TopTop
Begin typing your search above and press return to search.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുൻ മാനേജറുടെ മരണവും ബിഹാർ പൊലീസ് അന്വേഷിക്കും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുൻ മാനേജറുടെ മരണവും ബിഹാർ പൊലീസ് അന്വേഷിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നിലെ ആത്മഹത്യാപ്രേരണ സംബന്ധിച്ച് അന്വേഷിക്കുന്ന ബിഹാർ പൊലീസ്, സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയാന്റെ മരണം സംബന്ധിച്ചും അന്വേഷണം നടത്തും. സുശാന്ത് സിംഗിന്റെ അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ, കാമുകി റിയ ചക്രബർത്തി അനധികൃതമായി ട്രാൻസ്ഫർ ചെയ്തെന്നും സുശാന്തിനെ റിയ മാനസികമായി പീഡിപ്പിച്ചെന്നും പിതാവ് കൃഷ്ണകുമാർ സിംഗ് പാറ്റ്ന പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെടുത്ത എഫ്ഐആറിലാണ് അന്വേഷണം നടത്തുന്നത്. ബിഹാർ പൊലീസ് സംഘം മുംബൈയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റിയ ചക്രബർത്തിയെ കണ്ടെത്താനായിട്ടില്ല എന്നാണ് ബിഹാർ പൊലീസ് ഇന്നലെ പറഞ്ഞത്.

സുശാന്തിന്റെ മാനേജർ ആയിരുന്ന 28കാരിയായ ദിശ സാലിയാൻ മുംബൈയിലെ മലാഡിലുള്ള ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി എന്നാണ് പറയുന്നത്. ജൂൺ 8നാണ് ദിശ സാലിയാന്റെ മരണം. ജൂൺ 8 വരെ സുശാന്തിനൊപ്പം, സുശാന്തിന്റെ അപ്പാർട്ട്മെന്റിലാണ് താൻ താമസിച്ചിരുന്നത് എന്നാണ് റിയ ചക്രബർത്തി സുപ്രീം കോടതിയെ അറിയിച്ചത്. ആത്മഹത്യാപ്രേരണ കേസ് പാറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നടിയും മോഡലുമായ റിയ ചക്രബർത്തി സുപ്രീം കോടതിയെ സമീപിച്ചത്. ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുശാന്തും റിയയും റിയയുടെ സഹോദരനും ചേർന്ന് സ്ഥാപിച്ച രണ്ട് കമ്പനികളിലെ നിക്ഷേപങ്ങൾ നിയമാനുസൃതമുള്ളതാണോ എന്ന് ബിഹാർ പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിക്കുന്നുണ്ട്. പണ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തത് സുശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിഥാനിയെ ചോദ്യം ചെയ്യുമെന്ന് ബിഹാർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി സുശാന്തിനൊപ്പമായിരുന്നു സിദ്ധാർത്ഥ് താമസിച്ചത്. സിദ്ധാർത്ഥിന്റെ പേരിലുള്ള മൊബൈൽ നമ്പറുകളിലൊന്ന് സുശാന്ത് ഉപയോഗിച്ചിരുന്നു. സിദ്ധാർത്ഥ് പിതാനിയുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നാണ് ബിഹാർ പൊലീസ് പറയുന്നത്.

അതേസമയം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖും ബിഹാർ പൊലീസും തള്ളി. എന്നാൽ സിബിഐ അന്വേഷണം കുടുംബം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നാണ് ബിഹാർ സർക്കാരിന്റെ നിലപാട്. അതേസമയം മുംബയ് പൊലീസ് നിലവിൽ അന്വേഷിക്കുന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ റിയ ചക്രബർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഏറെ വികാരഭരിതയായി ഒരു വീഡിയോയിലൂടെ റിയ ചക്രബർത്തി സിബിഐ അന്വേഷണം വേണമെന്ന് ആവർത്തിച്ചിരുന്നു.


Next Story

Related Stories