TopTop
Begin typing your search above and press return to search.

ചൈനീസ് സൈന്യം ശരിക്കും പിന്മാറിയോ? 40,000 സൈനികർ സംഘർഷമേഖലയിൽ തുടരുന്നതായി റിപ്പോർട്ട്

ചൈനീസ് സൈന്യം ശരിക്കും പിന്മാറിയോ? 40,000 സൈനികർ സംഘർഷമേഖലയിൽ തുടരുന്നതായി റിപ്പോർട്ട്

ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് (LAC - Line of Actual Control) സമീപമുള്ള സംഘര്‍ഷമേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം (PLA - Peoples Liberation Army) പൂര്‍ണമായും പിന്‍വലിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട്. 40,000ത്തോളം ചൈനീസ് സൈനികര്‍ പിന്‍വാങ്ങാതെ തുടരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയടക്കം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് റൗണ്ട് സൈനിക കമാന്‍ഡര്‍തല ചര്‍ച്ചകളിലെ ധാരണകളുടെ അടിസ്ഥാനത്തില്‍ ഗാല്‍വാന്‍ അടക്കമുള്ള വിവിധ സംഘര്‍ഷമേഖലകളില്‍ നിന്ന് ഇരു സൈന്യങ്ങളും രണ്ട് കിലോമീറ്ററോളം പിന്മാറിയിരുന്നു. എന്നാല്‍ ഇരു സൈന്യങ്ങളും പിന്മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്ന ഗോഗ്രയിലും മറ്റും ചൈനീസ് സൈന്യം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഡെപ്‌സാങ് സമതല മേഖലയിലും പാങ്‌ഗോങ് സോ തടാകമേഖലയിലും ഫിംഗേഴ്‌സ് മേഖലയിലും ചൈന ഇപ്പോളും നിലയുറപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ സൃഷ്ടിച്ച് പിന്മാറാനുള്ള പരസ്പരധാരണയ്ക്ക് ശേഷവും ചൈനീസ് സൈനികര്‍ ഈ മേഖലകളില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ 5 മുതല്‍ ഫിംഗര്‍ 8 വരെയുള്ള ഇടങ്ങളില്‍ പിഎല്‍എയുണ്ട്. വ്യോമവേധ മിസൈലുകള്‍ അടക്കമുള്ള എയര്‍ ഡിഫന്‍സ് സിസ്റ്റം, ദൂര്‍ഘദൂര ശേഷിയുള്ള പീരങ്കികള്‍ എന്നിവയെല്ലാമായി കനത്ത ആയുധസന്നാഹങ്ങളുമായാണ് ചൈന ഇവിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ജൂലായ് 14, 15 തീയതികളിലായാണ് നാലാം റൗണ്ട് സൈനികചര്‍ച്ച നടന്നത്. സൈനികതല, വിദേശകാര്യ മന്ത്രിതല, പ്രത്യേകപ്രതിനിധി ചര്‍ച്ചകളിലെല്ലാം പിന്മാറ്റത്തിന് ധാരണയായ ശേഷവും ചൈന വാക്ക് പാലിക്കുന്നില്ലെന്ന് സൈനിക, സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ടെന്റുകളും താൽക്കാലിക നിർമ്മിതികളും നീക്കം ചെയ്യാൻ ഇരു സൈന്യങ്ങളും ധാരണയിലെത്തിയിരുന്നു.


Next Story

Related Stories