TopTop
Begin typing your search above and press return to search.

ബിജെപി സഖ്യകക്ഷികളും ഇടയുന്നു, പൗരത്വ റജിസ്റ്റർ വേണ്ടെന്ന് ജെ ഡി യു, പൗരത്വ ഭേദഗതിക്ക് പിന്തുണയില്ലെന്ന് അസം ഗണ പരിഷത്ത്

ബിജെപി സഖ്യകക്ഷികളും ഇടയുന്നു, പൗരത്വ റജിസ്റ്റർ വേണ്ടെന്ന് ജെ ഡി യു,  പൗരത്വ ഭേദഗതിക്ക് പിന്തുണയില്ലെന്ന് അസം ഗണ പരിഷത്ത്

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രക്ഷോഭത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ബിജെപിയെ വെട്ടിലാക്കി ഘടകകക്ഷികളും ഉടക്കുന്നു. രാജ്യത്തെമ്പാടും പൗരത്വ രജിസ്റ്റര്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്ന ജനതാ ദള്‍ യുണൈറ്റഡ് വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച പാര്‍ട്ടിയാണ് ജെഡിയു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച അസം ഗണ പരിഷത്തും നിലപാട് മാറ്റി. നിയമ ഭേദഗതിയെ അനുകൂലിക്കേണ്ടെന്ന് ഇന്നലെ ചേർന്ന പാർട്ടി യോഗം തീരുമാനിച്ചു. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. അസമിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അസം ഗണ പരിഷത്ത്.

പൗരത്വ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും എജിപി തീരുമാനിച്ചു. ഭേദഗതിയെ അനുകൂലിച്ചതിനെതിരെ പാർട്ടിയിലുണ്ടായ കലാപമാണ് നിലപാട് മാറ്റാൻ നേതൃത്വത്തെ നിർബന്ധിതമാക്കിയത്. ഇതോടെ ബിജെപി വലിയ പ്രതിസന്ധിയിലാണ് പെട്ടത്. ഇതിനുപുറമെയാണ് നിതീഷ് കൂമാറും നിലപാട് തുറന്നു പറഞ്ഞത്.

പൗരത്വ റജിസ്റ്ററിനെതിരാണ് പാര്‍ട്ടിയെന്ന കാര്യം ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജെ ഡി യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഇക്കാര്യം പാര്‍ട്ടി നേതാവ് കെ സി ത്യാഗിയും ആവർത്തിച്ചു. എന്‍ ആര്‍ സിയെ അനുകൂലിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യത്തെമ്പാടും നടപ്പിലാക്കുമെന്ന ബിജെപിയുടെ തീരുമാനത്തിനെതിരെ രംഗത്തുവരുന്ന ആദ്യത്തെ ഘടകകക്ഷിയാണ് ജനാതദള്‍ യുണൈറ്റഡ്.
ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കാനുള്ള ജനതാദള്‍ യുണൈറ്റഡിന്റെ തീരുമാനത്തില്‍ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരുമാനം തെറ്റാണെന്ന് പ്രശാന്ത് കിഷോര്‍ പരസ്യമായി തന്നെ അഭിപ്രായപ്പെടുകയും ചെയ്തു. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെയ്ക്കാനുള്ള സന്നദ്ധത പ്രശാന്ത് കിഷോര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ നിതീഷ് കുമാറുമായുള്ള ചർച്ചയിൽ ഇരു നേതാക്കളും തമ്മിൽ യോജിപ്പിലെത്തിയെന്നാണ് സൂചന. എന്‍ ആര്‍ സിയും പൗരത്വ നിയമ ഭേദഗതിയും കൂട്ടി ചേര്‍ക്കുന്നത് വിവേചനപരമായിരിക്കുമെന്ന നിലപാടാണ് പാര്‍ട്ടി അധ്യക്ഷനുള്ളതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കേരളം, ബംഗാള്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. നാളെ തിരുവനന്തപുരത്ത് യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റയും നേതൃത്വത്തിൽ പ്രതിഷേധം നടക്കും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അസമില്‍ ഇന്ന് സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ അയവ് വരുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് വരെയാണ് കര്‍ഫ്യൂവില്‍ അയവുവരുത്തിയത്. ബംഗാളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ജനങ്ങളോട് സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. അതിനിടെ ക്രമസമാധാന നില തകരാറിലായ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യവുമായി സംസ്ഥാന ബിജെപി ഘടകം രംഗത്തെത്തി.


Next Story

Related Stories