TopTop
Begin typing your search above and press return to search.

'പത്ത് പേരിലധികം ഒന്നിച്ച് നിന്നാല്‍ പോലും പോലീസിനെ വിളിക്കും', ഇഫ്‌ലുവിൽ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് വിദ്യാർത്ഥികൾ

പത്ത് പേരിലധികം ഒന്നിച്ച് നിന്നാല്‍ പോലും പോലീസിനെ വിളിക്കും, ഇഫ്‌ലുവിൽ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് വിദ്യാർത്ഥികൾ

പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ലു). പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്‍ത്തുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദപ്പെടുത്തിയും പ്രതിഷേധങ്ങള്‍ ഇല്ലായ്മ ചെയ്യുകയാണെന്ന് വിദ്യാര്‍ഥികള്‍. ഒറ്റയാള്‍ പ്രതിഷേധം നടത്തിയ മലയാളി പിഎച്ച്ഡി വിദ്യാര്‍ഥി നന്ദു പാര്‍വതിയേയും ഭീഷണിപ്പെടുത്തി യൂണിവേഴ്‌സിറ്റി അധികൃതര്‍. അതേ സമയം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ലേഖനം എഴുതിയതിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

' ഹിന്ദുത്വവുമായി ബന്ധപ്പെട്ട എന്ത് പരിപാടികള്‍ വേണമെങ്കിലും യൂണിവേഴ്‌സിറ്റിക്കുള്ളില്‍ സംഘടിപ്പിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. വിനായക ചതുര്‍ഥിയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ രാത്രി 12 മണി വരെ വന്‍ ജനക്കൂട്ടത്തോടെ നടത്തും. കാമ്പസിനുള്ളിലെ എല്ലാ മരങ്ങളുടെ ചുവട്ടിലും വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന നടത്തും. എന്നാല്‍ വിദ്യാര്‍ഥികള്‍ ഏതെങ്കിലും കാര്യത്തില്‍ പ്രതിഷേധിച്ചാല്‍ ഉടന്‍ ശിക്ഷാ നടപടികള്‍ വരും.' യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ കാമ്പുകളിലെല്ലാം പ്രതിഷേധം വ്യാപകമാവുമ്പോള്‍ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന യൂണിവേഴ്‌സിറ്റി അധികൃതര്‍ തങ്ങളെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ നേരിടുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

'പത്ത് പേരിലധികം ഒന്നിച്ച് നിന്നാല്‍ പോലീസിനെ വിളിക്കും എന്ന ഭീഷണിയാണ്. കാമ്പസിന് പുറത്ത് പോലും പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല. പുറത്തെ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ കൂട്ടമായി പോവാന്‍ കഴിയില്ല. അത്തരത്തില്‍ അവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ പോലീസിനെ വിളിച്ച് വരുത്തും.' മറ്റൊരു വിദ്യാര്‍ഥി പ്രതികരിച്ചു. കഴിഞ്ഞ മാസം ജെഎന്‍യു വില്‍ സമരം നടന്നപ്പോള്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാമ്പസിന് പുറത്ത് മനുഷ്യ ചങ്ങല തീര്‍ക്കാനൊരുങ്ങിയപ്പോള്‍ കാമ്പസ് വളയുന്ന രീതിയില്‍ പോലീസ് എത്തുകയും പ്രതിഷേധം തടയുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിക്കുന്ന എല്ലാവരേയും കാമ്പസില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കാമ്പസിന് പുറത്തോ അകത്തോ കൂട്ടായ പ്രതിഷേധം അനുവദിക്കില്ലെന്ന് കര്‍ക്കശമായ നിലപാട് യൂണിവേഴ്‌സിറ്റി എടുത്തു. അതോടെ സ്‌കൂള്‍ ഓഫ് ലിറ്റററി സ്റ്റഡീസില്‍ ഇന്ത്യന്‍ ആന്‍ഡ് വേള്‍ഡ് ലിറ്ററേച്ചര്‍ വിഭാഗത്തിലെ ഗവേഷകയായ നന്ദു പാര്‍വതി ഒറ്റക്ക് നിന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് തനിക്ക് പല ഭാഗങ്ങളില്‍ നിന്നും ഭീഷണിയും മുന്നറിയിപ്പുകളും നേരിടേണ്ടി വന്നു എന്ന് നന്ദു പാര്‍വതി പറയുന്നു ' വിദ്യാര്‍ഥികളെയെല്ലാം ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോലും കൂട്ടമായി പോവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കൂട്ടമായി ഇവര്‍ പുറത്തേക്ക് കടത്തി വിടില്ല. അങ്ങനെ വന്നപ്പോഴാണ് സൈലന്റ് പ്രൊട്ടസ്റ്റിന് ഞാനൊരുങ്ങുന്നത്. സിഎഎ, എന്‍ ആര്‍ സി വിരുദ്ധ പോസ്റ്റര്‍ പിടിച്ച് സമാധാനമായി നിന്ന സമരം ചെയ്ത എന്നെ പ്രൊട്ടസ്റ്റ് തുടങ്ങി പത്ത് മിനിറ്റ് പോലും കഴിയുന്നതിന് മുന്നെ ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു.ആദ്യം വന്നത് സെക്യൂരിറ്റി ജീവനക്കാരനാണ്. അദ്ദേഹം വളരെ സമാധാനപരമായാണ് സംസാരിച്ചത്. എന്നാല്‍ പിന്നീട് പ്രോക്ടര്‍ വന്നു. ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കരുതെന്നും, പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി തിരിച്ച് പോയി. എന്റെ ഡിപ്പാര്‍ട്‌മെന്റിലുള്ളവരെ സമ്മര്‍ദ്ദപ്പെടുത്തി എന്നോട് പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എനിക്കൊപ്പം ചേര്‍ന്നു. ക്രിസ്മസ് അവധിയായതിനാല്‍ ഞങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികളെടുക്കാനുമായില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പോലും ഒറ്റക്ക് നിന്ന് പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇവിടെ അവര്‍ അത് ചെയ്യുന്നത് അച്ചടക്കത്തിന്റെ ഭാഗമായി കാണാനുമാവില്ല. അത്രത്തോളം പ്രോ-ഹിന്ദുത്വ നിലപാടുകളുള്ള യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇക്കാര്യത്തില്‍ മറ്റൊരു സ്റ്റാന്‍ഡ് എടുക്കുമെന്ന് പറയാനുമാവില്ല. അധ്യാപകരും വിദ്യാര്‍ഥികളും എല്ലാം ഭയന്ന് പിന്‍മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ കാമ്പസില്‍ യൂണിയന്‍ ശക്തമല്ലാത്തതിനാല്‍ ഇത്തരം അടിച്ചമര്‍ത്തലുകളെ പ്രതിരോധിക്കാനുമാവുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അധ്യാപക സംഘടന ഒരു പ്രസ്താവന ഇറക്കിയതൊഴിച്ചാല്‍ ഇഫ്‌ലുവില്‍ കാര്യമായ ഒരു പ്രതിഷേധവും നടന്നിട്ടുമില്ല.'

വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്താന്‍ പാടില്ല എന്ന് അനുശാസിക്കുന്ന ഓര്‍ഡിനന്‍സ് സര്‍വകലാശാല ഇറക്കിയെങ്കിലും വിദ്യാര്‍ഥികള്‍ ഒന്നിച്ച് സമരം ചെയ്ത് അത് റദ്ദാക്കി. സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന സമയം അധികൃതര്‍ അനക്‌സര്‍ അഞ്ച് എന്ന ഒരു ഫോമില്‍ ഒപ്പിട്ട വാങ്ങുകയും അത് കാട്ടി പഠനം കഴിയുന്നത് വരെ തങ്ങളെ ഭീഷണിയുടെ നിഴലില്‍ നിര്‍ത്തുകയുമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കില്ല എന്ന് ഉറപ്പ് വരുത്തുന്ന അനക്‌സര്‍ അഞ്ച് അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള അധികാരവും സര്‍വകലാശാലക്ക് നല്‍കുന്നു. ഫോര്‍ത്ത് വാള്‍ മൂവി ക്ലബ്ബ് എന്ന ക്ലബ്ബ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അനക്‌സര്‍ അഞ്ച് എടുത്ത് കാട്ടി വിദ്യാര്‍ഥികള്‍ക്ക് ക്ലബ്ബുകള്‍ ഉണ്ടാക്കാനുള്ള അനുമതി പോലും നിഷേധിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ' ക്രിയേറ്റീവ് എക്‌സപ്രഷന് പോലും കാമ്പസില്‍ സ്‌പേസ് ഇല്ല. അഡ്മിനും വൈസ് ചെയര്‍മാനും പ്രോക്ടറും എല്ലാം പ്രത്യക്ഷത്തില്‍ തന്നെ പ്രോ-സംഘപരിവാര്‍ ആണ്. 20-30 കുട്ടികള്‍ ഒന്നിച്ചിരുന്നാല്‍ തന്നെ അവര്‍ അസ്വസ്ഥരാവുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ആദ്യത്തെ മുന്നറിയിപ്പ് പോലീസ് നടപടിയാണ്. പിന്നീട് യൂണിവേഴ്‌സിറ്റിയുടെ ശിക്ഷാ നടപടിയും.വിദ്യാര്‍ഥികളെ അവരുടെ ഗവേഷക ഗൈഡുമാരെ മുന്നില്‍ നിര്‍ത്തിയാണ് പലപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നത്. നന്ദു ഒറ്റക്ക് നിശബ്ദയായി നടത്തിയ പ്രകടനത്തിനെതിരെ പോലും നാളെ ഏത് തരത്തിലാണ് നടപടികള്‍ ഉണ്ടാവുക എന്ന് പറയാന്‍ സാധ്യമല്ല' പിഎച്ച്ഡി വിദ്യാര്‍ഥി പറയുന്നു.

മുമ്പ് രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച 11 വിദ്യാര്‍ഥികളെ സര്‍വകലാശാല അധികൃതര്‍ പുറത്താക്കിയിരുന്നു. യൂണിയന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിച്ചത്. എന്നാല്‍ പിന്നീട് ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെ പിന്തുണക്കുന്ന വിദ്യാര്‍ഥിളെയും അധ്യാപകരേയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഭീമകൊറേഗാവ് പ്രക്ഷോഭത്തിന്റെ പേരില്‍ അധ്യാപകരുടെ അടക്കം ക്വാര്‍ട്ടേഴ്‌സുകള്‍ റെയ്ഡ് ചെയ്യുകയും ലാപ്‌ടോപ്പും പെന്‍ഡ്രൈവും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അധികാര പ്രയോഗത്തിലൂടെ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും വായടപ്പിക്കാനാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ശ്രമിക്കുന്നതെന്നും പരാതിയുണ്ട്.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്നതാണെന്ന് അഭിപ്രായപ്പെടുന്നതാണ് ഇഫ്‌ലു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇ സുരേഷ് കുമാര്‍ എഴുതിയ ലേഖനം. കുടിയേറ്റക്കാര്‍ക്ക് ഗുണകരമാവുന്നതാണ് നിയമം. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗം ഈ നിയമത്തില്‍ ഭയപ്പെടേണ്ടതില്ലെന്നുമുള്‍പ്പെടെ പറയുന്ന ലേഖനം പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന അതേ നിലപാടാണ് യൂണിവേഴ്‌സിറ്റി അധികൃതരുടേത്. അതിനാല്‍ തന്നെ തങ്ങളുടെ പ്രതിഷേധങ്ങളെ അവര്‍ ഏത് മാര്‍ഗം പ്രയോഗിച്ചും നേരിടുമെന്നും വിദ്യാര്‍ഥികള്‍ ആശങ്കയുന്നയിക്കുന്നു. സര്‍വകലാശാല അധികൃതരുടെ എതിര്‍പ്പുകളെ മറികടന്ന് വിവിധ തരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. വിദ്യാര്‍ഥികള്‍ സി എ എയ്ക്കും എന്‍ ആര്‍ സിക്കും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് നാളെ കാമ്പസിലെത്തും. ' പ്ലക്കാര്‍ഡോ പോസ്റ്ററോ പിടിച്ചാല്‍ അവര്‍ക്ക് മാറ്റാന്‍ പറയാം. വസ്ത്രം അഴിച്ച് മാറ്റാന്‍ അവര്‍ക്ക് പറയാന്‍ കഴിയില്ല. വസ്ത്രമണിഞ്ഞതിന്റെ പേരില്‍ പോലീസിനെ വിളിക്കാനും കഴിയില്ല. അത് മാത്രമല്ല. മറ്റനേകം പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥികള്‍ ആലോചിക്കുന്നുണ്ട്.' വിദ്യാര്‍ഥികളുടെ ആരോപണങ്ങളിലുള്ള പ്രതികരണമറിയാന്‍ യൂണിവേഴ്‌സിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.


Next Story

Related Stories