TopTop
Begin typing your search above and press return to search.

പ്രശ്‌നം തീര്‍ക്കൂ, അല്ലെങ്കില്‍ തുടരാനാവില്ല, ബിജെപി നേതൃത്വത്തോട് അസമിലെ പാര്‍ട്ടി എംഎല്‍എമാര്‍

പ്രശ്‌നം തീര്‍ക്കൂ, അല്ലെങ്കില്‍ തുടരാനാവില്ല, ബിജെപി നേതൃത്വത്തോട് അസമിലെ പാര്‍ട്ടി എംഎല്‍എമാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ ജനരോഷത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ അസമിലെ ബിജെപി എംഎല്‍എമാര്‍.12 എംഎല്‍എമാരാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ കണ്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഉടന്‍ പ്രധാനമന്ത്രിയെ കണ്ട് നിയമ ഭേദഗതിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

സംസ്ഥാനത്തിന്റെ ഭാഷയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ എന്ത് നടപടികള്‍ എടുത്തുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ബിജെപിയുടെ തന്നെ എംഎല്‍എമാര്‍ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടത്. എന്തു നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്ന്് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി എംഎല്‍എ പത്മ ഹസാരികെ പറഞ്ഞു. ' പ്രതിഷേധക്കാര്‍ പാര്‍ട്ടി എംഎല്‍എമാരുടെ വീടുകള്‍ ആക്രമിക്കുകയാണ്. എന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീടിന് പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എല്ലാ അനധികൃത കുടിയേറ്റക്കാരെയും ഒഴിപ്പിക്കണമെന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവശ്യം' പത്മ ഹസാരിക പറഞ്ഞു. ചില മന്ത്രിമാരുടെ പ്രസ്താവന പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരായ രോഷം വര്‍ധിപ്പിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി വീട്ടില്‍നിന്ന് പുറത്തുവരാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ബിജെപി നേതാക്കളെന്ന് പാര്‍ട്ടി എംഎല്‍എ പ്രശാന്ത ഫുക്കന്‍ പറഞ്ഞു. പാര്‍ട്ടി നയത്തിന് അനുസൃതമായിട്ടാണ് നിയമം നടപ്പിലാക്കിയതെങ്കിലും സംസ്ഥാനത്തിന്റെ സംസ്‌ക്കാരവും ഭാഷയും സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആറ് സമുദായങ്ങളെ ആദിവാസി വിഭാഗ്ങ്ങളായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയോളം കാലമായി നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബിജെപി പ്രതിസന്ധിയിലായത്. നേരത്തെ പൗരത്വബില്ലിനെ പിന്തുണച്ച സഖ്യ കക്ഷി അസം ഗണപരിഷത്ത് പിന്നീട് നിലപാട് മാറ്റിയിരുന്നു. ജനരോഷത്തെ തുടര്‍ന്നാണ് പാര്‍ട്ടി നയം മാറ്റിയത്. നിയമഭേദഗതിക്കെതിരെ എജിപി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു നുഴഞ്ഞുകയറ്റക്കാരായി കണ്ടെത്തിയവരില്‍ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവിടെ സമരം നടക്കുന്നത്.


Next Story

Related Stories