TopTop
Begin typing your search above and press return to search.

ബ്യൂറോക്രസിയെ മാറ്റിയെടുക്കും, സിവിൽ സർവീസ് പരിശീലന പരിപാടിയിൽ വൻ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ

ബ്യൂറോക്രസിയെ മാറ്റിയെടുക്കും, സിവിൽ സർവീസ് പരിശീലന പരിപാടിയിൽ വൻ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ

ഇന്ത്യയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഈ വിധമാണ്. അവര്‍ ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവമുള്ളവരാണ്, മാറ്റങ്ങള്‍ ആഗ്രഹിക്കാത്തവരാണ്, അതുപോലെ സാമാന്യവല്‍ക്കരണങ്ങളില്‍ വിശ്വസിക്കുന്നവരുമാണ്. ഈ കാഴ്ചപ്പാട് മാറ്റാന്‍ മോദി സര്‍ക്കാര്‍ വളരെ സാവധാനം ശ്രമിക്കുകയാണ്. ഇതിനായി സിവില്‍ സര്‍വീസ് മേഖലകളില്‍ വിവാദമായേക്കാവുന്ന ചില പരിഷ്‌ക്കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.

പരിശീലകര്‍ക്കുള്ള അടിസ്ഥാന പഠന പദ്ധതിയിലെ മാറ്റം, ജോലിക്കിടെ തന്നെ പരിശീലനം സാധ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് മാത്രമായി ഒരു സര്‍വകലാശാല, എന്നീ സംവിധാനങ്ങളിലൂടെ ഉദ്യോഗസ്ഥ തലത്തിലെ എല്ലാ മേഖലകളിലും അടിസ്ഥാനപരമായ മാറ്റം വരുത്തി ഭരണ നിര്‍വഹണത്തെ പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ നടപടികളെക്കാളേറെ ശ്രദ്ധ കിട്ടിയത് വിവാദപരമായ മറ്റ് ചില നടപടികൾക്കായിരുന്നു. വിദഗ്ദന്‍മാരെ നേരിട്ട് നിയമിക്കുന്ന സംവിധാനമേര്‍പ്പെടുത്തിയതും അതുപോലെ കളങ്കിതരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയതും, ഐ എ എസ് ഉദ്യോഗസ്ഥരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംവിധാനത്തെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമവുമെല്ലാം ആണ് കൂടുതല്‍ ചര്‍ച്ചയായാത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അത്രയധികം വാര്‍ത്തയാകാത്ത പരിശീലന പരിപാടി മാറ്റത്തിലൂടെ 2.5 കോടി വരുന്ന ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രവർത്തനരീതിയിൽ ദൂരവ്യാപകമായ മാറ്റമുണ്ടാക്കുമെന്നാണ്.

'കഴിഞ്ഞ കുറച്ചുവര്‍ഷമായി നയപരിപാടികളിലും മറ്റും ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ചും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിലും ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി മാറ്റുവാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ' ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തിപരമായി താല്‍പര്യമെടുത്തിട്ടുണ്ട്. മാറ്റത്തിനെതിരു നില്‍ക്കുന്നവര്‍ എന്ന പ്രതിച്ഛായ ഉദ്യോഗസ്ഥരില്‍നിന്ന് മാറ്റാനാണ് ശ്രമം' സിദ്ധാന്തത്തില്‍ നിന്ന് പ്രായോഗിക പരിശീലനത്തിലേക്ക് അധികാരത്തിലെത്തിയ ഉടന്‍ മോദി സര്‍ക്കാര്‍ ഐഎഎസ് പരിശീലകര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറി പ്രോഗ്രാം നടപ്പിലാക്കി. അവരവരുടെ കേഡറുകളിലേക്ക് അയക്കുന്നതിന് മുമ്പ് ഐഎഎസ്സുകാരെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്ക് മൂന്ന് മാസത്തേക്ക് നിയമിക്കുന്നതാണീ പരിശീലന പരിപാടി.

ഈ മൂന്ന് മാസം ഉദ്യോഗസ്ഥര്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുകയും അത് പൂര്‍ത്തിയാക്കി മന്ത്രാലയത്തില്‍ അവതരിപ്പിക്കുകയുമാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. ദേശീയ തലത്തിലുള്ള നയരൂപികരണത്തിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രായോഗിക ജ്ഞാനം ഉണ്ടാക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയില്‍ ഉദിച്ച ആശയത്തിന്റെ അടിസ്ഥാനം. 'പരിശീലന രീതി മാറുന്നുവെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഈ പരിഷ്‌ക്കാരം' ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അവരുടെ സ്വന്തം കാഡറുകളിലേക്ക് പോകുന്നതിന് മുമ്പ് ഉദ്യോഗസ്ഥന്‍മാര്‍ വെറും സൈദ്ധാന്തിക ധാരണ മാത്രം സ്വായത്തമാക്കിയാല്‍ പോരെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.' സൈദ്ധാന്തിക പഠനത്തില്‍നിന്ന് പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ മാറ്റുന്നതിന് വിവിധ പരിശീലന സ്ഥാപനങ്ങളുടെ സിലബസ്സിലും ഘടനയിലും മാറ്റം വരുത്തുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സിവില്‍ സര്‍വീസില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ഫൗണ്ടേഷന്‍ കോഴ്‌സ് തുടങ്ങുന്നതിന് മുമ്പ് ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്ന കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ റവന്യൂ സര്‍വീസ് തുടങ്ങിയവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഒരു പരിചയപ്പെടുത്തല്‍ കോഴ്‌സ് ഏര്‍പ്പെടുത്തുന്നത്. 'പരിശീലന കാലയളവില്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന സിദ്ധാന്തപരമായ കാര്യങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുകയെന്നതാണ് ആശയം. അടിസ്ഥാന പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട് ടെസ്റ്റുകളും നടത്തും. ഫൗണ്ടേഷന്‍ കോഴ്‌സ് കേസ് സ്റ്റഡികളെക്കുറിച്ച് ആകുമെന്ന് ഉറപ്പുവരുത്താന്‍ ഇത് മൂലം കഴിയും' നേരത്തെ സംസാരിച്ച ഐഐഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ ഈ മാറ്റം ഫൗണ്ടേഷന്‍ കോഴ്‌സുകളില്‍ മാത്രമല്ല. എല്ലാ തലത്തിലും- മധ്യ സീനിയര്‍ -തലങ്ങളിലും ഇത്തരം മാറ്റങ്ങളുണ്ടാകും. ഓണ്‍ലൈന്‍ പരിശീലനം, സിവില്‍ സര്‍വീസിനെ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന പദ്ധതിയുടെ ഭാഗമായ ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിങ് പരിപാടിയാണ് ഇതില്‍ പ്രധാനം. ഈ വര്‍ഷം ആരംഭത്തിലാണ് ഇത് തുടങ്ങിയത്. സമയമെടുക്കുമെങ്കിലും ഓരോ ഓഫീസര്‍ക്കും അവരുടെ നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ ആവശ്യപ്പെടുന്ന തരത്തില്‍ പരിശീലനം ലഭ്യമാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ സംരംഭം ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. 'ഡിപാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിങിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓഫീസര്‍മാരുടെ പരിശീലനവും അവരുടെ നിയമനവും തമ്മില്‍ ബന്ധപ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും അക്കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. 'ഓഫീസര്‍മാര്‍ ചെയ്യുന്ന ജോലിയും അവര്‍ക്ക് ലഭിക്കുന്ന പരിശീലനവുമായി പലപ്പോഴും ബന്ധമൊന്നുമുണ്ടാകാറില്ല' ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തന മേഖലയില്‍ വൈദഗ്ദ്യം വേണമെന്നുള്ളതുകൊണ്ട് ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിങ് പരിപാടിയുടെ ഭാഗമാകാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കും. ഭരണ നിര്‍വഹണത്തിലും പബ്ലിക്ക് പൊളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പരീശിലനത്തിന് സര്‍ക്കാര്‍ ഇതിനകം തന്നെ എല്ലാ പരിശീലന സ്ഥാപനങ്ങളെും മാസ്ച്യുസെറ്റ്‌സ് പോലുള്ള വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിങ് പരിപാടി ഡിജിറ്റലായതുകൊണ്ട് തന്നെ ഇതിന്റെ ചിലവും വലിയ അളവില്‍ കുറവായിരിക്കും.

ശ്രേണികളെ ഇല്ലാതാക്കുക, അധീശത്വത്തെ മറികടക്കുക

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രേണീകൃത പ്രവര്‍ത്തന രീതി മറികടക്കുകയെന്നതാണ് മോദി സര്‍ക്കാര്‍ പലപ്പോഴായി മുന്നോട്ടുവെച്ചിട്ടുളള ആശയം. സിവില്‍ സര്‍വീസില്‍ പെട്ടിട്ടുള്ള 20 ഓളം വിഭാഗങ്ങളില്‍ വലിപ്പം ചെറുപ്പം ഉണ്ടാക്കാതിരിക്കാനാണ് ശ്രമം. ഓഫീസര്‍മാരുടെ പരിശീലനത്തിലൂടെ സര്‍ക്കാര്‍ പരോക്ഷമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഘടനാപരമായ പരിഷ്‌ക്കാരമാണിത്. കഴിഞ്ഞവര്‍ഷം മോദി സര്‍ക്കാര്‍ 'ആരംഭ്' എന്ന പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ സിവില്‍ ഉദ്യോഗസ്ഥരും ഒരേ പരിശീലനത്തില്‍ പങ്കാളികളാകാന്‍ വേണ്ടിയായിരുന്നു ഇത്.

'ഓഫീസര്‍മാര്‍ക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മേല്‍കീഴ് ബന്ധത്തെക്കുറിച്ചുള്ള തോന്നല്‍ ഉടലെടുക്കാതിരിക്കുകയെന്നതാണ് ഇത്തരമൊരു പദ്ധതിയുടെ പിന്നിലുള്ള ആശയം.' പേഴ്‌സണല്‍ ട്രെയിനിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമെന്ന നിലയില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നൊരു തോന്നലുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ ഉദ്യോഗസ്ഥരും അവിടെ പരിശീലനം തേടുന്നതോടെ ആ കാഴ്ചപാട് മാറും. ' പരിശീലന പരിപാടിയിലെ മാറ്റം നല്ലതാണെങ്കിലും അത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമെ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ.' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇന്നത്തെ സാഹചര്യത്തില്‍ 5000 ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പരിശീലനം സിദ്ധിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 8-9 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പരിശീലനം ലഭ്യമാകണം. അതായത് ഇപ്പോള്‍ ഒരു ശതമാനം പേര്‍ക്ക് മികച്ച പരിശീലനം ലഭിക്കുകയും ബാക്കിയുള്ളവര്‍ പ്രയോജനമില്ലാത്തവരായി മാറ്റപ്പെടുകയും ചെയ്യുകയാണ്. ഓണ്‍ലൈന്‍ പരിശീലനം വഴി കൂടുതല്‍ പേരെ ഇതുമായി ബന്ധപ്പെടുത്താന്‍ സഹായിക്കും.'

വിശാല കാഴ്ചപ്പാട്

പരിശീലന പരിപാടികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാറ്റം സിവില്‍ സര്‍വീസ് മേഖലയെ വിപ്ലവകരമായി മാറ്റുക എന്ന ലക്ഷ്യം വെച്ചാണെന്ന് നേരത്തെ ഉദ്ധരിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിശീലന പരിപാടികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഡിപാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിങ് വിഭജിക്കുന്ന കാര്യം ആലോചിക്കാന്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിലും പരിശീലന പരിപാടികളെ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ബന്ധമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എല്ലാ ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിന് നാഷണല്‍ സിവില്‍ സര്‍വീസ് സര്‍വകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇതിന്റെ പദ്ധതി തയ്യാറായിട്ടില്ലെങ്കിലും എല്ലാ ദേശീയ പരിശീലന സ്ഥാപനങ്ങളും ഒരു പൊതു മാനദണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍വകലാശാലയ്ക്ക് കഴിയുമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിങിന്റെ കീഴിലിലായിരിക്കും സര്‍വകലാശാല. ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിട്രേഷന്‍, നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സസ്, ദി നാഷണല്‍ പൊലീസ് അക്കാദമി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവ സര്‍വകലാശാലയുടെ അധികാര പരിധിയിലായിരിക്കും. പരിശീലകരെ വളര്‍ത്തികൊണ്ടുവരുന്ന ഒരു കേന്ദ്രം കൂടിയായിരിക്കും സര്‍വകലാശാലയെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിങിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു . പരിശീലക ജോലി എന്നത് ഇപ്പോള്‍ ഒരു ശിക്ഷാ നിയമനമായിട്ടാണ് കണക്കാക്കുന്നത്. ഭരണ നിര്‍വഹണം, നയപരമായ കാര്യങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് മികച്ച പരിശീലകര്‍ സര്‍വകലാശാല നിലവില്‍വരുന്നതോടെ ഉണ്ടാകുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെയും ഭരണപരമായ കാര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന തരത്തില്‍ പരിശീലന പരിപാടികളിലും സിലിബസുകളിലും സര്‍വകലാശാല കാലികമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'പരമ്പരാഗതമായ പരിശീലന പരിപാടിയെന്നതിന് കാര്യമായ പ്രാധാന്യം കിട്ടിയിരുന്നില്ല. ഉദ്യോഗസ്ഥ സംവിധാനം മാറ്റം ആഗ്രഹിക്കുന്നില്ലെന്നും പുതിയ കാര്യങ്ങള്‍ ഉള്‍കൊള്ളുന്നതിന് വിമുഖരുമാണെന്നുമുള്ള നിഗമനങ്ങളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ സര്‍ക്കാരിന് കീഴില്‍ ഇത് മാറ്റാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്' ഉദ്യോഗസ്ഥന്‍ പറഞ്ഞു . ദി പ്രിൻ്റിൽ വന്ന

ലേഖനത്തിൻ്റെ

പരിഭാഷ


Next Story

Related Stories