Top

ജി എസ് ടി നഷ്ടപരിഹാര തുക നല്‍കില്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടരും, നികുതി നിരക്ക് കൂട്ടാനും കേന്ദ്രത്തിന്റെ ആലോചന

ജി എസ് ടി  നഷ്ടപരിഹാര  തുക നല്‍കില്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടരും, നികുതി നിരക്ക് കൂട്ടാനും കേന്ദ്രത്തിന്റെ ആലോചന


ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാര തുക നല്‍കാനുള്ള സാഹചര്യം ഇല്ലെന്ന് കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള പണം കിട്ടണമെന്ന് ആവശ്യപ്പെട്ട കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്. ഇതോടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ജിഎസ്ടി വരുമാനം കുറഞ്ഞതാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയതെന്ന് കാണിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ കത്തയച്ചിരിക്കുന്നത്. നഷ്ടപരിഹാരം വൈകിപ്പിക്കുന്നതിനെതിരെ സ്വികരിക്കേണ്ട നടപടികള്‍ ആലോചിക്കുന്നതിന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കിന്റെ മുൻകൈയിൽൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തിന് പുറമെ, രാജസ്ഥാന്‍, ഡല്‍ഹി പഞ്ചാബ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളാണ് ജിഎസ്ടി നടപ്പിലാക്കിയതുമൂലം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. കടുത്ത നടപടികൾ ഈ സംസ്ഥാനങ്ങൾ ആലോചിക്കാനിരിക്കെയാണ് പണം നൽകാനാവില്ലെന്ന് തീരുമാനം അറിയിച്ചിരിക്കുന്നത്. അടുത്ത ജി എസ് ടി യോഗം ഈ മാസം അവസാനം നടക്കാനിരിക്കെയാണ് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കി തീരുമാനം വന്നിരിക്കുന്നത്.
ജി എസ് ടി നടപ്പിലാക്കുന്നതിന് മുമ്പ് നല്‍കിയ വാഗ്ദാനമായിരുന്നു സംസ്ഥാനങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നഷ്ടപരിഹാരമായി നല്‍കുമെന്നത്. ഈ വാഗ്ദാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പല സംസ്ഥാനങ്ങളും ജിഎസ്ടി നടപ്പിലാക്കാന്‍ സമ്മതിച്ചത്. വരുമാനം കുറഞ്ഞുവെന്ന് കാണിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ പണം നല്‍കാന്‍ സാധിക്കാത്തതെന്നാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്ക് കത്തുനല്‍കിയിട്ടുള്ളത്.
' നഷ്ടപരിഹാര ആവശ്യങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാര സെസ്സില്‍നിന്ന് ഈ തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.' ഇതാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
സാമ്പത്തിക സ്ഥിതി മോശമായതും വരുമാനം കുറയാന്‍ കാരണമായാതായാണ് കണക്കാക്കുന്നത്.
വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍ ഉള്ള ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടും കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ജി എസ് ടി യോഗത്തിന് മുമ്പ് ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. നികുതി നിരക്കിലെ കുറവാണ് വരുമാനത്തില്‍ കുറവുണ്ടാക്കിയതെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാറെന്നാണ് സൂചന. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ യഥാര്‍ത്ഥ നികുതി നിരക്ക് 2017 മെയ് മാസത്തില്‍ 14.4 ശതമാനമായിരുന്നത് ഇപ്പോള്‍ 11.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ വരുമാനത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ പരോക്ഷ നികുതി 25 ശതമാനമായിരുന്നത് ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം 18 ശതമാനമായി കുറഞ്ഞാതായുമാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നികുതിവലയില്‍നിന്ന് പുറത്ത് നിർത്തിയിട്ടുള്ള ഉത്പന്നങ്ങള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ അടുത്ത യോഗത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ട്. ഇതിന് പുറമെ ചില ഉത്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്.
കേന്ദ്രം നല്‍കേണ്ട തുക നല്‍കിയില്ലെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സംസ്ഥാനം കേരളമായിരിക്കും. 3200 കോടി രൂപ സംസ്ഥാനത്തിന് ഇതിനകം കേന്ദ്രം തരേണ്ടതായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
സംസ്ഥാനത്തിന്റെ നികുതി വരുമാന വളര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ കുറവാണ് ഉണ്ടാകുന്നത്. 30 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടിടത്ത് 14 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ശമ്പളവും നഷ്ടപരിഹാരത്തിനും ആശ്രയിച്ചിരുന്ന ജിഎസ്ടി നഷ്ടപരിഹാരവും കിട്ടാതായതോടെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വഷളായത്.


Next Story

Related Stories