TopTop
Begin typing your search above and press return to search.

ശക്തികൂട്ടി, സുപ്രധാന പാതകള്‍ ഉപരോധിച്ച് കര്‍ഷകര്‍; ഡല്‍ഹിയില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു, സുരക്ഷ ശക്തമാക്കി പൊലീസ്

ശക്തികൂട്ടി, സുപ്രധാന പാതകള്‍ ഉപരോധിച്ച് കര്‍ഷകര്‍; ഡല്‍ഹിയില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു, സുരക്ഷ ശക്തമാക്കി പൊലീസ്

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കി കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. കര്‍ഷക സംഘനകള്‍ നല്‍കിയ ആഹ്വാനപ്രകാരം പഞ്ചാബിലെയും ഹരിയാനയിലെയും നിരവധി സ്ഥലങ്ങളില്‍ കര്‍ഷകര്‍ റോഡുകള്‍ തടഞ്ഞു. ഡല്‍ഹി ഒഴികെ, ദേശീയ തലസ്ഥാനത്തിലെ മറ്റ് ഭാഗങ്ങളിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും ഉപരോധങ്ങള്‍ നടക്കുകയാണ്.

അതേസമയം കര്‍ഷകരുടെ പ്രതിഷേധം മുന്‍നിര്‍ത്തി ഡല്‍ഹി പോലീസ് തലസ്ഥാനത്തെ എല്ലാ അതിര്‍ത്തി സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീക്കം തടയാന്‍ പോലീസ് മള്‍ട്ടി ലെയര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുള്ളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ നല്‍കിയ 'ചക്ക ജാം' ആഹ്വാനത്തെ പിന്തുണച്ച് പ്രതിഷേധം നടത്തിയെന്നാരോപിച്ച് സെന്റര്‍ ഡല്‍ഹിയിലെ ഷഹീദി പാര്‍ക്കിന് സമീപത്ത് നിന്ന് 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ക്രമസമാധാന പാലനത്തിനായി ഹരിയാന പൊലീസും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സുപ്രധാന ജംഗ്ഷനുകളിലും റോഡുകളിലും സുരക്ഷയും ഗതാഗത ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം തലസ്ഥാനത്തെ 10 മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഉച്ചയ്ക്ക് മൂന്ന് വരെ തുടരുന്ന ചക്ക ജാമില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ സ്തംഭിച്ചു. ബെംഗളൂരുവിലും പുണെയിലും വലിയ ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടു. ബെംഗളൂരുവില്‍ മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ സുരക്ഷക്കായി 50000 പോലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലെ കനത്ത സുരക്ഷ. അതേസമയം ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും റോഡുകള്‍ ഉപരോധിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് അറിയിച്ചിട്ടുണ്ട്. ഇവിടെയുള്ളവരെ ഏത് സമയവും ഡല്‍ഹിയിലേക്ക് വിളിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യവ്യാപകമായി നടത്തുന്ന റോഡ് ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

Related Stories