ഇന്ത്യൻ പാർലമെന്റിലവതരിപ്പിച്ച പൗരത്വ ബിൽ മോദി സർക്കാരിന്റെ ഹിന്ദുരാഷ്ട്ര പദ്ധതിയുടെ അതിർത്തിവ്യാപന പരിപാടിയുടെ ഭാഗമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളൊഴികെയുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വം നൽകാമെന്ന് വ്യവസ്ഥ വെക്കുന്നതാണ് ഷാ അവതരിപ്പിച്ച ബില്ല്. അന്തർദ്ദേശീയ മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്നതാണ് ഈ പൗരത്വ ബിൽ എന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഇന്ത്യയുമായി പാകിസ്താൻ ഏർപ്പെട്ടിട്ടുള്ള കരാറുകളുടെ ലംഘനവും പുതിയ ബില്ലിലുണ്ടെന്ന് ഇമ്രാൻ പറഞ്ഞു.
ഈ പുതിയ നിയമനിർമാണം ആർഎസ്എസ്സിന്റെ അജണ്ടയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ ട്വിറ്ററിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ ഫാഷിസ്റ്റ് സർക്കാർ ഹിന്ദുരാഷ്ട്ര വ്യാപന പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്ന ഇന്ത്യയുടെ പൗരത്വ ബിൽ പാർലമെന്റിന്റെ രണ്ട് സഭകളിലും പാസ്സാവുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുഎസ് മതസ്വാതന്ത്ര്യ ഫെഡറൽ കമ്മീഷൻ രംഗത്തു വന്നിരുന്നു. ഈ ബില്ല് തെറ്റായ ദിശയിലേക്കാണ് നയിക്കുകയെന്ന് കമ്മീഷൻ പറഞ്ഞു. ബില്ലിൽ മതമാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി വെച്ചിരിക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ യുഎസ്സിലെ മതസ്വാതന്ത്ര്യ കമ്മീഷനെ ഇന്ത്യയുടെ കാര്യങ്ങളിൽ വ്യവഹാരാവകാശമില്ലെന്ന് നിലപാടെടുക്കുകയാണ് വിദേശകാര്യമന്ത്രാലയം ചെയ്തത്.
കഴിഞ്ഞദിവസമാണ് പൗരത്വ ബിൽ ലോക്സഭയിൽ പാസ്സായത്. 311 അംഗങ്ങൾ അനുകൂലിച്ചും 80 അംഗങ്ങൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. ഇനി രാജ്യസഭയിൽ പാസ്സാക്കാനായി മേശപ്പുറത്തു വെക്കും. രാജ്യത്തെ ഒരു മതത്തോടും തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ലോക്സഭയിൽ സംസാരിക്കവെ അമിത് ഷാ പറയുകയുണ്ടായി. അയൽരാജ്യങ്ങളിൽ ദുരിതജീവിതം നയിക്കുന്ന ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ബില്ല് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.