TopTop
Begin typing your search above and press return to search.

സംസ്ഥാനങ്ങളുടെ ജി എസ് ടി നഷ്ടം പരിഹരിക്കാൻ കേന്ദ്രം വായ്പയെടുക്കും - നിർമ്മല സീതാരാമൻ, സ്വാഗതം ചെയ്യുന്നതായി ചിദംബരം

സംസ്ഥാനങ്ങളുടെ ജി എസ് ടി നഷ്ടം പരിഹരിക്കാൻ കേന്ദ്രം വായ്പയെടുക്കും - നിർമ്മല സീതാരാമൻ, സ്വാഗതം ചെയ്യുന്നതായി ചിദംബരം

ജി എസ് ടി മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുമെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. 1.1 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കുക. സംസ്ഥാനങ്ങള്‍ക്ക് ഒന്നുകില്‍ ജി എസ് ടി നഷ്ടപരിഹാര കുടിശികയോ അല്ലെങ്കില്‍ മുഴുവന്‍ തുകയോ വായ്പയെടുക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു. കേന്ദ്രം തന്നെ വായ്പയെടുത്ത് സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്തണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.

കോവിഡ് പ്രതിസന്ധി മൂലം ജി എസ് ടി വരുമാനം കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങളുടെ നഷ്ടം നികത്താന്‍ പണം നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇത്തരമൊരു ബാധ്യത കേന്ദ്രസര്‍ക്കാരിനുള്ളതായി ജി എസ് ടി നിയമം പറയുന്നില്ലെന്നും അറ്റോണി ജനറലിന്റെ നിയമോപദേശമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയതിനെ മുന്‍ കേന്ദ്ര ധന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സ്വാഗതം ചെയ്തു. കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടിനെ പിന്തുണച്ച എല്ലാ സാമ്പത്തികവിദഗ്ധര്‍ക്കും അക്കാഡമിക്കുകള്‍ക്കും ന്യൂസ്‌പേപ്പര്‍ എഡിറ്റര്‍മാര്‍ക്കും നന്ദി പറയുന്നതായും ചിദംബരം പറഞ്ഞു.


തര്‍ക്കപരിഹാര സംവിധാനം വേണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഒക്ടോബര്‍ 5ന് ചേര്‍ന്ന 42ാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ 10 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന്‌റെ രണ്ട് വായ്പയെടുക്കല്‍ ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞത്. 2.35 ലക്ഷം കോടി രൂപയുടെ ജി എസ് ടി നഷ്ടപരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത്.


Next Story

Related Stories