TopTop
Begin typing your search above and press return to search.

ബിജെപി നേതാക്കളെ ചൈനയിൽ പാര്‍ട്ടി ക്ലാസിന് അമിത് ഷാ എന്തിനയച്ചു? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി എന്ത് ബന്ധം?- 10 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ബിജെപി നേതാക്കളെ ചൈനയിൽ പാര്‍ട്ടി ക്ലാസിന് അമിത് ഷാ എന്തിനയച്ചു? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി എന്ത് ബന്ധം?- 10 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ചൈനയുമായുള്ള അതിര്‍ത്തിസംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനെ അഴിമതി ആരോപണങ്ങളും ചൈനയുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച ആരോപണങ്ങളുമായി നേരിടാന്‍ ശ്രമിച്ച ബിജെപിക്ക് കോണ്‍ഗ്രസ്സിന്റെ മറുപടി. ചൈനീസ് ഭരണകൂടവുമായും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായും (സിപിസി) ബിജെപിക്കും ആര്‍എസ്എസ്സിനും വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ്, 10 ചോദ്യങ്ങള്‍ ഇത് സംബന്ധിച്ച് ഉന്നയിച്ചു.

ചൈനീസ് ബന്ധം സംബന്ധിച്ച ചോദ്യങ്ങളെ ബിജെപിക്ക് ഭയമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല, 10 ചോദ്യങ്ങള്‍ ഉന്നയിച്ചു. ചൈന അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ലി കോണ്‍ടാക്ട് (സിഎഐഎഫ്‌സി) എന്ന സംഘടനയുമായുള്ള ബന്ധം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള (സിപിസി) ബന്ധം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. എന്താണ് ബിജെപിയും സിപിസിയും തമ്മിലുള്ള ബന്ധം. 2007 ജനുവരി 30ന് ചൈന സന്ദര്‍ശിച്ചപ്പോള്‍ ബിജെപിക്ക് സിപിസിയുമായി ചരിത്രപരമായ ബന്ധമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. എന്താണ് ആ ചരിത്രപരമായ ബന്ധം എന്ന് പറയാമോ. 2008 ഒക്ടോബര്‍ 17ന് സിപിസി പൊളിറ്റ് ബ്യൂറോ അംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ രാജ്‌നാഥ് സിംഗ് ഇത് ആവര്‍ത്തിച്ചിരുന്നു.

സിപിസിയുടെ ക്ഷണത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ 2009ല്‍ ചൈനയില്‍ പോയതെന്തിന്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാതിരുന്നിട്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരെ ക്ഷണിച്ചതെന്തിന്. അരുണാചല്‍പ്രദേശുമായും ടിബറ്റുമായും ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കളുമായി സിപിസി നേതാക്കള്‍ എന്താണ് സംസാരിച്ചത്. 2011 ജനുവരി 19ന് സിപിസിയുടെ ക്ഷണപ്രകാരം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അന്നത്തെ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി ചൈനയില്‍ പോയതെന്തിന് - കോണ്‍ഗ്രസ് ചോദിക്കുന്നു.

2005ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസനിധിയില്‍ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേയ്ക്ക് പണം വകമാറ്റിയതായി കോണ്‍ഗ്രസ്സിനെതിരെ ബിജെപി ആരോപണമുന്നയിച്ചിരിക്കുന്നു. ചൈനയുമായി കോണ്‍ഗ്രസ് ആവശ്യപ്പെട്ട പ്രാദേശിക വ്യാപാര കരാര്‍ കീഴടങ്ങല്‍ നയത്തിന്റെ ഭാഗമായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം 2014 നവംബറില്‍ ബിജെപി എംഎല്‍എമാരേയും എംപിമാരേയും അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്‌കൂളില്‍ ഒരാഴ്ചത്തെ പഠനത്തിനായി അയച്ചതെന്തിന് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. വിദേശഫണ്ടും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച പണവും വെളിപ്പെടുത്താന്‍ ആര്‍എസ്എസ്സും ബിജെപിയയും തയ്യാറുണ്ടോ - കോണ്‍ഗ്രസ് ചോദിക്കുന്നു.


Next Story

Related Stories