കശ്മീരിൽ ഇന്ത്യ ചൈന അതിർത്തി പ്രദേശത്ത് തർക്കം രൂക്ഷമാവുന്നതിനിടെ അരുണാചൽ പ്രദശിൽ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കൈമാറി. സെപ്തംബറിലെ ആദ്യ ദിവസങ്ങളിലായിരുന്നു അഞ്ച് യുവാക്കളെ കാണാതായത്. ഇവർ ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് യുവാക്കളെ കൈമാറിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചത്.
യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ച് തേസ്പൂർ ഡിഫൻസ് പിആർഒ ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭൂപ്രദേശത്ത് വച്ച് യുവാക്കളെ കൈമാറിയതായി ചൈനീസ് സൈനിക വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. യുവാക്കളെ ഇന്ന് കൈമാറുമെന്ന് അരുണാചലിൽ നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജ്ജുവും വ്യക്തമാക്കിയിരുന്നു.
ടാഗിന് ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെ സെപ്റ്റംബര്‍ രണ്ടുമുതലാണ് അരുണാചലില്‍ നിന്ന് കാണാതായത്. ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു. അരുണാചലിലെ കോൺഗ്രസ് എംഎല്‍എയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നാലെ യുവാക്കളെ കാണാതായ വിവരം അറിയിച്ച് ഇന്ത്യ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈനയും അറിയിച്ചു. വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തില്‍ അഞ്ചുപേര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.