TopTop
Begin typing your search above and press return to search.

"സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പൊലീസും നിങ്ങളുടെ നിയന്ത്രണത്തിലല്ലേ?" അഴിമതിവിരുദ്ധ സമരത്തിന് സഹായിക്കണമെന്ന ഡല്‍ഹി ബിജെപിയുടെ ആവശ്യം തള്ളി അണ്ണാ ഹസാരെ

സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പൊലീസും നിങ്ങളുടെ നിയന്ത്രണത്തിലല്ലേ? അഴിമതിവിരുദ്ധ സമരത്തിന് സഹായിക്കണമെന്ന ഡല്‍ഹി ബിജെപിയുടെ ആവശ്യം തള്ളി അണ്ണാ ഹസാരെ

ആം ആദ്മി പാര്‍‌ട്ടിക്കെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന ഡല്‍ഹി ബിജെപി പ്രസിഡണ്ട് ആദേഷ് കുമാര്‍ ഗുപ്തയുടെ ആവശ്യത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അണ്ണാ ഹസാരെ. 2011ല്‍ താന്‍ നയിച്ച അഴിമതിവിരുദ്ധ സമരത്തെ ഓര്‍മിപ്പിച്ചാണ് ഹസാരെ ഗുപ്തയ്ക്ക് മറുപടി നല്‍കിയത്. ആറ് വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും താന്‍ 2011ല്‍ നടത്തിയതിനു സമാനമായ സമരത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം പ്രതികരിച്ചു. "അഴിമതികള്‍ കണ്ട് മടുത്ത ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു 2011ല്‍. അന്ന് അണ്ണാ ഹസാരെയെപ്പോലൊരാള്‍ തങ്ങളെ നയിക്കാനുണ്ടെന്ന് അവര്‍ കരുതി. അഴിമതിയില്ലാത്ത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രതീതിയുണ്ടാക്കി നിങ്ങള്‍ അധികാരത്തില്‍ വന്നു. പക്ഷെ, ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടായില്ല," അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

"ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള പാര്‍‌ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഒരു ക്ഷേത്രത്തില്‍ 10-12 അടി മുറിയില്‍ കഴിയുന്ന 83 വയസ്സുള്ള വൃദ്ധന്റെ സഹായം വേണ്ടിവരുന്നു ഒരു സമരം നടത്താന്‍," ഹസാരെ കുറിച്ചു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പൊലീസുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍കീഴിലാണ്. അഴിമതി ഇല്ലാതാക്കാന്‍ വലിയ നടപടികളെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഇടക്കിടെ പറയുന്നു. ഡല്‍ഹി സര്‍ക്കാര്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ നിയമനടപടിയെടുക്കാത്തത്? അഴിമതി ഇല്ലാതാക്കുമെന്ന നിങ്ങളുടെ അവകാശവാദങ്ങളെല്ലാം പൊള്ളിയായിരുന്നോയെന്നും ഹസാരെ ചോദിച്ചു.

വ്യവസ്ഥയില്‍ മാറ്റം വരാതെ ഒഒരു പാര്‍ട്ടിക്കും രാജ്യത്തിന് അഴിമതിയില്‍ നിന്ന് മോചനം നല്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലേക്ക് താന്‍ എത്തിയെന്ന് അണ്ണാ ഹസാരെ പറയുന്നു. അധികാരത്തിനു വേണ്ടി പണവും പണത്തിനു വേണ്ടി അധികാരവും നിലകൊള്ളുന്ന ഈ ചാക്രികവ്യവസ്ഥയുടെ ഗുണം പറ്റിയാണ് നിരവധി പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. ഏത് പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് നോക്കാതെയാണ് താന്‍ തന്റെ അഴിമതി വിരുദ്ധ പോരാട്ടം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഹസാരെ നടത്തിയ അഴിമതിവിരുദ്ധ സമരങ്ങളുടെ കൂടി സഹായം നരേന്ദ്ര മോദി നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്ക് സഹായകരമായെന്ന് പിന്നീട് നീരീക്ഷിക്കപ്പെട്ടിരുന്നു. ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഹസാരെ എന്നുവരെ ആരോപണങ്ങളുയരുകയുണ്ടായി ഇടക്കാലത്ത്. ലോക്പാല്‍ സമരം വരുന്നതിനു മുന്നേ തന്നെ ആര്‍എസ്എസ്സുമായി ഇദ്ദേഹം ബന്ധപെട്ടിരുന്നതായി സര്‍സംഘചാലക് മോഹന്‍ ഭഗവത് പറയുകയുണ്ടായി.

എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഹസാരെ നടത്തിയ സമരങ്ങളിലൊന്നും കാര്യമായ ആള്‍ക്കൂട്ടമുണ്ടായില്ല. സ്വന്തം നാടായ രാലെഗാന്‍ സിദ്ധിയില്‍ 2019ലാണ് ഇദ്ദേഹം അവസാനമായി നിരാഹാരമിരുന്നത്. ലോക്പാല്‍ അടക്കമുള്ള വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി തന്നെ ബിജെപി ഉപയോഗിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി.

തിങ്കളാഴ്ചയാണ് ഗുപ്ത, അണ്ണാ ഹസാരെയ്ക്ക് കത്തയച്ചത്. ലോക്പാല്‍ സമരത്തിലെന്ന പോലെ മറ്റൊരു സമരം സംഘടിപ്പിച്ച് തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗുപ്തയുടെ നീക്കം.


Next Story

Related Stories