TopTop
Begin typing your search above and press return to search.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ താല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷകള്‍ ഇല്ലെങ്കിലും പ്ലസ് ടു ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കും. അതേസമയം, ഫല നിര്‍ണയത്തിനുള്ള മാനദണ്ഡത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കോവിഡ് വ്യാപനം തുടുന്നതിനിടെ, പരീക്ഷകള്‍ നടത്താനുള്ള നീക്കത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. പരീക്ഷ റദ്ദാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. വിഷയത്തില്‍ വ്യാഴാഴ്ച മറുപടി നല്‍കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തെ സിബിഎസ്ഇ മാനേജ്‌മെന്റുകള്‍ സ്വാഗതം ചെയ്തു. പ്ലസ് ടു മൂല്യനിര്‍ണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു.

നേരത്തെ, കോവിഡ് അതിതീവ്ര വ്യാപനത്തെത്തുടര്‍ന്ന് മെയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയപ്പോള്‍ പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.


Next Story

Related Stories