TopTop
Begin typing your search above and press return to search.

ജെന്‍എന്‍യുവില്‍ പോയി വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത് വിനയായി; ദീപിക പദുക്കോണിനെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യുന്നത് പക പോക്കലെന്ന് ആരോപണം

ജെന്‍എന്‍യുവില്‍ പോയി വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത് വിനയായി; ദീപിക പദുക്കോണിനെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യുന്നത് പക പോക്കലെന്ന് ആരോപണം

ഇപ്പോള്‍ നടക്കുന്നത് 'പബ്ലിസിറ്റി സ്റ്റണ്ട്' മാത്രമാണെന്നും റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക്സ്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അഭിഭാഷകന്‍; ഇതോടെ റിയയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ ബോളിവുഡിലെ പ്രമുഖ താരം ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള ഒന്നാം നിര അഭിനേതാക്കളെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണവും ശക്തിപ്പെടുന്നു. പോലീസും മുഖംമൂടിധാരികളായ ഗുണ്ടകളും നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ അവര്‍ ക്യാമ്പസ് സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതികാരബുദ്ധിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്ത എന്‍സിബിയോട് താരം ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ റിയ വെളിപ്പെടുത്തിയതെന്ന മട്ടില്‍ നിരവധി നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വിവരങ്ങള്‍ പ്രചരിക്കുകയും മാധ്യമങ്ങള്‍ ഇക്കാര്യം വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മയക്കു മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിങ് തുടങ്ങിയവരെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. നാളെയാണ് ദീപിക ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്.

കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ക്വാന്‍ എന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്‌ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. ഇന്ന് രാകുല്‍ പ്രീത് സിംഗിനോടും നാളെ ദീപിക പദുക്കോണിനോടും, 26 ന് ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ എ്ന്നിവരോടും ഹാജറാകാനാണ് നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന താരങ്ങളെ കേസില്‍ കുടുക്കി സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. കര്‍ഷക നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം നടക്കുന്ന സെപ്തംബര്‍ 25 ന് പ്രമുഖ നടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് മാധ്യമ ശ്രദ്ധ തിരിച്ചു വിടാനാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

രാജ്യത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കത്തി നിന്ന സമയത്ത് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ഉണ്ടായ മുഖംമൂടി സംഘത്തിന്റ ആക്രണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ദീപിക കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയത്. തന്റെ ചപക് എന്ന സിനിമയുടെ പ്രചരണാര്‍ഥം ഡല്‍ഹിയിലെത്തിയ താരം ജെഎന്‍യുവില്‍ എത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.


മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഭയം യുവജനങ്ങളെ പുറകോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നുമായിരുന്നു ദീപിക സന്ദര്‍ശനത്തിന് പിന്നാലെ വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച താരം, രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദര്‍ശനം ജനങ്ങള്‍ക്കുണ്ട് എന്നതാണ് ഇത്തരം സമരങ്ങള്‍ നല്‍കുന്ന നല്‍കുന്ന സൂചനകളെന്നും അഭിപ്രായപ്പെട്ടിരുന്നു.

ദീപികയുടെ നിലപാടിന് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ദീപികയുടെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്നായിരുന്നു ദീപിക പദുക്കോണിനെ കടന്നാക്രമിച്ച് നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രതികരണം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പം ദീപിക ഒപ്പം കൂടിയത് അപ്രതീക്ഷിതമല്ലെന്നും അവര്‍ ആരോപിച്ചിരുന്നു. പിന്നാലെ ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമായിരുന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

എന്നാല്‍, ഇതെല്ലാം നടന്ന് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലും നടിക്കെതിരെ വീണുകിട്ടിയ അവസരം പ്രതികാര നടപടിക്ക് ഉപയോഗിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം. തുക്ടെ തുക്ടെ ഗാംഗിനൊപ്പം ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ നോക്കിയായാളാണ് ദീപികയെന്നും ഇപ്പോള്‍ ബോളിവുഡിലെ മയക്കു മരുന്ന് മാഫിയയുടെ ഭാഗമാണ് ഇവരൊക്കെയെന്ന് വ്യക്തമായിരിക്കുകയാണെന്നും ബിജെപി മുന്‍ ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ്‌ തിവാരി അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ബിജെപി ഈ വിഷയത്തെ രാഷ്ട്രീയമായിത്തന്നെയാണ് സമീപിക്കുന്നത് എന്നത് വ്യക്തമാണെന്നും ദീപികയെ ടാര്‍ഗറ്റ് ചെയ്തുള്ള ആക്രമണമാണ് നടക്കുന്നത് എന്നുമാണ് വിമര്‍ശനങ്ങള്‍.

2017 ല്‍ ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ടു ദീപിക നടത്തിയ വാട്‌സാപ് ചാറ്റ് വിവരങ്ങള്‍ പ്രകാരമാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നീക്കമെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.Next Story

Related Stories