TopTop
Begin typing your search above and press return to search.

നയം മാറ്റത്തിനു പിന്നാലെ വാക്‌സിന്‍ വില പുനക്രമീകരിക്കാന്‍ കേന്ദ്രം; നിര്‍മാതാക്കളുമായി ചര്‍ച്ച

നയം മാറ്റത്തിനു പിന്നാലെ വാക്‌സിന്‍ വില പുനക്രമീകരിക്കാന്‍ കേന്ദ്രം; നിര്‍മാതാക്കളുമായി ചര്‍ച്ച

വാക്‌സിന്‍ നയം മാറ്റിയതിനുപിന്നാലെ വാക്‌സിന്റെ വില മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് എന്നിവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. നിലവില്‍ ഡോസിന് 150 രൂപ നല്‍കിയാണ് സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത്. എന്നാല്‍, പുതിയ നയം പ്രഖ്യാപിച്ചശേഷം വില നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്പനികളുമായി ചര്‍ച്ചയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ധനകാര്യ മന്ത്രാലയമോ, ആരോഗ്യ വകുപ്പോ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് പ്രതിനിധികളോ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.

പുതിയ നയം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള 25 ശതമാനം വാക്‌സിന്‍ ഉള്‍പ്പെടെ 75 ശതമാനം വാക്‌സിന്‍ ഡോസുകളും കേന്ദ്ര സര്‍ക്കാരാണ് വാങ്ങുക. ഇവ മാനദണ്ഡമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ജൂണ്‍ 21മുതല്‍ വാക്‌സിന്‍ സൗജന്യവുമാണ്. എന്നാല്‍ ഇതിന് ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 15,000 കോടി രൂപ അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വില പരിഷ്‌കരിക്കുന്ന കാര്യം കേന്ദ്രം ചര്‍ച്ച ചെയ്യുന്നത്.

രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങിയ ജനുവരില്‍ ഡോസിന് 200 രൂപ നല്‍കിയാണ് 1.1 കോടി കോവിഷീല്‍ഡ് വാക്‌സിന്‍ കേന്ദ്രം സംഭരിച്ചത്. അതേസമയം, കോവാക്‌സിന് 206 രൂപയാണ് ഒരു ഡോസിന് നല്‍കിയിരുന്നത്. 55 ലക്ഷം കോവാക്‌സിനാണ് ഇത്തരത്തില്‍ കേന്ദ്രം വാങ്ങിയത്. പിന്നീടാണ് രണ്ട് വാക്‌സിനുകള്‍ക്കും ഡോസിന് 150 രൂപ എന്ന നിരക്ക് നിശ്ചയിച്ചത്. അതേസമയം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡോസിന് 400 രൂപയ്ക്കും ഭാരത് ബയോടെക്ക് 600 രൂപയ്ക്കുമാണ് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600, 1200 എന്നിങ്ങനെയായിരുന്നു നിരക്ക്.

പുതിയ നയം പ്രഖ്യാപിച്ചതിനുപിന്നാലെ, സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ നിരക്ക് സര്‍ക്കാര്‍ പുതുക്കിയിരുന്നു. കോവിഷീല്‍ഡ് 780, കോവാക്‌സിന്‍ 1,410, സ്പുട്‌നിക് 1,145 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. അഞ്ച് ശതമാനം ജിഎസ്ടി കൂടിയാകുമ്പോള്‍ കോവിഷീല്‍ഡ് 30, കോവാക്‌സിന്‍ 60, സ്പുട്‌നിക് 47 രൂപ എന്നിങ്ങനെ അധികമായി നല്‍കണം. വാക്‌സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും കേന്ദ്രം അറിയിച്ചു.


Next Story

Related Stories