TopTop
Begin typing your search above and press return to search.

ഇസ്ലാമിക് സ്റ്റേറ്റ് സാന്നിധ്യം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇസ്ലാമിക് സ്റ്റേറ്റ് സാന്നിധ്യം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവുമെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിനു പുറമെ കര്‍ണാടകം, ആന്ധ്രാ പ്രദേശ് തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളിലാണ് ഐഎസ് സാന്നിധ്യം ഏറ്റവും കൂടുതലുള്ളതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അറിയിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഐഎസ് സാന്നിധ്യം സംബന്ധിച്ച് ബിജെപി അംഗം വിനയ് സഹസ്രബുദ്ധയുടെ ചോദ്യത്തിനുള്ള മറുപടിയായാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്.

"ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ചില വ്യക്തികള്‍ ഐഎസില്‍ ചേര്‍ന്ന കാര്യം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ വന്നിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലായി 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ നിലനില്‍ക്കുന്ന സംഘടനകളുടെ യുഎപിഎ-യുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്. ഇന്റര്‍നെറ്റ് മുഖേനെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടിയാണ് ഐഎസ് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലകളില്‍ നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്", മന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയില്‍ അടക്കം 12 സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. നേരത്തെ ഈ വര്‍ഷമാദ്യം പുറത്തു വന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലും കര്‍ണാടകത്തിലും ഐഎസിന് ശക്തമായ സാന്നിധ്യമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ് നീക്കങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി എന്‍ഐഎ കഴിഞ്ഞ വര്‍ഷം പാലക്കാട്ടും കാസര്‍കോട്ടും റെയ്ഡ് നടത്തിയിരുന്നു. 2016-ല്‍ 14 പേര്‍ മലബാര്‍ മേഖലയില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവരില്‍ ചിലര്‍ പിന്നീട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.




Next Story

Related Stories