TopTop

രാജ്യസഭയും എന്‍ഡിഎയുടെ വരുതിയില്‍, പൗരത്വ നിയമ ഭേദഗതി പാസ്സാകാന്‍ കാരണങ്ങള്‍ ഏറെയാണ്

രാജ്യസഭയും എന്‍ഡിഎയുടെ വരുതിയില്‍, പൗരത്വ നിയമ ഭേദഗതി പാസ്സാകാന്‍ കാരണങ്ങള്‍ ഏറെയാണ്

പൗരത്വ ഭേദഗതി നിയമം ലോക്‌സഭയില്‍ 80 നെതിരെ 311 വോട്ടുകള്‍ക്കാണ് പാസ്സായക്കിയത്. നാളെയോ മറ്റന്നാളോ രാജ്യസഭയില്‍ പൗരത്വ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഉപരിസഭയില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം.

245 അംഗ രാജ്യസഭയില്‍ ഇപ്പോള്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 241 അംഗ സഭയില്‍ 121 സീറ്റുകളാണ് ഭൂരിപക്ഷം കിട്ടാന്‍ വേണ്ടത്. എന്‍ഡിഎയ്ക്ക് ഇപ്പോഴുള്ളത് 106 സീറ്റാണ്. യു പി എയ്ക്ക് ആകെയുള്ളത് 62 അംഗങ്ങളുമുണ്ട്. എന്‍ഡിഎയിലും യുപിഎയിലും പെടാത്ത 44 പേരും പ്രതിപക്ഷത്തിരിക്കുന്ന 28 അംഗങ്ങളുമാണുള്ളത്.

15 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് കൂടുതലായി വേണ്ടത്. സര്‍ക്കാരിനെ പൊതുവില്‍ പിന്തുണയ്ക്കുന്ന ടിആര്‍എസ് പൗരത്വ ഭേദഗതിയുടെ കാര്യത്തില്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ടിഡിപിയാകട്ടെ ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത. ടിഡിപിയ്ക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്. ശിവസേനയാകട്ടെ ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചു. മൂന്ന് അംഗങ്ങള്‍ രാജ്യസഭയില്‍ ശിവസേനയ്ക്കുണ്ട്.

ഇതിന് പുറമെ 11 എഐഎഡിഎംകെ അംഗങ്ങളും ബിജു ജനതാദളിലെ ഏഴ് പേരും ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് എംപിമാരില്‍ മൂന്ന് പേരും ബിജെപിയ്‌ക്കൊപ്പം വോട്ടു ചെയ്യുമെന്നാണ് സൂചന. മറ്റ് ചില ചെറു പാര്‍ട്ടികള്‍ കൂടി പിന്തുണയ്ക്കുകയാണെങ്കില്‍ പൗരത്വ ഭേദഗതി ബില്ലും മോദി സര്‍ക്കാരിന് പാസ്സാക്കിയെടുക്കാന്‍ കഴിയും.

കോണ്‍ഗ്രസിന് 46 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. ഇതിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസിന് 13 അംഗങ്ങളും ഒമ്പത് അംഗങ്ങളുള്ള എസ് പിയും എഎപിയുടെ മൂന്ന് അംഗങ്ങളും ബില്ലിനെ എതിര്‍ക്കുന്നവരാണ്. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപാര്‍ട്ടികളും ചേര്‍ന്നാലും ഭേദഗതിയെ തോല്‍പ്പിക്കാനുള്ള അംഗബലം നേടിയെടുക്കാന്‍ പ്രയാസമാണെന്നാണ് സൂചന.

നേരത്തെ മുത്തലാഖ്, യുഎപിഎ ഭേദഗതി എന്നി സര്‍ക്കാര്‍ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കിയിരുന്നു.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നെത്തുന്ന മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ഭേദഗതി. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് നിയമ ഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം


Next Story

Related Stories