TopTop
Begin typing your search above and press return to search.

വരവര റാവുവിന് ആറ് മാസത്തെ ജാമ്യം; ഹൈദരാബാദിലേക്ക് മടങ്ങാന്‍ അനുവാദമില്ല

വരവര റാവുവിന് ആറ് മാസത്തെ ജാമ്യം; ഹൈദരാബാദിലേക്ക് മടങ്ങാന്‍ അനുവാദമില്ല

ഭീമ കൊറേഗാവ് കേസില്‍ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ് മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. മുംബൈയില്‍ തന്നെ തുടരണം. ആവശ്യമുള്ളപ്പോഴെല്ലാം അമ്പേഷണത്തിന് ഹാജരാകണം. എന്‍ഐഎ കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. കേസിലെ മറ്റു പ്രതികളുമായി ആശയവിനിമയം നടത്തരുത്. അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്നുമാണ് വ്യവസ്ഥ. നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് വരവര റാവു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.

പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കാമെന്നായിരുന്നു ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, മനീഷ് പിതലെ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. മുംബൈ എന്‍ഐഎ കോടതിയുടെ അധികാര പരിധിവിട്ട് പോകരുത്. ഹൈദരാബാദിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതില്‍ അപകടസാധ്യതയുണ്ട്. ആറ് മാസത്തിനുശേഷം വരവര റാവുവിന് കോടതിയില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ ജാമ്യം ദീര്‍ഘിപ്പിക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

രണ്ടു വര്‍ഷത്തിലധികമായി തലോജ ജയിലില്‍ കഴിഞ്ഞിരുന്ന വരവര റാവുവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഈമാസം ആദ്യം അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ 365 ദിവസത്തിനിടെ 149 ദിവസം അദ്ദേഹം ആശുപത്രിയിലാണ് ചെലവിട്ടിരുന്നതെന്നും ഇന്ദിര കോടതിയില്‍ അറിയിച്ചിരുന്നു.

2018 ജനുവരിയിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തെ തടങ്കലില്‍ വെച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 31ന് പൂനെയിലെ ഭീമ-കൊറേഗാവ് യുദ്ധ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ വരവര റാവു നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് എന്‍ഐഎയുടെ ആരോപണം. റാവു ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. മാവോയിസ്റ്റ് ബന്ധം ഉള്‍പ്പെടെ ആരോപിക്കുന്നുണ്ടെങ്കിലും റാവു നയിക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മ ഇതെല്ലാം നിഷേധിച്ചിരുന്നു.


Next Story

Related Stories