TopTop

വനഭൂമി ഇതര ആവശ്യങ്ങൾക്ക് നൽകിയവരെ ഹരിത ട്രൈബ്യൂണല്‍ അംഗങ്ങളാക്കി; നിയമന രേഖകള്‍ പരസ്യമാക്കില്ലെന്ന് കേന്ദ്രം

വനഭൂമി ഇതര ആവശ്യങ്ങൾക്ക് നൽകിയവരെ ഹരിത ട്രൈബ്യൂണല്‍ അംഗങ്ങളാക്കി; നിയമന രേഖകള്‍ പരസ്യമാക്കില്ലെന്ന് കേന്ദ്രം

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇത്തരത്തില്‍ മറുപടി നല്‍കിയത്. രണ്ട് വിദഗ്ധരുടെ നിയമനത്തിനാണ് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയത്. ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ തന്ത്രപ്രധാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ മറുപടി നല്‍കിയത്. ദ വയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഹരിത ട്രൈബ്യൂണലില്‍ രണ്ട് വിദഗ്ധരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

മൂന്ന് വര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയോ ആണ് നിയമനം. ചെയര്‍മാന്‍ ജൂഡീഷ്യല്‍ അംഗങ്ങള്‍, വിദഗ്ധ അംഗങ്ങള്‍ എന്നിവരുടെ നിയമനം അഞ്ച് വര്‍ഷത്തേയ്ക്ക് ആയിരിക്കും എന്നും ഒരു തവണ നിയമിച്ചാല്‍ വീണ്ടും നിയമനം നടത്താനാകില്ലെന്നും 2010ലെ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) ആക്ട് വ്യക്തമാക്കുന്നുണ്ട്. ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സിദ്ധാന്ത് ദാസ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (വന സംരക്ഷണം) സൈബാള്‍ ദാസ് ഗുപ്ത എന്നിവരെയാണ് വിദഗ്ധ അംഗങ്ങളായി എന്‍ജിടിയില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. വിരുദ്ധ താല്‍പര്യ പ്രശ്‌നവും ഇതില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വനഭൂമി, വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിച്ച ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു സിദ്ധാന്ത് ദാസ്. സെയ്ബാള്‍ ദാസ് ഗുപ്തയും ഈ കമ്മിറ്റിയിലെ അംഗമാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇരുവരുടേയും രഹസ്യ നിയമനം. വനനശീകരണത്തിന് എഫ്എസി നല്‍കിയ അംഗീകാരങ്ങള്‍ക്കെതിരായ കേസുകളില്‍ എന്‍ജിടി വാദം കേട്ടുകൊണ്ടിരിക്കെയാണ് എഫ്എസി അംഗങ്ങളായ രണ്ട് പേരെ എന്‍ജിടിയില്‍ വിദഗ്ധ അംഗങ്ങളായി നിയമിക്കുന്നത്. എന്‍ജിടിയിലെ വിദഗ്ധ അംഗങ്ങളുടെ കാലാവധി വെട്ടിച്ചുരുക്കിയതിലൂടെ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം എന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.

നിയമന നടപടിക്രമങ്ങള്‍, അപേക്ഷകരുടെ പേര് വിവരങ്ങള്‍, അവരുടെ യോഗ്യതകള്‍, യോഗങ്ങളുടെ മിനുട്‌സുകള്‍ അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് ദ വയര്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. ഈ ആവശ്യപ്പെട്ട വിവരങ്ങളൊന്നും നല്‍കാനാവില്ല എന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്. വിദഗ്ധ അംഗങ്ങളെ നിയമിക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണ് എന്നും ഇതുകൊണ്ട് 2005ലെ ആര്‍ടിഐ ആക്ട് സെക്ഷന്‍ 8 (1) (എ) പ്രകാരം വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല എന്നും മന്ത്രാലയം മറുപടി നല്‍കി. കാബിനറ്റ് തീരുമാനം ഔദ്യോഗികമായി വന്ന ശേഷം എല്ലാവരേയും അറിയിക്കാം എന്നാണ് മറുപടി.

കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ നടത്തിയിരിക്കുന്ന ഈ രണ്ട് നിയമനങ്ങള്‍ എന്‍ജിടിയെ തകര്‍ക്കുന്നതാണ് എന്ന് ബാര്‍ ആന്‍ഡ് ബഞ്ചില്‍ എഴുതിയ ലേഖനത്തില്‍ പരിസ്ഥിതി വിഷയങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ള അഭിഭാഷകന്‍ ഋത്വിക് ദത്ത അഭിപ്രായപ്പെടുന്നു. ഒരു ജുഡീഷ്യല്‍ ബോഡി എന്ന നിലയിലും പരിസ്ഥിതി വിദഗ്ധ സമിതി എന്ന നിലയിലുമുള്ള എന്‍ജിടിയുടെ സ്വഭാവം ഇത് നശിപ്പിക്കുമെന്ന് ഋത്വിക് ദത്ത പറയുന്നു. 2011ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിലവില്‍ വന്ന സമയത്ത് ഉദ്യോഗസ്ഥരല്ലാത്ത മറ്റ് പരിസ്ഥിതി വിദഗ്ധരും ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരുമെല്ലാം ആയിരുന്നു ട്രൈബ്യൂണല്‍ അംഗങ്ങള്‍ എന്ന് ഋത്വിക് ദത്ത പറയുന്നു. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥരെ വിദഗ്ധരെന്ന നിലയില്‍ നിയമിക്കാന്‍ തുടങ്ങി. ഇത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധികളെ ബാധിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ മുതല്‍ എന്‍ജിടിയിലെ 70 ശതമാനം ഒഴിവുകളും നികത്താതെ കിടക്കുകയാണ്. സോണല്‍ ഓഫീസുകളിലെ അവസ്ഥ കൂടുതല്‍ മോശമാണ്. ചെന്നൈ, ഭോപ്പാല്‍, പൂനെ, കൊല്‍ക്കത്ത ബ്രാഞ്ചുകള്‍ ഏറെക്കുറെ നിര്‍ജ്ജീവമായ നിലയിലാണ്.


Next Story

Related Stories