TopTop

പൗരത്വ നിയമം ബിജെപിക്ക് ഫണ്ട് നല്‍കുന്ന വിദേശികള്‍ക്കു വേണ്ടി; ബിജെപി പാകിസ്താന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍: മമതാ ബാനര്‍ജി

പൗരത്വ നിയമം ബിജെപിക്ക് ഫണ്ട് നല്‍കുന്ന വിദേശികള്‍ക്കു വേണ്ടി; ബിജെപി പാകിസ്താന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍: മമതാ ബാനര്‍ജി

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ നിയമം ബിജെപിക്ക് ഫണ്ട് നല്‍കുന്ന വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാനുള്ള നീക്കം കൂടിയാണെന്ന വിമര്‍ശനമുന്നയിച്ച് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് മമത ബിജെപി രാജ്യദ്രോഹപരമായ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമത്തിനെതിരെ ഒത്തുകൂടി യോഗം നടത്തിയപ്പോള്‍ അതില്‍ പങ്കെടുക്കാതെ മമത മാറി നിന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനെത്തിയ തന്റെ പാര്‍ട്ടിയുടെ പ്രതിനിധികളെ ഉത്തര്‍പ്രദേശിലേക്കും അസമിലേക്കും കടക്കാനുള്ള അനുമതി നിഷേധിച്ചതിനെയും മമത വിമര്‍ശിച്ചു. വരുന്നവര്‍ ശത്രുക്കളാണെങ്കില്‍ക്കൂടിയും അവരെ സ്വീകരിക്കാനുള്ള ഉദാരമനസ്ഥിതി കാണിച്ചിട്ടുള്ള സംസ്കാരമാണ് ബംഗാളിന്റേതെന്ന് അവര്‍ പറഞ്ഞു. എങ്ങനെ അതിഥികളെ സ്വീകരിക്കണമെന്ന് തങ്ങള്‍ക്കറിയാം. എന്നാല്‍, ബിജെപിക്കാര്‍ കാശ്മീരിലും ഉത്തര്‍പ്രദേശിലും ജെഎന്‍യുവിലും ഗുവാഹത്തിയിലുമെല്ലാം മറ്റുള്ളവരെ തങ്ങള്‍ തടയുകയാമെന്ന് അവര്‍ പറഞ്ഞു. മോദി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ തങ്ങള്‍ സ്വീകരിച്ചതിനെയും മറ്റിടങ്ങളില്‍ തന്റെ പാര്‍ട്ടി പ്രതിനിധികളെ ബിജെപി തിരിച്ചയച്ചതും സൂചിപ്പിക്കുന്നതായിരുന്നു മമതയുടെ പ്രസ്താവന.

"ഈ നിയമം, രാജ്യത്തെ പൗരന്മാരുടെ പൗരത്വം തട്ടിയെടുത്ത് ബിജെപിക്ക് ഫണ്ട് നല്‍കുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കമല്ലേ? ഇത് ബിജെപിയുടെ കളിയാണ്." അവര്‍ പറഞ്ഞു. ബംഗാളില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. അവരില്‍ പലരും കാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലും നിരവധി കുടിയേറ്റത്തൊഴിലാളികളുണ്ടെന്നും അവരോട് തങ്ങള്‍ അങ്ങനെ പെരുമാറാറില്ലെന്നും മമത ചൂണ്ടിക്കാട്ടി.

ഇന്ത്യയെ ഇടക്കിടെ പാകിസ്താനുമായി താരതമ്യം ചെയ്യുന്ന ബിജെപിയുടെ നിലപാടിനെയും അവര്‍ ചോദ്യം ചെയ്തു. പാകിസ്താനുമായി എന്തോ ഗൂഢമായ ഇടപാട് ബിജെപിക്കുണ്ടാകാമെന്ന് അവര്‍ സംശയമുന്നയിച്ചു. പാകിസ്താന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍മാരാണ് ബിജെപി. അവര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ പരസ്യം നല്‍കലാണ് ബിജെപിയുടെ പരിപാടിയെന്നും മമത ചൂണ്ടിക്കാട്ടി.


Next Story

Related Stories