TopTop
Begin typing your search above and press return to search.

പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയെക്കുറിച്ച് അമിത് ഷാ പറഞ്ഞത് തെറ്റോ ? സെന്‍സസ് കണക്കുകളിലെ വസ്തുതകൾ ഇങ്ങനെ

പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയെക്കുറിച്ച് അമിത് ഷാ പറഞ്ഞത് തെറ്റോ ? സെന്‍സസ് കണക്കുകളിലെ വസ്തുതകൾ ഇങ്ങനെ

പൗരത്വ നിയമ ഭേദഗതി ബില്ല് അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച പ്രധാന വാദങ്ങള്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും മത ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വല്ലാതെ കുറഞ്ഞുവെന്നാണ്. അത് സംബന്ധിച്ച കണക്കുകളും ആഭ്യന്തര മന്ത്രി പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും വിശദീകരിക്കുകയും ചെയ്തു. മതന്യൂന പക്ഷങ്ങള്‍ക്കെതിരെ ഈ രാജ്യങ്ങളില്‍ നടക്കുന്ന പീഡന ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവിടുത്തെ മതന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ചൂണ്ടിക്കാട്ടിയത്.

സ്വാതന്ത്ര്യത്തിന്റെ സമയത്ത്( ഇന്ത്യ വിഭജിക്കപ്പെട്ട് പാകിസ്താന്‍ രൂപികരിക്കപ്പെട്ട കാലത്ത്) പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ ആകെ ജനസംഖ്യയുടെ 23 ശതമാനമായിരുന്നുവെന്നും 2011 ല്‍ അത് 3.7 ശതമാനമായി കുറഞ്ഞുവെന്നുമാണ് അമിത് ഷാ അവകാശപ്പെട്ടത്.

അതേസമയം ബംഗ്ലാദേശിലെ മതന്യൂനപരക്ഷങ്ങളുടെ ജനസംഖ്യ 22 ശതമാനത്തില്‍നിന്ന് 7.8 ശതമാനമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാകിസ്താനിലെയും ബംഗ്ലാദേശിലെയും സെന്‍സസ് രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ ടുഡേ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം അമിത് ഷാ പാര്‍ലമെന്റില്‍ വെച്ച കണക്കുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല.

1947 ലെ പാകിസ്താനിലെ ജനസംഖ്യ സംബന്ധിച്ച കണക്കുകള്‍ അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കിയിട്ടില്ല. 1947 വിഭജനത്തിന്റെ സമയത്ത് പാകിസ്താനിലെ മുസ്ലീങ്ങളുടെയും മുസ്ലീമിതരരുടെയും അംഗസംഖ്യ എത്രയാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. കാരണം അന്ന് സെന്‍സസ് എടുത്തിരുന്നില്ല. പിന്നീട് പാകിസ്താനില്‍ സെന്‍സസ് എടുത്തത് 1951ലായിരന്നു. അന്ന് പാകിസ്താന്‍ എന്നത് ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെട്ട കിഴക്കന്‍ മേഖല കൂടി ഉള്‍പ്പെട്ടതായിരുന്നു. അന്നത്തെ കണക്ക് പ്രകാരം പാകിസ്താനിലെ ആകെ ജനസംഖ്യയില്‍ 85.80 ശതമാനവും മുസ്ലീങ്ങളായിരുന്നു. അവിടുത്തെ മത ന്യൂനപക്ഷങ്ങളുടെ ശതമാനം 14.20 ശതമാനവും. ഇത് കിഴക്കന്‍ പാകിസ്താനിലെ ജനസംഖ്യകൂടി കണക്കിലെടുത്തായിരുന്നു. അന്നത്തെ കണക്കുപ്രകാരം പശ്ചിമ പാകിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ ശതമാനം 3.44 ശതമാനം മാത്രമായിരുന്നു. കിഴക്കന്‍ പാകിസ്താനില്‍ ആയിരുന്നു മത ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുതല്‍. ഇവിടെ 23.20 ശതമാനം പേരായിരുന്ന ന്യുൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായി ഉണ്ടായിരുന്നത്.

അതായത് പാകിസ്താനില്‍ ( അന്നത്തെ പടിഞ്ഞാറാന്‍ പാകിസ്താനില്‍) ന്യുനപക്ഷങ്ങളുടെ എണ്ണം 1951 ആ രാജ്യത്ത് സെന്‍സസ് നടന്നപ്പോള് 3.44 ശതമാനം മാത്രമായിരുന്നു.

പിന്നീട് 1961 ലെ സെന്‍സസ് നടന്നപ്പോള്‍ പടിഞ്ഞാറാന്‍ പാകിസ്താനിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 2.83 ശതമാനമായി കുറഞ്ഞു.

പിന്നീട് 1972ല്‍ സെന്‍സസ് നടക്കുമ്പോഴെക്കും പാകിസ്താന് വിഭജിക്കപ്പെട്ട് ബംഗ്ലാദേശ് രൂപികരിക്കപ്പെട്ടിരുന്നു. 1972 ല്‍ മതന ന്യൂന പക്ഷങ്ങളുടെ വിഹിതം ആകെ ജനസംഖ്യയുടെ 3.25 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്. 81ല്‍ അത് വീണ്ടും നേരിയ തോതില്‍ വര്‍ധിച്ച് 3.30 ശതമാനമായി. പിന്നീട് പാകിസ്താന്‍ സെന്‍സസ് നടത്തിയത് 15 വര്‍ഷത്തിന് ശേഷമാണ്. അന്നത്തെ കണക്ക് പ്രകാരം 3.80 ആയിരുന്നു പാകിസ്താനിലെ ജനസംഖ്യയില്‍ മതന്യൂനപക്ഷത്തിന്റെ വിഹിതം. പിന്നീട് നടത്തിയ സെന്‍സസിലെ മതം തിരിച്ചുളള കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

പാകിസ്താനിലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് അവിടുത്തെ മതന്യുനപക്ഷങ്ങളുടെ വിഹിതം ഒരു ഘട്ടത്തിലും അമിത് ഷാ പറഞ്ഞത് പോലെ 23 ശതമാനമായിരുന്നില്ല. 1947 കണക്ക് തനിക്ക് എവിടെനിന്ന് കിട്ടിയെന്ന് അമിത് ഷാ പറഞ്ഞിട്ടുമില്ല. വിഭജനത്തിന്റെ സമയത്ത് വലിയ തോതില്‍ ഹിന്ദുക്കളും സിഖുകാരും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കും മുസ്ലീങ്ങള്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്ര്യത്തിന് മുമ്പുള്ള കണക്കുകള്‍ അതിന് ശേഷമുള്ള സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതായി കണക്കാക്കാന്‍ പറ്റില്ല.

ബംഗ്ലാദേശ് രൂപികരിക്കപ്പെട്ടതിന് ശേഷം ആകെ ജനസംഖ്യയില്‍ മുസ്ലീം ഇതര മതസ്ഥരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 1951 ലെ സെന്‍സസ് പ്രകാരം കിഴക്കന്‍ പാകിസ്താനില്‍ (ബംഗ്ലാദേശ് ആയി മാറിയ പ്രദേശത്ത്) 23.20 മുസ്ലീം ഇതര മതസ്ഥരാണ് ഉണ്ടായിരുന്നത്. 1961 ല്‍ അത് 19.57 ശതമാനമായും 74 ല്‍ 14.60 ആയും കുറഞ്ഞു. 1981 ല്‍ 13.40 ശതമാനമായി കുറഞ്ഞു. 10 വര്‍ഷത്തിന് ശേഷം അത് 11.70 ശതമാനമായാണ് മതന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞത്. 2001 ല്‍ 10. 40 ശതമാനമായി വീണ്ടും മത ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. 2011 ല്‍ പുറത്തുവന്ന അവസാന സെന്‍സസ് അനുസരിച്ച് മതന്യൂനപക്ഷങ്ങളുടെ ആകെ ജനസംഖ്യയിലെ വിഹിതം9.60 ശതമാനാമായി കുറഞ്ഞു.

അതായത് കിഴക്കന്‍ പാകിസ്താനില്‍ 1951 ല്‍ 23.20 ശതമാനമായിരുന്ന മുസ്ലീം ഇതരരുടെ ശതമാനം 9.40 ശതമാനമായാണ് കുറഞ്ഞത്.

മതന്യുനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ മുസ്ലീം ഇതരരുടെ എണ്ണത്തില്‍ കുറവു വരുത്താനുള്ള പ്രധാന കാരണമാകാമെങ്കിലും സാമ്പത്തിക സാഹചര്യങ്ങളും ഇതിന് കാരണമായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. കാരണം ബംഗ്ലാദേശ് രൂപികരിക്കപ്പെട്ടതിന് മുമ്പ് ഇന്ത്യയിലേക്ക് പലായനം ചെയ്തവരില്‍ മുസ്ലീങ്ങളും ഉണ്ടായിരുന്നു. അവര്‍ ഇന്ത്യയിലെത്തിയത് മെച്ചപ്പെട്ട ജീവിത സഹചാര്യങ്ങള്‍ അന്വേഷിച്ചാണ്.

പാകിസ്താനിലെയും ബംഗ്ലാദേശിലെയും സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ആ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ കണക്ക് സംബന്ധിച്ച് അമിത് ഷാ പറഞ്ഞതിന് കണക്കുകളുടെ പിന്‍ബലമില്ലെന്നാണ്.


Next Story

Related Stories