TopTop
Begin typing your search above and press return to search.

സെന്റ് ജോര്‍ജ് കോട്ടയില്‍ ആര് കൊടി നാട്ടും? ബിജെപിയുടെ 'പിന്‍സീറ്റ് ഡ്രൈവിംഗി'ല്‍ ശശികല-ദിനകരന്‍ + ഇപിസ്-ഒപിഎസ് ഡിഎംകെയെ പിടിച്ചുകെട്ടുമോ?

സെന്റ് ജോര്‍ജ് കോട്ടയില്‍ ആര് കൊടി നാട്ടും? ബിജെപിയുടെ പിന്‍സീറ്റ് ഡ്രൈവിംഗില്‍ ശശികല-ദിനകരന്‍ + ഇപിസ്-ഒപിഎസ് ഡിഎംകെയെ പിടിച്ചുകെട്ടുമോ?

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ശരിവച്ച നാല് വര്‍ഷം തടവുശിക്ഷ ഏറ്റുവാങ്ങാനായി 2017 ഫെബ്രുവരിയില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലേയ്ക്ക് പോകാനിറങ്ങിയ വി കെ ശശികല, ചെന്നൈയിലെ മറീന ബീച്ചിലുള്ള ജയലളിതയുടെ ശവകുടീരത്തില്‍ നടത്തിയ വികാരപ്രകടനം ശ്രദ്ധേയമായിരുന്നു. എന്നെങ്കിലും സെന്റ് ജോര്‍ജ്ജ് കോട്ടയിലെ തമിഴ് നാട് മുഖ്യമന്ത്രിയുടെ കസേരയിലിരിക്കുമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ടുള്ള പോക്കാണ് ശശികലയുടേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ജയലളിതയുടെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കുകയും തൊട്ടുതൊഴുകയും ചെയ്ത ശേഷം കൈ കൊണ്ട് ഒരു തവണ ശശികല അടിച്ചിരുന്നു. അതൊരു പ്രതിജ്ഞയാണെന്നാണ് അന്ന് എഐഎഡിഎംകെ തന്നെ ട്വീറ്റ് ചെയ്തത്. മൂന്ന് കാര്യങ്ങളാണ് ശശികല ഇതുകൊണ്ട് ഉദ്ദേശിച്ചതത്രേ - ഞാന്‍ പ്രതിബന്ധങ്ങളെ അതിജീവിക്കും, വഞ്ചനകളെ തോല്‍പ്പിക്കും, ഗൂഢാലോചനയെ മറികടക്കും എന്നിവ.

2021 ഫെബ്രുവരി വരെയാണ് ശശികലയുടെ ശിക്ഷാ കാലാവധി. എന്നാല്‍ 2021 ജനുവരിക്ക് മുമ്പ് തന്നെ, ശശികല മോചിപ്പിക്കപ്പെട്ടേക്കാം എന്ന സൂചനകളാണ് വരുന്നത്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ജയിലിലുള്ള ശശികലയ്ക്ക് ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് മോചനം സാധ്യമാണ്. അഞ്ച് മാസം വരെ ശിക്ഷാ ഇളവ് നല്‍കാനാകുമെന്ന് ശശികലയുടെ അഭിഭാഷകൻ പറഞ്ഞു. ഇതിനര്‍ത്ഥം ബിജെപി തീരുമാനിച്ചാല്‍ ശശികല എപ്പോള്‍ വേണമെങ്കിലും പുറത്തിറങ്ങാം എന്നാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രമുള്ളപ്പോൾ ശശികലയുടെ തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങിവരവ് വീണ്ടും സജീവ ചർച്ചയായിരിക്കുന്നു.

ശശികല ജയിലിലായ 3 വര്‍ഷവും ഏഴ് മാസവും കൊണ്ട് തമിഴ്‌നാട് രാഷ്ട്രീയം പിന്നെയും ഒരുപാട് മാറി. ഇപിഎസ്സും (മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി) ഒപിഎസ്സും (ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം) ചേര്‍ന്ന്, ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശശികലയെ പുറത്താക്കുകയും പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തു. ജയലളിതയുടെ മരണശേഷം എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയായി അവരോധിച്ചത് ശശികലയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിയസഭാംഗമല്ലാത്ത ശശികലയുടെ മുന്നില്‍ എടപ്പാടി സാഷ്ടാംഗം പ്രണമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അധികാരം കിട്ടിയ ശേഷം എടപ്പാടി പനീര്‍സെല്‍വവുമായി ചേര്‍ന്ന് ശശികലയെ ഒതുക്കി.

2017 ഡിസംബറില്‍ ജയലളിതയുടെ മണ്ഡലമായ ചെന്നൈയിലെ ആര്‍ കെ നഗറില്‍ (രാധാകൃഷ്ണൻ നഗർ) എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച, ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ എഐഎഡിഎംകെയ്ക്ക് അപായമണി മുഴക്കിക്കൊണ്ട് 2018ല്‍ അമ്മ മക്കള്‍ മുന്നേട്ര കഴകം (എഎംഎംകെ) രൂപീകരിച്ചു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും തകര്‍ന്നടിഞ്ഞതോടെ ആര്‍ കെ നഗറിലെ വിജയമുണ്ടാക്കിയ ദിനകരന്‍ തരംഗം തമിഴ്‌നാട്ടില്‍ മങ്ങിയിരുന്നു. എന്നാൽ ടിടിവി ദിനകരന് ഇപ്പോളും തമിഴ് നാട്ടിൽ ജനസമ്മിതിയുണ്ട്.

ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയ ചര്‍ച്ചകളിലേയ്ക്ക് ശശികല വീണ്ടും വരികയാണ്. 2021 ഏപ്രില്‍-മേയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെ പരാജയപ്പെടേണ്ടത് മറ്റാരേക്കാളും ബിജെപിയുടെ ആവശ്യമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും നടത്തിയ മികച്ച മുന്നേറ്റവും അഭിപ്രായ സര്‍വകളും വച്ചുനോക്കുമ്പോള്‍ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെയുടെ സൂര്യന്‍ വീണ്ടും ഉദിച്ചുയരാനുള്ള സാധ്യതകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡിഎംകെയുടെ പടയോട്ടം തടയാന്‍ ഇപിഎസ്സും ഒപിഎസ്സും ശശികലയും ദിനകരനുമെല്ലാം കൈകോര്‍ത്തുകൊണ്ട് നീങ്ങിയാല്‍ മാത്രമേ സാധിക്കൂ എന്നാണ് ബിജെപി നല്‍കിയിരിക്കുന്ന ഉപദേശം. ടിടിവി ദിനകരന്‍ ഡല്‍ഹിയില്‍ വന്ന് ബിജെപി നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയിലേയും ഭരണത്തിലേയും അധികാര വിഭജനം സംബന്ധിച്ച് ഇപിഎസ് - ഒപിഎസ് ഗ്രൂപ്പുമായി ശശികല വിഭാഗം ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജയലളിതയെ ശശികല കൊല്ലിച്ചതാണെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇപിഎസ്-ഒപിഎസ് വിഭാഗവും ബിജെപിയും ഉന്നയിച്ചിരുന്നു. അതെല്ലാം തല്‍ക്കാലം പഴയ കഥകളാകും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞല്ലോ. ഇനിയെന്തിനാണ് ശശികലയോട് തൊട്ടുകൂടായ്മ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.

ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന പ്രതിച്ഛായ തമിഴ്‌നാട്ടില്‍ സ്വന്തമായ ഇടം സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത വിധം കുറേക്കാലത്തേയ്‌ക്കെങ്കിലും ബിജെപിയെ വേട്ടയാടുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ബാക്ക് സീറ്റ് ഡ്രൈവിംഗിന്റെ സാധ്യതകള്‍ ബിജെപി ആരായുന്നത്. ജയലളിതയുടെ മരണത്തിന് ശേഷമുള്ള എഐഎഡിഎംകെ, ബിജെപിയോടുള്ള വിധേയത്വം മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ജയലളിതയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയ കേസാണിത്. ജീവിച്ചിരുന്നെങ്കില്‍ ശശികലയ്‌ക്കൊപ്പം ജയലളിതയും പരപ്പന ജയിലിലെത്തുമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ജയലളിത ജയിലില്‍ പോയിട്ടുമുണ്ട്. ജയലളിതയും കുറ്റക്കാരിയായ കേസ് ആയതുകൊണ്ടായിരിക്കണം. ശശികലയെ നേരത്തെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എഐഎഡിഎംകെ ഒന്നും പറഞ്ഞിട്ടില്ല. 2016 ഡിസംബറില്‍ ചെന്നൈയില്‍ ജയലളിതയുടെ സംസ്‌കാരച്ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശശികലയുടെ തലയില്‍ കൈവച്ച് സമാധാനിപ്പിക്കുന്ന ചിത്രം ബിജെപിയുടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയപദ്ധതികള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു.

ഡിഎംകെയിൽ വിശ്വാസ്യതയുള്ള അനിഷേധ്യ നേതാവായി എം കെ സ്റ്റാലിൻ ഉയർന്നുനിൽക്കുമ്പോൾ അണ്ണാഡിഎംകെ വലിയ നേതൃപ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനമൊട്ടാകെ ജനസമ്മിതി അവകാശപ്പെടാൻ കഴിയുന്ന പാൻ തമിഴ്നാട് നേതാക്കളല്ല പളനിസ്വാമിയും പനീർസെൽവവും. ഇവിടെയാണ് ശശികലയുടെ അമ്മ-ചിന്നമ്മ പ്രതിച്ഛായ നിർമ്മിതി പ്രവർത്തിക്കുക എന്നാണ് നിരീക്ഷകർ കരുതുന്നത്. ചരിത്രം തമിഴ് നാട്ടിൽ ദുരന്തമായാണോ പ്രഹസനമായാണോ അവസാനിക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ശശികല ജയിലില്‍ നിന്ന് ഇറങ്ങിയാലും അവര്‍ക്ക് തിരഞ്ഞെടുപ്പല്‍ മത്സരിക്കാനാകില്ലെന്നും ദിനകരന് വേണ്ടി പ്രചാരണം നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ എന്നും എഐഎഡിഎംകെ വക്താവും ശശികലയുടെ മുന്‍ വിശ്വസ്തനുമായ വി പുകഴേന്തി പറഞ്ഞു. ശശികലയുടെ മടങ്ങിവരവ് എഐഎഡിഎംകെയെ സംബന്ധിച്ച് ഒരു പ്രശ്‌നമേ അല്ല. അവരെ പിന്തുണക്കുന്ന ആരും ഈ പാര്‍ട്ടിയിലില്ല - പുകഴേന്തി പറഞ്ഞു. മറ്റൊരു പാര്‍ട്ടി വക്താവായ കോവൈ സത്യന്‍ പറയുന്നതും ഇത് തന്നെ. കമലഹാസനും രജനീകാന്തുമൊക്കെ ഉണ്ടാക്കുന്ന പോലൊരു ചെറിയ ബഹളത്തിനപ്പുറം ഇത് തമിഴ്‌നാട്ടില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് എഐഎഡിഎംകെ പറയുന്നു.

അകത്ത് ധാരണാ ചര്‍ച്ചകള്‍ നടക്കുമ്പോളും പുറമേയ്ക്ക് ശശികലയോടുള്ള തൊട്ടുകൂടായ്മയാണ് എഐഎഡിഎംകെ നേതൃത്വം ഇപ്പോളും പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിനും ശശികലയ്‌ക്കോ കുടുംബത്തിനോ യാതൊരു പങ്കുമുണ്ടാകില്ലെന്ന് മന്ത്രി ഡി ജയകുമാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇപിഎസ് വിഭാഗവും ഒപിഎസ് വിഭാഗവും തങ്ങളുടെ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇറക്കിത്തുടങ്ങിയിരുന്നു. ഇത്തരം പോസ്റ്ററുകള്‍ പാടില്ലെന്ന് പളനിസ്വാമിക്കും പനീര്‍സെല്‍വത്തിനും സംയുക്ത പ്രസ്താവന ഇറക്കേണ്ടി വന്നു. ജയില്‍മോചിതയായാല്‍ ശശികല എഐഎഡിഎംകെയ്ക്ക് തലവേദനയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള സമ്മര്‍ദ്ദതന്ത്രമായാണ് ഈയടുത്ത് ശശികലയ്ക്കും കുടുംബത്തിനുമെതിരെ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ എന്ന് വിലയിരുത്തപ്പെടുന്നു. ശശികല പുറത്തുവന്നാൽ വലിയൊരു വിഭാഗം പ്രവർത്തകർ തങ്ങൾക്കൊപ്പം ചേരുമെന്നാണ് എഎംഎംകെ നേതാക്കൾ കരുതുന്നത്. അതേസമയം ശശികലയും ദിനകരനും പാർട്ടിയേയും പളനിസ്വാമിയും പനീർസെൽവവും സർക്കാരിനേയും നയിക്കുന്ന വിധമുള്ള ബിജെപി മുന്നോട്ടുവച്ച ഫോർമുല അംഗീകരിച്ച്, ശശികലയുടെ പാർട്ടി എഐഎഡിഎംകെയിൽ ലയിച്ചേക്കുമെന്നും സൂചനകളുണ്ട്.

അതേസമയം തമിഴ് നാടിന്റെ ഹിന്ദി-ഹിന്ദുത്വ വിരുദ്ധ വികാരത്തേയും സ്വത്വത്തേയും ഡിഎംകെയെ പോലെ സ്വാംശീകരിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള കരുത്ത് നിലവിൽ എഐഎഡിഎംകെയ്ക്കുണ്ടെന്ന് കരുതാനാവില്ല. ശക്തമായ ഭരണവിരുദ്ധവികാരത്തെ തോൽപ്പിക്കാൻ കരുത്തുള്ളൊരു ജയലളിത അവർക്കില്ല. ജല്ലിക്കട്ട് നിരോധനം, നീറ്റ്, കാർഷിക നയങ്ങൾ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, പെരിയാറിനും ദ്രാിഡ രാഷ്ട്രീയത്തിനുമെതിരായ ആക്രമണങ്ങൾ - ഇതെല്ലാം തമിഴ് നാട്ടിൽ ശക്തമായ സംഘപരിവാർ വിരുദ്ധ, മോദി വിരുദ്ധ വിരുദ്ധ വികാരം നിലനിർത്തിപ്പോരുന്നുണ്ട്. വിമാനത്താവളത്തിൽ ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് എം കെ കനിമൊഴി എംപി സിഐഎസ്എഫ് ഉദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അധിക്ഷേപവും പെരിയാർ പ്രതിമകൾക്ക് നേരെയുള്ള ഹിന്ദുത്വ സംഘടനകളുടെ ആക്രമണവും എല്ലാം ഹിന്ദി വിരുദ്ധ വികാരം പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ് നാട്ടിൽ വീണ്ടും സജീവമാക്കിയിരുന്നു. 2019ലെ ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പായി തമിഴ് നാട്ടിലെത്തിയ മോദിക്ക് ഗോ ബാക്ക് വിളികളും വലിയ പ്രതിഷേധങ്ങളുമാണ് നേരിടേണ്ടി വന്നത് ഈ തീ ഏഴ് മാസം കൊണ്ട് വെള്ളമൊഴിച്ച് കെടുത്തുക എളുപ്പമല്ല. ബിജെപിയോടും രോഷത്തിൽ ശരിക്കും വലിയ വില കൊടുക്കാൻ പോകുന്നത് എഐഎഡിഎംകെ ആയിരിക്കാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.


Next Story

Related Stories