറുന്നതാണ് കണ്ടത്. തേജസ്വി യാദവിന്റെ പ്രചരണങ്ങള്‍ക്ക് യുവാക്കളുടെ വലിയ പ്രാതിനിധ്യമായിരുന്നു ഉണ്ടായത്. ദിവസനെ 12-15 വരെ പ്രചരണ യോഗങ്ങളില്‍ പങ്കെടുത്തു കൊണ്ട് തേജസ്വി ബിഹാര്‍ മുഴുന്‍ നിറഞ്ഞു. മോദിയുടേയും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടേയും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടെയും പ്രചരണ യോഗങ്ങളേക്കാള്‍ ദേശീയ മാധ്യമങ്ങളടക്കം ശ്രദ്ധ വച്ചത് തേജസി യാദവിന്റെ പ്രചരണ പരിപാടികളെയാണ്. തേജസ്വിയെ എഴുതിത്തള്ളിയ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു എന്ന വിലയിരുത്തലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് മുന്നേ തന്നെ പുറത്തു വന്നതും.
ആര്‍ജെഡി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുമ്പോഴും തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകള്‍ ആരും തള്ളിക്കളയുന്നില്ല. ഇങ്ങനെയൊരു സാധ്യതയുണ്ടായാല്‍ ഇപ്പോള്‍ പുറത്തു നില്ക്കുന്ന ചെറുകക്ഷികളെയെല്ലാം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതു മുന്നില്‍ കണ്ടു കൊണ്ടു കൂടിയാണ് മഹാഗഡ്ബന്ധന്റെ നീക്കങ്ങള്‍. ആജെഡിയുടെ അപ്രമാദിത്വം അംഗീകരിച്ചു കൊണ്ടു തന്നെ രണ്ടാം കക്ഷിയായി മത്സരരംഗത്തിറങ്ങിയ കോണ്‍ഗ്രസ് ഇത്തവണ വല്യേട്ടന് മനോഭാവത്തിനും ഇടംകൊടുത്തിട്ടില്ല. തുക്കുമന്ത്രിസഭ എന്ന സാഹചര്യമുണ്ടായാല്‍ എവിടെ നിന്നൊക്കെ പിന്തുണ ഉണ്ടാകും എന്നതാണ് ഇപ്പോള്‍ ഇരു മുന്നണികളും ഉറ്റു നോക്കുന്നത്. മഹാഗഡ്ബന്ധന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവ് വരുത്തുമെന്ന് കരുതുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും മായാവതിയുടെ ബിഎസ്പിയും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും ചേര്‍ന്ന ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്കുലര്‍ ഫ്രണ്ടും മറ്റ് ചെറുകക്ഷികളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്സുമൊക്കെ ഏതെങ്കിലും സീറ്റില്‍ വിജയിച്ചാല്‍ ഇവര്‍ ആര്‍ക്കൊപ്പം പോകും എന്നതും നാളെ നിര്‍ണായകമായിരിക്കും. അതിനൊപ്പമാണ് ജയിക്കുന്ന എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ഉറപ്പിച്ചു നിര്‍ത്തേണ്ട കോണ്‍ഗ്രസിന്റെ ബാധ്യതയും. ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, അവിനാശ് പാണ്ഡേ എന്നിവരെ കോണ്‍ഗ്രസ് നേതൃത്വം ഇതിനകം തന്നെ ബിഹാറിലേക്ക് അയച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുന്ന പക്ഷം എംഎല്‍എമാരെ പാറ്റ്നയിലെ ഹോട്ടലിലേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്.