TopTop
Begin typing your search above and press return to search.

പൗരത്വ ബില്‍ ഡിസംബര്‍ 10നകം രാജ്യസഭയില്‍ കൊണ്ടുവരുമെന്ന് അസം മന്ത്രി; അമിത് ഷാ വടക്കുകിഴക്കൻ നേതാക്കളുമായി ചർച്ച നടത്തുന്നു

പൗരത്വ ബില്‍ ഡിസംബര്‍ 10നകം രാജ്യസഭയില്‍ കൊണ്ടുവരുമെന്ന് അസം മന്ത്രി; അമിത് ഷാ വടക്കുകിഴക്കൻ നേതാക്കളുമായി ചർച്ച നടത്തുന്നു

പൗരത്വ ഭേദഗതി ബില്‍ ഡിസംബര്‍ 10നകം രാജ്യസഭയില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാവും അസം ധന മന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുമ്പോളാണിത്. വിവാദ പൗരത്വ ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാഞ്ഞിട്ടും വിവാദ ബില്ലുകളായ യുഎപിഎ, എന്‍ഐഎ ഭേദഗതി ബില്ലുകളും മുത്തലാഖ് ബില്ലുകളും മറ്റും പ്രതിഷേധങ്ങള്‍ക്കിടയിലും പാസാക്കിയെടുത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

'ഡിസംബര്‍ 10നകം ബില്‍ പാര്‍ലമെന്റില്‍ വയ്ക്കും. പാസാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ - ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബില്‍ പാസാക്കുന്നതിന് മുമ്പ് അസമിനും തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ ഉറപ്പാക്കും' - ഹിമന്ത ശര്‍മ പറഞ്ഞു. 1985ലെ അസം ഉടമ്പടിയുടെ ആറാം വകുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി മുന്നോട്ടുവച്ച എല്ലാ ശുപാര്‍ശകളും കുത്തും കോമയും മാറ്റാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നും അസം മന്ത്രി പറഞ്ഞു. എന്‍ഇഡിഎ (നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക്ക് അലയന്‍സ്) കണ്‍വീനര്‍ കൂടിയാണ് ഹിമന്ത ബിശ്വ ശര്‍മ.

1955ലെ പൗരത്വ ബില്ലിലാണ് ഭേദഗതി കൊണ്ടുവരുന്നത്. മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി ബാക്കി സമുദായക്കാരായ നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നീ മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളായ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, സിഖുകാര്‍ ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് മതിയായ രേഖകളില്ലെങ്കിലും പൗരത്വം നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.

ബില്‍ രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് മുമ്പായി അമിത് ഷാ അസമിലെ രാഷ്ട്രീയ നേതാക്കളുമായും പൗരസമൂഹ പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. ത്രിപുരയിലേയും മിസോറാമിലേയും രാഷ്ട്രീയ കക്ഷി നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തി. ഡിസംബര്‍ മൂന്നിന് എ എ എസ് യു (ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍) നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തും. ബില്ലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നും യാതൊന്നും ആശങ്കപ്പെടാനില്ലെന്നുമാണ് എ എ എസ് യു രാജ്യസഭ എംപി ബിശ്വജിത്ത് ഡെയ്മാരി പറഞ്ഞത്. അസം സാഹിത്യസഭ, ഓള്‍ ബോഡോ സ്റ്റു്ഡന്റ്‌സ് യൂണിയന്‍ (എ ബി എസ് യു), ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ എ എം എസ് യു) തുടങ്ങിയ സംഘടനകളുമായി അമിത് ഷാ ചര്‍ച്ച നടത്തി.

അസം അക്കോര്‍ഡിന് വിരുദ്ധമായ ഈ ബ്ലിലിനെ ശക്തമായി എതിര്‍ത്തതായി എ എ എം എസ് യു നേതാവ് അസീസുര്‍ റഹ്മാന്‍ പറഞ്ഞു. ഇത് അംഗീകരിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണ് എന്നും അസീസുര്‍ റഹ്മാന്‍ പറഞ്ഞു. അസം ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ലംഘിക്കുന്നതായിരിക്കും ഈ നിയമം. ഇത് അസമിന് കൂടുതല്‍ ദോഷം ചെയ്യുമെന്നും വിവരാവകാശ പ്രവര്‍ത്തകനും കൃഷക് മുക്തി സംഗ്രാം സമിതി നേതാവുമായ അഖില്‍ ഗൊഗോയ് പറഞ്ഞു.

ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രോറ്റിക്ക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ബദറുദ്ദീന്‍ അജ്മല്‍ വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള ഈ വിവേചനം അംഗീകരിക്കാനാവില്ല. ഈ ബില്‍ പാസായാല്‍ അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14നും 19നും വിരുദ്ധമായിരിക്കും - എഐയുഡിഎഫ് നേതാവ് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനേയും രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനേയും എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.


Next Story

Related Stories