TopTop
Begin typing your search above and press return to search.

രാജസ്ഥാനിൽ സച്ചിൻ അനുകൂലികളായ രണ്ട് എംഎൽഎമാരെ പുറത്താക്കി; ഒരു എംഎൽഎയ്ക്കും കേന്ദ്രമന്ത്രിക്കുമെതിരെ കേസ്, നടപടി ഓഡിയോ ടേപ്പ് പുറത്തായതിന് പിന്നാലെ

രാജസ്ഥാനിൽ സച്ചിൻ അനുകൂലികളായ രണ്ട് എംഎൽഎമാരെ പുറത്താക്കി; ഒരു എംഎൽഎയ്ക്കും കേന്ദ്രമന്ത്രിക്കുമെതിരെ കേസ്, നടപടി ഓഡിയോ ടേപ്പ് പുറത്തായതിന് പിന്നാലെ

രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന സച്ചിന്‍ പൈലറ്റ് അനുകൂലികളായ എംഎല്‍എമാരുടെ ഓഡിയോ ടേപ്പ് പുറത്തുവന്നതിന് പിന്നാലെ, സച്ചിന്‍ അനുകൂലികളായ രണ്ട് വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സൂർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. വിമത എംഎല്‍എമാരിലൊരാളായ ഭന്‍വാര്‍ ലാല്‍ ശര്‍മ്മയ്ക്കും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനുമെതിരെ രാജസ്ഥാന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ് ഒ ജി) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിമത എംഎല്‍എമാരുടെ സംഭാഷണമുള്ള ഓഡിയോ ടേപ്പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭന്‍വാര്‍ ലാല്‍ ശര്‍മയുടേയും ഗജേന്ദ്ര ഷെഖാവത്തിന്റേയും മറ്റൊരു ബിജെപി നേതാവായ സഞ്ജയ് ജയിനിന്റേയും ശബ്ദം ഓഡിയോടേപ്പിലുണ്ട്. ഗജേന്ദ്ര ഷെഖാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് സൂര്‍ജെവാല ആവശ്യപ്പെട്ടു. ഹവാല പണ ഇടപാടുകള്‍ പരിശോധിക്കണമെന്നും സൂര്‍ജെവാല ആവശ്യപ്പെട്ടു. ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ അന്വേഷണം വേണമെന്നും രണ്‍ദീപ് സിംഗ് സൂര്‍ജെവാല ആവശ്യപ്പെട്ടു.

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അന്വേഷിക്കുന്ന എസ് ഒ ജി, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന് നോട്ടീസ് നൽകിയതോടെയാണ് കോൺഗ്രസ്സിലെ ഗെലോട്ട്-പൈലറ്റ് ഗ്രൂപ്പുവഴക്ക് പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയത്. എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയതോടെ, സച്ചിൻ ബിജെപിയിലേയ്ക്ക് പോവുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ബിജെപിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കിയ സച്ചിൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടുള്ള എതിർപ്പ് തുടർന്ന് കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പൈലറ്റിനെ നീക്കി. പൈലറ്റ് അനുകൂലികളായ രണ്ട് മന്ത്രിമാരെ പുറത്താക്കുകയും ചെയ്തിരുന്നു. സച്ചിൻ പൈലറ്റിനേയും അനുകൂലികളായ എംഎൽഎമാരേയും നിയമസഭ സ്പീക്കർ സി പി ജോഷി അയോഗ്യരാക്കുകയും ഇതിനെതിരെ സച്ചിനും അനുയായികളും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പെറ്റീഷൻ ഭേദഗതി ചെയ്യാൻ സച്ചിൻ പൈലറ്റ് തന്നെ ആവശ്യപ്പെട്ടത് പരിഗണിച്ച് വാദം കോടതി മാറ്റിവയ്ക്കുകയാണുണ്ടായത്. തന്റെ സർക്കാരിനെ വീഴ്ത്താൻ എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി അശോക് ഗെലോട്ട് പറഞ്ഞിരുന്നു.


Next Story

Related Stories