TopTop
Begin typing your search above and press return to search.

തമിഴ്നാട്ടില്‍ ബിജെപി നടപ്പാക്കുക ബിഹാര്‍ മോഡല്‍; എഐഎഡിഎംകെയെ കാത്തിരിക്കുന്നത് ജെഡി(യു)വിന്റെ വിധി

തമിഴ്നാട്ടില്‍ ബിജെപി നടപ്പാക്കുക ബിഹാര്‍ മോഡല്‍; എഐഎഡിഎംകെയെ കാത്തിരിക്കുന്നത് ജെഡി(യു)വിന്റെ വിധി

തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായരായ രണ്ടു പേര്‍ വിടവാങ്ങിയതോടെ ഉണ്ടായ രാഷ്ട്രീയ ശൂന്യത തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ബിജെപി. മാറി മാറി തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെ നേതാവ് എം. കരുണാനിധിയും എഐഎഡിഎംകെ നേതാവ് ജെ ജയലളിതയും അന്തരിച്ചത് സംസ്ഥാനത്ത് ബിജെപിക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കിയിട്ടുണ്ടെന്നത് രാഷ്ട്രീയ നിരീക്ഷകരുള്‍പ്പെടെ വ്യക്തമാക്കുന്ന കാര്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കഴിഞ്ഞ ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനവും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എഐഎഡിഎംകെയുമായി സഖ്യം തുടരാനുള്ള തീരുമാനവും ഈ ഹിന്ദി വിരുദ്ധ ദക്ഷിണേന്ത്യന്‍ സംസ്ഥാനം പിടിക്കാന്‍ ബിജെപി തീവ്രശ്രമം തുടരുന്നു എന്നതിന്റെ സൂചന തന്നെയാണ്. അതായത്, ഒരു ബിഹാര്‍ മോഡലാണ് ബിജെപി തമിഴ്‌നാട്ടിലും പുറത്തെടുക്കുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണ് നേരിട്ടുള്ള ഏറ്റുമുട്ടല്‍. ജയലളിതയുടെ കാലം കഴിഞ്ഞതോടെ ഭിന്നിച്ചു നില്‍ക്കുന്ന ഒ. പന്നീര്‍ശെല്‍വം ഇ. പളനിസ്വാമി ഗ്രൂപ്പുകള്‍ ഒന്നിച്ച് ഭരണം നിലനിര്‍ത്തുന്നുണ്ടെങ്കില്‍ പോലും അതിനു ചുക്കാന്‍ പിടിക്കുന്നത് ബിജെപിയാണെന്നത് പരസ്യമായ രഹസ്യമാണ്. എഐഎഡിഎംകെയുമായി ചേര്‍ന്ന് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ തന്നെ സ്വന്തം നിലയില്‍ വളരാനുള്ള സാഹചര്യങ്ങളും ബിജെപി തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട്. പെരിയാറിനെ ആക്രമിക്കുന്നതായാലും ദ്രാവിഡ മുന്നേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ത്തി വിടുന്ന വിവാദ വിഷയങ്ങളായാലും സംസ്ഥാന ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതുവരെ ആരും തൊടാന്‍ മടിക്കാതിരുന്ന വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധയെ എത്തിക്കാന്‍ കഴിയുന്നുണ്ട്. അതിനു പുറമെയാണ് ഈയടുത്ത് മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അയോധ്യാ മാതൃകയില്‍ വെട്രിവേല്‍ യാത്രകള്‍ നടത്തിയതും. അതായത്, എഐഎഡിഎംകെയെ ഒപ്പം നിര്‍ത്തിക്കൊണ്ടു തന്നെ തമിഴ്‌നാട്ടില്‍ സ്വന്തം നിലയില്‍ വളരുക എന്നതാണ് ബിജെപിയുടെ അജണ്ട. നിതീഷ് കുമാറിനെ സഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായി വാഴിച്ചുകൊണ്ട് സ്വന്തം നിലയില്‍ വളരുകയും ഭാവിയില്‍ ജെഡി-യുവിന്റെ അന്ത്യം കുറിക്കുകയും ചെയ്യുക. അതിന്റെ ലക്ഷണങ്ങള്‍ ബിഹാറില്‍ ഇത്തവണ കാണുകയും ചെയ്തു. 74 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ ജെഡി-യു കേവലം 43 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിക്കാന്‍ നിതീഷ് കുമാര്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്നിരിക്കെ, ബിഹാറിലെ ഭരണപാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞു.

ഇതേ മാതൃക തമിഴ്‌നാട്ടിലും സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നതാണ് ഇതുവരെ പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെ ഒ.പി.എസ്-ഇ.പി.എസ് പക്ഷങ്ങള്‍ മുഖ്യമന്ത്രി പദത്തിനും പാര്‍ട്ടി പിടിക്കുന്നതിനുമായി തമ്മിലടിച്ചപ്പോള്‍ ഇടനില നിന്നത് കേന്ദ്ര ബിജെപി നേതൃത്വമായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയാണ് ഇരുകൂട്ടരും ഒത്തുതീര്‍പ്പിലേക്ക് എത്തിയതും ഭരണം നിലനിര്‍ത്തിയതും. എന്നാല്‍ എഐഎഡിഎംകെ തണലില്‍ വളരുകയും ഭാവിയില്‍ തങ്ങളെ ഇല്ലായ്മ ചെയ്ത് വളരുകയും ചെയ്യുക എന്ന ബിജെപി തന്ത്രങ്ങള്‍ എഐഎഡിഎംകെ നേതാക്കള്‍ക്കും ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ വെട്രിവേല്‍ യാത്രയ്‌ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ബിജെപിയെ പിണക്കിക്കൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ എഐഎഡിഎംകെയ്ക്ക് തമിഴ്‌നാട് ഭരിക്കാന്‍ കഴിയില്ല എന്നതിനാല്‍ അമിത് ഷാ എത്തിയപ്പോള്‍ മുഖ്യനും ഉപമുഖ്യനും നേരിട്ട് സ്വീകരിക്കാനെത്തി എന്നതും ശ്രദ്ധേയമാണ്.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഏറെക്കുറെ അസാധ്യമാവുകയും വോട്ട് വിഭജിക്കുന്ന രീതിയിലേക്ക് കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി വളരുകയും ചെയ്യുമ്പോള്‍ ബിജെപിക്ക് മുമ്പിലുള്ള ഏക വെല്ലുവിളി ഡിഎംകെ മാത്രമാണ്. എന്നാല്‍ ഡിഎംകെ കുടുംബത്തില്‍ നിന്ന് കരുണാനിധിയുടെ മൂത്ത മകനും മധുര മേഖലയിലെ ശക്തനുമായ അഴഗിരിയെ അടര്‍ത്തിയെടുക്കുക എന്ന ബിജെപി ലക്ഷ്യം സാധ്യമാവുകയാണ്. ഡിഎംകെ നിലനിന്നാല്‍ പോലും എഐഎഡിഎംകെയുടെ ശേഷി ഉപയോഗിച്ച് വളരുകയും പിന്നീട് സംസ്ഥാനത്ത് ശക്തമാവുകയും ചെയ്യാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ഡിഎംകെയില്‍ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയ കരുണാനിധിയുടെ പരമ്പരയില്‍ പെട്ടവര്‍ തന്നെ രാഷ്ട്രീയ നേതൃത്വത്തിലുള്ളതു കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കുക അത്ര എളുപ്പമല്ല. എന്നാല്‍ പരസ്പരം പോരടിക്കുന്ന പല വിഭാഗങ്ങളുള്ള എ.ഐ.എ.ഡി.കെയില്‍ അതല്ല സ്ഥിതി. ഏതു നിമിഷവും ബിജെപിയിലേക്ക് ചേക്കേറാവുന്ന നേതൃത്വവും അണികളും തന്നെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുവഴി കര്‍ണാടക കഴിഞ്ഞാല്‍ ബിജെപിക്ക് ശക്തമായ സാന്നിധ്യമാകുന്ന സംസ്ഥാനമായി തമിഴ്‌നാടിനെ മാറ്റുകഃ 39 ലോക്‌സഭാ സീറ്റുകള്‍ ഉള്ള ഈ സംസ്ഥാനം പാര്‍ട്ടിക്ക് ദേശീയതലത്തിലും ഏറെ നിര്‍ണായകമാണ് താനും. ഡിഎംഡികെ, പിഎംകെ തുടങ്ങിയ പാര്‍ട്ടികളും കേന്ദ്രത്തില്‍ സര്‍വശക്തരായി ബിജെപിയുള്ളപ്പോള്‍ സഖ്യം വിട്ടുപോകാനും സാധ്യതയില്ല. നാമാവശേഷമായിക്കഴിഞ്ഞ കോണ്‍ഗ്രസും ചില പോക്കറ്റുകളില്‍ മാത്രമുള്ള ഇടതുപക്ഷവും വലിയ വെല്ലുവിളിയല്ല എന്നതും തമിഴ്‌നാടിനെ ബിജെപിയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്യുന്നു.


Next Story

Related Stories