TopTop
Begin typing your search above and press return to search.

'ഇന്ത്യയില്‍ ഫേസ്ബുക്കിനെയും വാട്സാപ്പിനെയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസ്സും': വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടുമായി രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ഫേസ്ബുക്കിനെയും വാട്സാപ്പിനെയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസ്സും: വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടുമായി രാഹുല്‍ ഗാന്ധി

ഫേസ്ബുക്കിനെയും വാട്സാപ്പിനെയും ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസ്സുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ രണ്ട് മാധ്യമങ്ങളിലൂടെ അവര്‍ വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണ്. ഇവയുടെ ദുരുപയോഗത്തിലൂടെ വോട്ടര്‍മാരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാനും ബിജെപിക്കും ആര്‍എസ്എസ്സിനും സാധിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാള്‍ സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് രാഹുല്‍‌ ഗാന്ധിയുടെ ഈ ആരോപണം. ഫേസ്ബുക്കിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തി അമേരിക്കന്‍ മാധ്യമങ്ങള്‍ ഒടുവില്‍ രംഗത്തു വന്നെന്നും അദ്ദേഹം കുറിച്ചു.

വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കൾക്ക് വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാനദണ്ഡങ്ങള്‍ മാറ്റി, 'മോദിയുടെ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്താൽ അത് ബിസിനസ്സിനെ ബാധിക്കും'

വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്ന വാര്‍ത്ത കഴിഞ്ഞദിവസം വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിരുന്നു. വിദ്വേഷം പ്രചരിപ്പിച്ചതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച മൂന്ന് ബിജെപി നേതാക്കള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണെന്നതടക്കമുള്ള വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നതാണ് ലേഖനം. നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താല്‍പര്യങ്ങളെ ബാധിക്കുമെന്ന് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അന്‍കി ദാസ് ജീവനക്കാരെ ജാഗ്രതപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാരുമായി ഫേസ്ബുക്കിന് വേണ്ടി ഇടപാടുകള്‍ നടത്തുന്നത് അന്‍കി ദാസാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

മുസ്ലീങ്ങള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യാ മുസ്ലീങ്ങളെ വെടിവെച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവായ ടി രാജസിംങിന്റെ പോസ്റ്റ്. കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ മാനദണ്ഡങ്ങള്‍ രാജ സിംങ് ലംഘിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ പൊതുവായ പെരുമാറ്റങ്ങളും കൂടി കണക്കിലെടുത്ത് അപകടകരം എന്ന വിഭാഗത്തില്‍ അദ്ദേഹത്തെ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും രാജസിംങിനെ നിരോധിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ സ്വാധീനമായി തുടരുകയാണ്. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ നേതൃത്വം ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത് ദോഷം ചെയ്യുമെന്ന് വിലയിരുത്തി നിരോധനം ഒഴിവാക്കിയ വിവരം പുറത്തുവന്നത്.




Next Story

Related Stories