TopTop
Begin typing your search above and press return to search.

കൊറോണക്കാലത്തും കുതിരക്കച്ചവടം? സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

കൊറോണക്കാലത്തും കുതിരക്കച്ചവടം? സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

കോണ്‍ഗ്രസ് എംഎല്‍മാരെ കൂറുമാറ്റി, തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി 15 കോടി രൂപ വീതം എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മാരകമായ കൊറോണ വൈറസ് വ്യാപനം രാജ്യത്തെ വലയ്ക്കുമ്പോളും ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. 15 കോടി രൂപ വരെ കൂറുമാറാനായി ബിജെപി എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് 19 പ്രതിസന്ധിയെ നേരിടാന്‍ ജനങ്ങള്‍ക്കായി രാപ്പകലില്ലാതെ പണിയെടുക്കുമ്പോള്‍ ബിജെപി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും ഈ വര്‍ഷം മധ്യപ്രദേശിലും ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിയ അശോക് ഗെലോട്ട്, പണവും മറ്റ് വാഗ്ദാനങ്ങളും എംഎല്‍എമാര്‍ക്ക് ബിജെപി നല്‍കിക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. ഇത് നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. 2014ല്‍ കേന്ദ്രത്തില്‍ അധികാരം കിട്ടിയത് മുതല്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗോവയിലും മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ. നാണമില്ലാത്ത ബിജെപിക്കാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഗുജറാത്തില്‍ ഏഴ് എംഎല്‍എമാരെ വാങ്ങി. രാജസ്ഥാനിലും അവര്‍ ഇതിനാണ് ശ്രമിച്ചത്. എന്നാല്‍ ഞങ്ങളവരെ തടഞ്ഞു. ഒരു പാഠം പഠിപ്പിച്ചു. അവര്‍ കുറേക്കാലത്തേയ്ക്ക് മറക്കാന്‍ സാധ്യതയില്ലാത്ത പാഠം. ജനങ്ങള്‍ എല്ലാ കാണുന്നുണ്ട്. ബിജെപിയുടെ അഹങ്കാരം അടുത്ത തിരഞ്ഞെടുപ്പില്‍ തീരും ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും - ഗെലോട്ട് അഭിപ്രായപ്പെട്ടു.

ചീഫ് വിപ്പ് മഹേഷ് ജോഷി സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനും രാജസ്ഥാന്‍ പൊലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ബിജെപി വിരണ്ടിരിക്കുകയാണെന്ന് മഹേഷ് ജോഷി അഭിപ്രായപ്പെട്ടു. ജോഷിയും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയും കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറാന്‍ കിട്ടില്ലെന്നും ബിജെപി പദ്ധതി വിജയിക്കില്ലെന്നും പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. 24 എംഎല്‍എമാരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

200 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസ്സിനുള്ളത്. 12 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയുമുണ്ട്. സിപിഎമ്മിന്റേയും രാഷ്ട്രീയ ലോക് ദളിന്റേയും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും കൂടി അഞ്ച് എംഎല്‍എമാര്‍. സിപിഎമ്മിനും ബിടിപിക്കും രണ്ട് എംഎൽഎമാരാണുള്ളത്. രണ്ട് എംഎല്‍എമാരില്‍ ഒരാളായ ബല്‍വാന്‍ പൂനിയയെ സിപിഎം അച്ചടക്ക ലംഘനത്തിന് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യത ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം പൂനിയയ്‌ക്കെതിരെ നടപടി എടുത്തത്. ബിജെപിക്ക് 72 എംഎൽമാരാണുള്ളത്. ഒപ്പമുള്ള ആർഎൽപിക്ക് മൂന്ന് സീറ്റും. ഒരു സ്വതന്ത്രനും കൂടെയുണ്ട്. ഒരു എംഎല്‍എയ്ക്ക് 25 മുതല്‍ 30 കോടി രൂപ വരെ നല്‍കാന്‍ ബിജെപി തയ്യാറാണെന്ന് താന്‍ കേട്ടതായി ഗെലോട്ട് രണ്ട് ദിവസം മുമ്പ് എന്‍ഡിടിവിയോട് പറഞ്ഞിരുന്നു.


Next Story

Related Stories