കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതെസമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല. ഇവയ്ക്ക് പൂര്‍ണ നിരോധനം തുടരും. ഏതാണ്ട് അഞ്ച് മാസത്തിലധികം നീണ്ട പൂര്‍ണ നിരോധനത്തിനു ശേഷമാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, ബാങ്കിങ് വെബ്സൈറ്റുകള്‍ തുടങ്ങിയ 'അവശ്യസേവനങ്ങള്‍' മാത്രമാണ് ലഭ്യമാക്കുക. ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിന് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഇതു സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവ് പറയുന്നുണ്ട്. ഇന്റര്‍നെറ്റുപയോഗം ശക്തമായി നിരീക്ഷിച്ചു കൊണ്ടിരിക്കാനാണ് നിര്‍ദ്ദേശം.
മധ്യ കാശ്മീരില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിതമായ അളവില്‍ ലഭ്യമാക്കുക. ഒരാഴ്ചയ്ക്കു ശേഷം കാശ്മീര്‍ ഗവര്‍ണര്‍ ഒരു അവലോകനം നടത്തു. ഇതിനു ശേഷമായിരിക്കും ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നതിന് തുടര്‍ന്നുള്ള നീക്കങ്ങള്‍ ആവശ്യമോയെന്ന് തീരുമാനിക്കുക.
സംസ്ഥാനത്ത് തുടരുന്ന കനത്ത നിയന്ത്രണങ്ങള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഈ നിയന്ത്രണങ്ങളുടെ മറവില്‍ നടക്കാനിടയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.