TopTop
Begin typing your search above and press return to search.

കോവിഡ് ബാധിതരിലെ അപൂര്‍വ ഫംഗസ് ബാധ; കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കോവിഡ് ബാധിതരിലെ അപൂര്‍വ ഫംഗസ് ബാധ; കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കോവിഡ് ബാധിതരില്‍ അപൂര്‍വമായി കണ്ടുവരുന്ന 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ബ്ലാക്ക് ഫംഗസ് ബാധയെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. യഥാസമയം കണ്ടെത്തി ചികിത്സ നടത്തിയില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. ഈ സാഹചര്യത്തില്‍ രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിവയടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയത്. മഹാരാഷ്ട്രയില്‍ ഫംഗസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം എട്ടുപേര്‍ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐസിയു വാസം അനുഭവിച്ചവരിലുമാണ് ഫംഗസ് ബാധ കണ്ടുവരുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളില്‍ രോഗം പിടിപെടാന്‍ കാരണമാകുന്നത്. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛര്‍ദിക്കല്‍, മാനസിക അസ്ഥിരത എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പ്രമേഹരോഗികളായ കോവിഡ് ബാധിതരില്‍ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തില്‍ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചര്‍മത്തില്‍ ക്ഷതം, രക്തം കട്ടപ്പിടിക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

രോഗ പ്രതിരോധത്തിനായി കോവിഡ് മുക്തമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകള്‍ കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് മാത്രം നല്‍കുക, ഓക്‌സിജന്‍ തെറാപ്പിയില്‍ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്‌സും ആന്റി ഫംഗല്‍ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു. പ്രമേഹം നിയന്ത്രിച്ചും പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


Next Story

Related Stories