TopTop
Begin typing your search above and press return to search.

അതിര്‍ത്തിയില്‍ ചൈനീസ് സൈനിക നീക്കം, കൂടുതൽ സൈനികരെ വിന്യസിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി

അതിര്‍ത്തിയില്‍ ചൈനീസ് സൈനിക നീക്കം, കൂടുതൽ സൈനികരെ വിന്യസിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി

ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍നിന്നുള്ള പിന്മാറ്റം ചൈനീസ് സൈന്യം വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനുപുറമെ അരുണാചല്‍ പ്രദേശ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും കൂടുതലായി സൈനികരെ വിന്യസിക്കുകയും ചെയ്തതോടെ, അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഏറി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യയും സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ലഡാക്കിലെ പാങ്കോങ് ട്‌സോ, ദെപ്‌സാങ് താഴ് വര എന്നിവിടങ്ങളില്‍നിന്നുള്ള പിന്മാറ്റമാണ് ചൈനീസ് സേന വൈകിപ്പിച്ചത്. അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ സൈനിക കമാന്റര് തല ചര്‍ച്ചയും അടുത്ത ആഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ 30 നായിരുന്നു സൈനിക കമാന്റര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടക്കേണ്ടിയിരുന്നത്.

ശൈത്യകാലത്തും സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. ഈ സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതിനാൽ സൈനികരെ നിലനിർത്താൻ ആവശ്യമായ നടപടികളാണ് ഇന്ത്യൻ സൈന്യം കൈകൊള്ളുന്നത്.

ലഡാക്ക് മേഖലയില്‍ 30,000 സൈനികരെ നിലനിര്‍ത്താന്‍ ആവശ്യമായ മു‌ന്നൊരുക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. 3488 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്തെ ലഡാക്ക്, ഉത്തരാഖണ്ഡ്, സിക്കിം അരുണാചല്‍ മേഖലകളിലാണ് സൈനിക നീക്കം ശക്തമാക്കിയിട്ടുള്ളത്. നേപ്പാളിനടുത്തുള്ള ലിപുലേഖ് ചുരത്തിലും ചൈനീസ് സേന വിന്യാസം നടക്കുന്നുണ്ട്.

നേപ്പാള്‍ അവകാശവാദം ഉന്നയിച്ച ഇന്ത്യന്‍ പ്രദേശമായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് മേഖലയിലൂടെ ചൈനീസ് സേന നീങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒരു ബറ്റാലിയന്‍ സൈനികരെ പിഎല്‍എ ഈ വഴി കൊണ്ടുപോയത്. മാനസസരോവര്‍ തീര്‍ത്ഥാടക റൂട്ടായ ലിപുലേഖ് മേഖലയില്‍ ഇന്ത്യയുടെ റോഡ് നിര്‍മ്മാണത്തെ എതിര്‍ത്ത നേപ്പാള്‍, ഇത് തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യ 1962ലെ യുദ്ധ സമയത്ത് കയ്യടക്കിയതാണെന്നും ആരോപിച്ചിരുന്നു. 80 കിലോമീറ്റര്‍ റോഡാണ് ഇന്ത്യ ഇവിടെ നിര്‍മ്മിക്കുന്നത്.

കിഴക്കന്‍ ലഡാക്കില്‍ പരസ്പര ധാരണ പ്രകാരം സംഘര്‍ഷമേഖലകളില്‍ നിന്ന് ഇരു സൈന്യങ്ങളും പിന്മാറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിര്‍ത്തിയിലെ പല മേഖലകളിലും ചൈനീസ് സൈനയുടെ നീക്കം. മുന്‍ ധാരണ പ്രകാരം മിക്കയിടങ്ങളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന് ചൈന അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പരസ്പര ധാരണ പ്രകാരമുള്ള പിന്മാറ്റം പൂര്‍ത്തിയാക്കുന്നതില്‍ ചൈനയില്‍ നിന്ന് ആത്മാര്‍ത്ഥമായ നടപടി പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലിപുലേഖ് പാസിന് സമീപവും ഉത്തര സിക്കിം, അരുണാചല്‍ അതിര്‍ത്തികളിലും ചൈന സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കഴിയുന്ന രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഇന്ത്യന്‍ സൈന്യം നടത്തുന്നത്. മെയ് മാസം ആരംഭിച്ച സംഘര്‍ഷ സമാനമായ അവസ്ഥ ജൂണ്‍ മാസത്തിലാണ് രൂക്ഷമായത്. ജൂണ്‍ 15ന് ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.


Next Story

Related Stories