Top

അയോധ്യ: ചീഫ് ജസ്റ്റിസ് സുരക്ഷ വിലയിരുത്തുന്നു, യുപി അധികൃതരുമായി ചർച്ച; യോഗി രണ്ട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു

അയോധ്യ: ചീഫ് ജസ്റ്റിസ് സുരക്ഷ വിലയിരുത്തുന്നു, യുപി അധികൃതരുമായി ചർച്ച; യോഗി രണ്ട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു

ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികളിലൊന്ന് എന്നാണ് അയോധ്യ വിധിയെ അടുത്ത ചീഫ് ജസ്റ്റിസും അയോധ്യ കേസില്‍ വിധി പ്രസ്താവിക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ ഒരാളുമായ എസ് എ ബോബ്‌ഡെ വിശേഷിപ്പിച്ചത്. അയോധ്യയിലെ ഭൂമി രാം ലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി ഭാഗിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 14 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ച്ചയായി 40 പ്രവൃത്തി ദിനങ്ങളില്‍ വാദം കേട്ടാണ് സുപ്രീം കോടതി കേസ് വിധി പറയാന്‍ മാറ്റിയത്.

വിധി എന്തായാലും സമാധാനപരമായി പ്രതികരിക്കാന്‍ ഹിന്ദു, മുസ്ലീം സംഘടനകളും വിവിധ കക്ഷി നേതാക്കളും ആഹ്വാനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അയോധ്യ വിധിയുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് മണിക്കൂര്‍ നേരത്തെ റിവ്യൂ മീറ്റിംഗ് നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി ലക്‌നൗവില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. അടിയന്തരാവശ്യങ്ങള്‍ കണക്കിലെടുത്ത് രണ്ട് ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി യോഗി ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്ന് ലക്‌നൗവിലും ഒന്ന് അയോധ്യയിലുമാണ് ഉണ്ടാവുക.

ഗ്രാമങ്ങളും ചെറു പട്ടണങ്ങളും സന്ദര്‍ശിക്കാനും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ രാത്രി കാംപ് ചെയ്യാനും സമാധാന പാലനത്തിനായി യോഗങ്ങള്‍ സംഘടിപ്പിക്കാനും ജില്ലാ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അയോധ്യ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വളണ്ടിയര്‍മാരെ നിയോഗിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും 16000 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

പൊതു ആഘോഷങ്ങള്‍ക്ക് അയോധ്യ മേഖലയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ വരെ അയോധ്യയില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചു. പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


Next Story

Related Stories