TopTop
Begin typing your search above and press return to search.

കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ അജണ്ടയാക്കാനുള്ള ചൈന-പാക് ഗൂഢാലോചനയെ വീണ്ടും അടിച്ചിരുത്തി അംഗങ്ങള്‍

കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ അജണ്ടയാക്കാനുള്ള ചൈന-പാക് ഗൂഢാലോചനയെ വീണ്ടും അടിച്ചിരുത്തി അംഗങ്ങള്‍

കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭാ രക്ഷാ കൗണ്‍സിലില്‍ ചൈന മുഖാന്തിരം അവതരിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമം വീണ്ടും പാളിയതായി റിപ്പോര്‍ട്ട്. ഈ പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല സുരക്ഷാ സമിതിയെന്ന് മിക്ക അംഗങ്ങളും പറഞ്ഞതായാണ് വിവരം. ഇന്ത്യന്‍ പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ ചൈനയുടെ നീക്കത്തിന് തിരിച്ചടി നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍‌ട്ട്. ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന പാകിസ്താന്‍ അത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വഴി കണ്ടെത്തുകയും വേണമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനോട് രക്ഷാ കൗണ്‍സിലിലെ ഭൂരിഭാഗം പേരും എതിര്‍ത്ത് സംസാരിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞദിവസം അടച്ചിട്ട മുറിയിലാണ് രക്ഷാസമിതി ചേര്‍ന്നത്.

മറ്റുചില രാജ്യങ്ങളുടെ വിഷയങ്ങള്‍ അജണ്ടയാക്കി വിളിച്ചുകൂട്ടിയതാണ് രക്ഷാസമിതി. ഇതില്‍ ചൈന പരിഗണനാര്‍ഹമായ മറ്റുചില വിഷയങ്ങളെന്ന പേരില്‍ കാശ്മീര്‍ പ്രശ്നം ചര്‍ച്ചയിലെടുക്കണമെന്ന അഭ്യര്‍ത്ഥന നടത്തുകയുണ്ടായി. ഇതാണ് പാളിയത്.

അഞ്ച് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രക്ഷാകൗണ്‍സില്‍ ചേരുന്നത്. ഓഗസ്റ്റില്‍ നടന്ന യോഗത്തില്‍ കാശ്മീര്‍ പ്രശ്നത്തിലുള്ള ഇന്ത്യയുടെ നിലപാടിന് അംഗീകാരം കിട്ടിയിരുന്നു. കാശ്മീര്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നും പുറത്തുനിന്നുള്ള പിന്തുണയുടെ ആവശ്യം തങ്ങള്‍ക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇതിനോട് ഓഗസ്റ്റ് യോഗം യോജിക്കുകയുണ്ടായി. ഇക്കാരണത്താലാണ് ചൈന വീണ്ടും കാശ്മീര്‍ പ്രശ്നവുമായി എത്തിയപ്പോള്‍ അംഗങ്ങള്‍ വിയോജിച്ചത്.

ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയെ പ്രതിരോധിച്ച് സംസാരിച്ചു. കഴിഞ്ഞ ദിവസം തന്നെ ഈ നിലപാട് ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നതാണ്. പഴയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് ഫ്രഞ്ച് പ്രതിനിധി പറയുകയുണ്ടായി. ഇന്ത്യയും പാകിസ്താനും വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാട് എന്നവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ ഈ പ്രശ്നം ചൈന ഉന്നയിച്ചപ്പോഴും യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതിനെ പരാജയപ്പെടുത്തിയിരുന്നു.

കാശ്മീര്‍ വിഷയം താന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ച കാര്യം ചൈനീസ് അംബാസ്സഡര്‍ സാങ് ജുന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കാശ്മീരിലെ സ്ഥിതിഗതികളില്‍ രക്ഷാസമിതി പ്രത്യേക ശ്രദ്ധ വെക്കണമെന്ന് പാകിസ്താന്‍ രക്ഷാസമിതിക്കെഴുതിയിരുന്നതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ രക്ഷാസമിതിയില്‍ എന്തെങ്കിലും പുരോഗതിയുണ്ടായോ എന്ന ചോദ്യത്തിന്, ഇരുരാജ്യങ്ങള്‍ പരസ്പര സംഭാഷണങ്ങളിലൂടെ പരിഹാരം കാണണമെന്നതിലേക്കും, നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ശ്രമം നടത്തേണ്ടതിലേക്കും ഈ യോഗം വെളിച്ചം വീശുന്നതായി ഇദ്ദേഹം മറുപടി നല്‍കി.


Next Story

Related Stories