സമുദായാംഗമായ മുരുകേഷ് നിരാനി എംഎല്‍എയെ മന്ത്രിയാക്കാത്തതില്‍ കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ വെച്ച് പരസ്യ വിരട്ടലുമായി ലിംഗായത്ത് നേതാവ് രംഗത്ത്. വചനാനന്ദ സ്വാമി യാണ് യെദ്യൂരപ്പയോട് പരസ്യമായി തന്റെ അതൃപ്തി അറിയിച്ചത്.
എന്നാല്‍, താന്‍ ഇത് കേള്ക്കനല്ല ഇവിടെ വന്നതെന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്നെണീറ്റ യെദ്യൂരപ്പയോട് 'ഞാന്‍ സമുദായത്തിന്റെ വികാരമാണ് പറഞ്ഞത്, നിങ്ങള്‍ ഇരിക്കണം' എന്നു പറഞ്ഞ് സ്വാമി ഇരുത്തുകയും ചെയ്തു. അല്പനേരം തര്‍ക്കിച്ച യെദ്യൂരപ്പ പിന്നീട് ഇരിപ്പിടത്തിലിരുന്നു.
പിന്നീട് സംസാരിച്ച യെദ്യൂരപ്പ തന്റെ ഗതികേട് തുറന്നു പറഞ്ഞു. താന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നത് മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്ന 17 എംഎല്‍എമാരുടെ സഹായത്തോടെയാണ്. അവരെയും പരിഗണിക്കാതെ കഴിയില്ല. തന്റെ പ്രയാസം മനസ്സിലാക്കണം. സ്വാമിക്ക് താന്‍ മുഖ്യമന്ത്രിയായി തുടരുന്നത് ഇഷ്ടമല്ലെങ്കില്‍ രാജി വെക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് താന്‍ വരാന്‍ തയ്യാറാണെന്നും ഇങ്ങനെ പരസ്യമായി വേദിയില്‍ പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ഗിയില് നിന്നുള്ള എംഎല്‍എയാണ് മുരുകേഷ് നിരാനി. ഇദ്ദേഹത്തിന് ലിംഗായത്ത് സമുദായത്തില്‍ വലിയ പിടിപാടുണ്ട്. ഈ മാസത്തില്‍ തന്നെ മന്ത്രിസഭ വികസിപ്പിക്കാന്‍ യെദ്യൂരപ്പയ്ക്ക് പദ്ധതിയുണ്ട്. 17 റിബല്‍ എംഎല്‍എമാരെ വിജയിപ്പിച്ച് അധികാരം നിലനിര്‍ത്തുന്ന യെദ്യൂരപ്പയ്ക്ക് നിരാനിയെക്കൂടി മന്ത്രിയാക്കല് പ്രയാസമാണ്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളയാള്‍ തന്നെയാണ് യെദ്യൂരപ്പ എന്നതിനാല്‍ പ്രാതിനിധ്യത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്ന നിലപാടും അദ്ദേഹത്തിനുണ്ട്.