നൂറ്റാണ്ടുകളായി ഇന്ത്യ പുലര്‍ത്തി വരുന്ന മാനവിക മൂല്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പൗരത്വ നിയമത്തിലെ ഭേദഗതി കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബില്ല് ലോക്സഭ പാസ്സാക്കിയതിന് ശേഷം പ്രതികരിച്ചത്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പാരമ്ബര്യത്തിന്റെ ഭാഗമായിട്ടും പ്രധാനമന്ത്രി ഇതിനെ കണ്ടു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സഭ ബില്ല് പാസ്സാക്കിയത്. ഇനി നാളെയൊ മറ്റന്നാളെയോ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടും. അവിടെ പാസ്സാക്കപ്പെടുകയാണെങ്കില്‍ ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്കുന്ന ലോകത്തെ ഒരു പ്രഖ്യാപിത മതേതര രാഷ്ട്രമാകും.
ലോക്സഭയില്‍ വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് പാസായത്. സ്വാതന്ത്രകാലത്തെ രാഷ്ട്രീയ തീരുമാനങ്ങളാണ് ഇത്തരം ഒരു ബില്ല് കൊണ്ടുവരാന്‍ കാരണമായതെന്നാണ് ബില്ല് അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള വിഭജനത്തെ കോണ്‍ഗ്രസ് അംഗീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണമാണ് സഭയില്‍ ഉണ്ടായത്. വിഖ്യാത ചരിത്രകാരന് എസ് ഇര്ഫാന് ഹബീബ് ഇതേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ് "ചരിത്രത്തെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനോ പഠിക്കാനോ തയ്യാറാകാത്തതുകൊണ്ടാണ് സഭയില്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയുന്നത്' എന്നാണ്.
മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ സമീപിക്കുന്ന രീതിയാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നിട്ടുള്ളതെന്ന ആരോപണമാണ് പ്രതിപക്ഷ രാഷ്ട്രീയക്കാരും ചരിത്രകാരന്മാരും ആവര്‍ത്തിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമം നടപ്പിലാക്കുന്നതെങ്കിലും ലോക ചരിത്രത്തില്‍ വംശീയതുടെ അടിസ്ഥാനത്തില്‍ പൗരത്വ നിയമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയിലും മുസ്സോളിനിയുടെ കാലത്ത് ഇറ്റലിയും ഇത്തരത്തിലുള്ള നിയമങ്ങളുണ്ടായി. ഇസ്രയേലില്‍ ഇപ്പോഴും നിലനില്ക്കുന്നതും ഇതേ സ്വഭാവമുള്ള നിയമാണ്
വംശീയതയുടെ അടിസ്ഥാനത്തില്‍ ഹിറ്റ്ലറുടെ കാലത്ത് നടപ്പിലാക്കിയ നിയമങ്ങളെ ന്യൂറംബര്‍ഗ് നിയമങ്ങള്‍ എന്നാണ് പറയുന്നത്. നാസി പാര്‍ട്ടിയുടെ വലിയ ഒരു റാലി നടന്ന 1935 സെപ്റ്റംബറിലാണ് ഈ നിയമങ്ങള്‍ ജര്‍മ്മനിയുടെ പാര്‍ലമെന്റായിരുന്ന റെയ്ഷ്ടാഗില് അവതരിപ്പിച്ചത്. അന്നത്തെ നാസി പാര്‍ട്ടിയുടെ യോഗത്തില്‍ ഇത് അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതിന് ശേഷം പാര്‍ലമെന്‍്റില്‍ പാസ്സാക്കി നിയമമാക്കുകയായിരുന്നു. രണ്ട് നിയമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഒന്ന് ജര്‍മ്മന്‍ 'രക്തത്തിന്റെ ശുദ്ധി' സംരക്ഷിക്കുന്നതിനായുള്ള നിയമവും പൗരത്വനിയമവുമായിരുന്നു ഇവ. ജൂതന്മാരുമായുള്ള ജര്‍മ്മന്‍കാരുടെ ലൈംഗീക ബന്ധം നിരോധിച്ച് വംശ ശുദ്ധി നിലനിര്‍ത്തുകയായിരുന്നു ആദ്യത്തെ നിയമത്തിന്റെ ലക്ഷ്യം. ബ്ലഡ് പ്രൊട്ടക്ഷന്‍ നിയമം എന്നാണ് ഇത് അറിയപ്പെട്ടത്. പൗരത്വം എന്നത് ജര്‍മ്മന്‍ രക്തത്തില്‍ പിറന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതായിരുന്നു പൗരത്വ നിയമം. അതായത് ജൂതന്മാര്ക്ക് പൗരത്വം നിഷേധിക്കുന്ന നിയമം. ഇതനുസരിച്ച് ജര്‍മ്മന്‍ പതാക ജൂതന്മാര് ഉപയോഗിക്കാന്‍ പാടില്ല. അവര്‍ക്ക് വോട്ടവകാശം ഇല്ല, ജുതന്മാര് ജര്‍മ്മന്‍ സ്വാഭാവമുള്ള പേരുകള്‍ സ്വീകരിക്കരുത് തുടങ്ങിയുള്ള നിയന്ത്രണങ്ങളായിരുന്നു നിയമത്തില്‍ പറഞ്ഞത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹിറ്റ്ലറുടെ കാലത്ത് നിരവധി ഉത്തരവുകളാണ് ജൂതന്മാരെ പിഡിപ്പിക്കുന്നതിനായി കൊണ്ടുവന്നത്.
ന്യുറംബര്‍ഗ് നിയമങ്ങള്‍ ജര്‍മന്‍ രാഷട്രത്തെ ജര്മ്മകാരെന്നും ജൂതന്മാരെന്നും വിഭജിച്ചു. ജൂതന്മാരെല്ലെന്ന് തെളിയിക്കേണ്ട ബാധ്യത സംശയിക്കപ്പെടുന്നവരിലായിരുന്നു. ഇതിനായി അക്കാലത്ത് ജര്‍മ്മനിയില്‍ വ്യാപകമായി 'കുടുംബ ഗവേഷകര്‍' പ്രത്യക്ഷപ്പെട്ടിരുന്നു. ഇവര്‍ ഒരാളുടെ തലമുറകളായി ജര്‍മ്മന്‍ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ഉണ്ടാക്കും. പൗരത്വ റജിസ്റ്ററിന്റെ മറ്റൊരു രൂപമെന്ന് വേണമെങ്കില്‍ പറയാം. ഇത്തരം നിയമങ്ങളാണ് ഹോളോകോസ്റ്റിന് ജര്‍മ്മനിയില്‍ കളം ഒരുക്കിയതും ലക്ഷങ്ങള്‍ കൊല്ലപ്പെട്ടതും.
ചരിത്രത്തിന്റെ ദുരന്തമായ ആവര്‍ത്തനമെന്ന നിലയില്‍ പിന്നീട് ഇസ്രയേലും കര്‍ശന വ്യവസ്ഥകളോടെ പൗരത്വ നിയമം കൊണ്ടുവന്നു. നാസികളുടെ വംശഹത്യയെ അതിജീവിച്ചവര്‍ക്കായി ഉണ്ടായതെന്ന് വിശേഷിപ്പിക്കുന്ന ഇസ്രേയേല്‍ ഹിറ്റ്ലറുടെ ജര്‍മ്മനിയുടെ രീതികള്‍ പൗരത്വമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. 1950 ജൂലൈ അഞ്ചിന് ഇസ്രായേല്‍ പാര്‍ലമെന്റ് കെന്സൈറ്റ് പാസാക്കിയ 'ലോ ഓഫ് റിട്ടേണ്‍' നിയമ പ്രകാരം ജൂത വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും ഇസ്രയേലിലേക്ക് വരാമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. ( ഹിന്ദുക്കള്‍ക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വന്നാല്‍ പൗരത്വമെന്ന് മോദിയും ഷായും) 1952 സിറ്റിസണ്‍ഷിപ്പ് ആക്ട് പാസ്സായി. ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപികരിക്കപ്പെടുന്നതിന് മുമ്ബ് പാലസ്തീനായിരുന്ന പ്രദേശത്ത് ജീവിച്ചിരുന്നവര്‍ക്ക് സ്വാഭാവികമായും പൗരത്വം പദവി നല്കാനാവില്ലെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. അറബ് വംശജരുടെ എണ്ണം ഇസ്രായേലില്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ബില്ലിലെ വ്യവസ്ഥകള്‍.
വംശീയതയുടെ അടിസ്ഥാനത്തില്‍ പണിതെടുക്കപ്പെട്ട രാഷ്ട്രങ്ങളില്‍ പൗരത്വം ഒരു രാഷ്ട്രീയ ആയുധമായിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇത്. വംശീയതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഒരു രാജ്യമായി തുടരാന്‍ പറ്റില്ലെന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ട് രാഷ്ട്രങ്ങളാണെന്നും ആദ്യം പറഞ്ഞ വി ഡി സവര്‍ക്കാറാണ് പൗരത്വ ബില്ല് അവതരിപ്പിച്ച അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രത്യയശാസ്ത്ര വഴികാട്ടി എന്നത് ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.