TopTop
Begin typing your search above and press return to search.

അടുത്ത പരിപാടി റോഹിംഗ്യകളെ പുറത്താക്കല്‍ - കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

അടുത്ത പരിപാടി റോഹിംഗ്യകളെ പുറത്താക്കല്‍ - കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

കേന്ദ്ര സര്‍ക്കാര്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത് മ്യാന്‍മറിലെ കൂട്ടക്കൊലകളേയും വംശീയ പീഡനങ്ങളേയും തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങളെ പുറത്താക്കുകയാണ് എന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ (എന്‍ആര്‍സി) ശക്തമായ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവന. ജമ്മുവില്‍ ഒരു പൊതുപരിപാടിയിലാണ് ജിതേന്ദ്ര സിംഗ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റില്‍ പാസാക്കിയ ദിവസം തന്നെ കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരില്‍ നിയമം നിലവില്‍ വന്നതായി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മുവില്‍ വലിയ തോതില്‍ റോഹിംഗ്യകളുണ്ട്. ലിസ്റ്റ് തയ്യാറാക്കി ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കും.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന മുസ്ലീം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നത് എന്നാണ് മോദി സര്‍ക്കാരിന്റെ വാദം. ഈ വാദമനുസരിച്ചാണെങ്കില്‍ മ്യാന്‍മറില്‍ മതപീഡനം നേരിടുന്ന വംശീയ ന്യൂനപക്ഷങ്ങളായ റോംഹിംഗ്യകള്‍ക്കും പാകിസ്താനിലെ അഹമ്മദീയകള്‍ക്കും മറ്റും എന്തുകൊണ്ട് പൗരത്വം നല്‍കുന്നില്ല എന്ന ചോദ്യം വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അവര്‍ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെടുന്നില്ല (ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍) എന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. അവര്‍ മ്യാന്‍മറില്‍ നിന്നുള്ളവരാണ് അതുകൊണ്ട് തന്നെ അവര്‍ക്ക് പൗരത്വം നല്‍കാനാവില്ല - ജിതേന്ദ്ര സിംഗ് പറഞ്ഞു. 2011ലാണ് ഇന്ത്യയിലേയ്ക്ക് റോഹിംഗ്യകളുടെ പ്രവാഹം പലായനം തുടങ്ങിയത്. മ്യാന്‍മര്‍ സൈന്യത്തിന്റേയും ബുദ്ധമത തീവ്രവാദികളുടെ ആക്രമണങ്ങളേയും തുടര്‍ന്നായിരുന്നു ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 14,000 റോഹിംഗ്യ അഭയാര്‍ത്ഥികള്‍ യുഎന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവകാണ്. നാല്‍പ്പതിനായിരത്തിനടുത്ത് വരുന്ന റോംഹിംഗ്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരും. ഈ വര്‍ഷമാദ്യം ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചത് 2017 മുതല്‍ ഇതുവരെ മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകളടക്കമുള്ള 22 പേരെ തിരിച്ചയച്ചതായാണ്. 6.7 ലക്ഷത്തോളം റോഹിംഗ്യകള്‍ ബംഗ്ലാദേശിലുണ്ട്.


Next Story

Related Stories